തൃശൂര്‍: മോദിയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് എഴുത്തുകാരനായ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിക്ക് വധഭീഷണി. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് കൊല്ലുമെന്ന് പറഞ്ഞ് സ്വാമിക്ക് ഫോണ്‍വിളി വരുന്നത്. സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതിപ്പെടുമെന്ന് വിശ്വഭദ്രാനന്ദ പറഞ്ഞു.

പേര് വെളിപ്പെടുത്തി സംസാരിച്ച ഫോണ്‍വിളിയില്‍ കുടുംബത്തെ മുഴുവനായി തെറി വിളിക്കുകയായിരുന്നു. ആലുവയില്‍ നിന്നാണ് വിളിക്കുന്നതെന്ന് വ്യക്തമാക്കിയ ആള്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

കോഴിക്കോട് നടന്ന ഒരു പരിപാടിയിലാണ് സ്വാമി മോദിയെ വിമര്‍ശിച്ചും പരിഹസിച്ചും സംസാരിച്ചത്. ഗുജറാത്തില്‍ നിന്നുള്ള തലക്ക് വെളിവില്ലാത്തവനാണ് രാജ്യത്തെ പ്രധാനമന്ത്രിയെന്നാണ് സ്വാമി പറഞ്ഞത്. അദ്ദേഹത്തിന്റെ പേര് പറഞ്ഞാല്‍ നാക്ക് മലിനമാകും. ഗുജറാത്തില്‍ നിന്നുള്ള മറ്റൊരു ആളായ ഗാന്ധിജി പ്രതിനിധീകരിക്കുന്ന ഹിന്ദുവാണ് താനെന്നും സ്വാമി വിശ്വഭദ്രാനന്ദ പരിപാടിയില്‍ വിമര്‍ശിച്ചു.