കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ തുടര്‍ച്ചയായ രണ്ട് ചാവേര്‍ ആക്രമണങ്ങളില്‍ മാധ്യമപ്രവര്‍ത്തകനടക്കം 21 പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റു. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി ഫോട്ടോഗ്രാഫര്‍ ഷാ മറായിയാണ് കൊല്ലപ്പെട്ടത്. ആദ്യ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ രണ്ടാമത്തെ സ്‌ഫോടനത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. സമീപത്തുണ്ടായിരുന്ന മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

സ്വയം മാധ്യമപ്രവര്‍ത്തകനെന്ന് പരിചയപ്പെടുത്തിയ ചാവേര്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിലയുറപ്പിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരു ഏറ്റെടുത്തിട്ടില്ല. രണ്ടാഴ്ച മുമ്പ് വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു.