നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പതിനേഴുകാരി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍. തമിഴ്‌നാട് വില്ലുപുരം സ്വദേശിനിയായ പ്രതിഭയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

മെഡിക്കല്‍ യോഗ്യതാ പരീക്ഷയായ നീറ്റിനായി ഇതു രണ്ടാം തവണയാണ് പ്രതിഭ ശ്രമിച്ചത്. എന്നാല്‍ പരാജയപ്പെട്ടതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കര്‍ഷകനായ ഷണ്‍മുഖോത്തമിന്റെയും അമുതയുടെയും മകളായ പ്രതിഭക്ക് ജൂനിയര്‍ സ്‌കൂള്‍ എക്‌സാമില്‍ മികച്ച വിജയം ലഭിച്ചത്.

ഡോക്ടറാകാന്‍ പ്രതിഭ ഏറെ ആഗ്രഹിച്ചിരുന്നതായി പിതാവ് പറഞ്ഞു. പരീക്ഷാഫലം വന്നതു മുതല്‍ അസ്വസ്ഥയായിരുന്ന പ്രതിഭ വീട്ടിലുണ്ടായിരുന്ന എലിവിഷം കഴിക്കുകയായിരുന്നു. തുടര്‍ന്ന് തിരുനെല്‍വേലിക്കു സമീപത്തെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ വര്‍ഷം നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സമാനരീതിയില്‍ അരിയല്ലൂര്‍ സ്വദേശിയായ അനിത ആത്മഹത്യ ചെയ്തിരുന്നു. ബോര്‍ഡ് എക്‌സാമുകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിയായിരുന്നു അനിത.