കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് റൂറല്‍ എസ്.പി.എ.വി ജോര്‍ജ്ജ്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപ് അറസ്റ്റിലാവുന്നത്. കേസില്‍ നടിമാരെ സാക്ഷികളാക്കില്ല. ദിലീപിന്റെ ജാമ്യാപേക്ഷയെ ഹൈക്കോടതിയില്‍ പോലീസ് എതിര്‍ക്കുമെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇനിയും അറസ്റ്റുണ്ടാവുമെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു. നേരത്തെ ദിലീപിന്റെ ആദ്യഭാര്യയും നടിയുമായ മഞ്ജുവാര്യറെ കേസില്‍ സാക്ഷിയാക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ നടിമാരെ സാക്ഷികളാക്കില്ലെന്ന് എസ്.പി വ്യക്തമാക്കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ നേരത്തെ ദിലീപിനെ 13മണിക്കൂര്‍ ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തിരുന്നു. പിന്നീട് വിട്ടയച്ചുവെങ്കിലും താരത്തെ അറസ്റ്റ് ചെയ്തിരുന്നില്ല. ദിവസങ്ങള്‍ക്കുശേഷമാണ് കേസില്‍ ദിലീപ് അറസ്റ്റിലാവുന്നത്. ദിലീപിനെതിരെ തെളിവുകള്‍ ലഭിച്ചതിനുശേഷമായിരുന്നു അറസ്റ്റ്. കേസില്‍ പോലീസ് അന്വേഷിക്കുന്ന ദിലീപിന്റെ മാനേജര്‍ ഇപ്പോള്‍ ഒളിവിലാണ്.