ന്യൂഡല്‍ഹി: പതിന്നാലു വര്‍ഷത്തിനിടെ 500 പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ മുപ്പത്തിയെട്ടുകാരന്‍ സുനില്‍ റസ്‌തോഗി അറസ്റ്റില്‍. അഞ്ചു കുട്ടികളുടെ പിതാവായ സുനില്‍ തയ്യല്‍ക്കാരനാണ്. കഴിഞ്ഞ ഡിസംബറില്‍ ചെറിയ കുട്ടികള്‍ക്കെതിരായ മാനഭംഗ കേസുകളിലെ അന്വേഷണമാണ് റസ്‌തോഗിയെ പിടികൂടാന്‍ സഹായിച്ചത്.

ഡല്‍ഹിക്കകത്തും പുറത്തുമായി നടത്തിയ യാത്രകളിലാണ് ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നത്. സ്‌കൂള്‍ വിട്ടുവന്നിരുന്ന കുട്ടികളെ ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചിരുന്നത്. ഏഴിനും പത്തിനുമിടക്കുള്ള പ്രായമുള്ള കുട്ടികളെ ഇയാള്‍ പീഡനത്തിനിരയാക്കി. 2006-ല്‍ ആറുമാസത്തോളം ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ ജയിലിലടക്കപ്പെട്ടിട്ടുണ്ട് റസ്‌തോഗി. 2004-ല്‍ അയല്‍വാസിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് നാട്ടുകാര്‍ ഇയാളെ മര്‍ദ്ദിച്ചിരുന്നു.

മൂന്നുപെണ്‍കുട്ടികളും രണ്ടു ആണ്‍കുട്ടികളുമാണ് ഇയാള്‍ക്കുള്ളത്. ഇയാളുടെ പെണ്‍മക്കള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. കൗണ്‍സിലിംങ്ങടക്കം കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്.