തിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ്‌കുമാറിന്റെ മകളുടെ മര്‍ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ പട്ടികജാതി–വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള കേസില്‍ കുടുക്കാന്‍ നീക്കം. ഡ്രൈവര്‍ അലക്ഷ്യമായി വാഹനം ഓടിച്ചെന്ന എ.ഡി.ജി.പിയുടെയും അപമര്യാദയായി പെരുമാറിയെന്ന മകളുടെയും പരാതികള്‍ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ തന്ത്രവുമായി എ.ഡി.ജി.പിയും മകളും രംഗത്തെത്തിയത്. ഇതിനിടെ ഗവാസ്‌കറെ മര്‍ദിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉത്തരേന്ത്യയിലെ പിന്നാക്ക ജാതിയില്‍പെട്ട വ്യക്തിയാണു താനെന്നു സുദേഷ്‌കുമാര്‍ ക്രൈംബ്രാഞ്ചിനോടു പറഞ്ഞിരുന്നു. പിന്നാലെ മകളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്താന്‍ വീട്ടില്‍ ചെന്നപ്പോഴാണു ഗവാസ്‌കര്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായി ആരോപണം ഉന്നയിച്ചത്. തനിക്ക് അര്‍ഥമറിയില്ലെന്ന മുഖവുരയോടെ അധിക്ഷേപിക്കാന്‍ ഉപയോഗിച്ചതായ മലയാളത്തിലെ ഒരു വാക്കും ഇവര്‍ പൊലീസിനോടു പറഞ്ഞു. മ്യൂസിയം പൊലീസും ജില്ലാ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പിയും മൊഴിയെടുത്തപ്പോഴോ അവര്‍ക്കു പരാതി നല്‍കിയപ്പോഴോ ഈ ആരോപണം ഉന്നയിച്ചിരുന്നില്ല. മാത്രമല്ല, കേസില്‍ കക്ഷിയല്ലാതിരുന്ന സുദേഷ്‌കുമാര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു നേരിട്ടു നല്‍കിയ പരാതി അദ്ദേഹം ക്രൈംബ്രാഞ്ചിനു കൈമാറിയതോടെയാണ് എ.ഡി.ജി.പിയുടെ മൊഴിയും ക്രൈംബ്രാഞ്ചിനു രേഖപ്പെടുത്തേണ്ടിവന്നത്. അന്വേഷണ സംഘത്തെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രമാണിതെന്നാണ് വിലയിരുത്തല്‍. പൊലീസ് ആസ്ഥാനത്തുള്ള ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ ആരോപണം പരാതിയില്‍ ഉന്നയിച്ചതെന്നാണു സൂചന. ഇതുവഴി ഗവാസ്‌കറെകൂടി സമ്മര്‍ദത്തിലാക്കി കേസ് ഒത്തുതീര്‍പ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
അതേസമയം ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ എ.ഡി.ജി.പിയുടെ മകളുടെ അറസ്റ്റ് വൈകിപ്പിക്കാന്‍ പൊലീസിന്റെ നീക്കങ്ങള്‍ തുടരുകയാണ്. അറസ്റ്റ് ചെയ്യാനുള്ള തെളിവുകളില്ലെന്നും അതിനാല്‍ നിയമോപദേശം തേടാനുമാണ് തീരുമാനം. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ ശേഷം മാത്രം അറസ്റ്റിനെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്നും ധാരണയുണ്ട്. അറസ്റ്റ് വൈകിപ്പിക്കലിന് പിന്നില്‍ ഉന്നതരുടെ ഇടപെടലെന്ന ആക്ഷേപവുമുണ്ട്. ഇതുവരെയുള്ള അന്വേഷണത്തില്‍ ഗവാസ്‌കറെ മര്‍ദിച്ചുവെന്നതിന് സാഹചര്യത്തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഗവാസ്‌കര്‍ അപമാനിച്ചൂവെന്ന എ.ഡി.ജി.പിയുടെ മകളുടെ പരാതിക്ക് തെളിവുമില്ല. പ്രഥമദൃഷ്ട്യാ കുറ്റക്കാരെ കണ്ടെത്താവുന്ന കേസായിട്ട് പോലും അറസ്റ്റിന് തെളിവില്ലെന്ന നിലപാടാണ് അന്വേഷണസംഘം ഇപ്പോഴും സ്വീകരിക്കുന്നത്. എ.ഡി.ജി.പിയുടെ മകള്‍ക്കെതിരെയുള്ളതില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന കുറ്റം മാത്രമാണ് ജാമ്യമില്ലാത്തത്.