ഡല്‍ഹി: രാജ്യത്ത് കര്‍ഷകപ്രക്ഷോഭം അതിശക്തമായി കൊടുംപിരി കൊള്ളുകയാണ്. അതിനിടെ വ്യത്യസ്തമായ ഒരു നിരോധന ക്യാമ്പയിനാണ് സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത്. സംഘപരിവാര്‍ സുഹൃത്തുമായി നടന്ന സംഭാഷണം എന്ന തരത്തില്‍ നിമോ തായ് 2.0 എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവെച്ച കുറിപ്പും അതിന് സ്വിഗ്ഗി നല്‍കിയ മറുപടിയുമാണ് സംഘപരിവാര്‍ അനുയായികളെ പ്രകോപിപ്പിച്ചത്. ഈ പ്രതികരണത്തോടെ സ്വിഗ്ഗിക്കെതിരെ ബഹിഷ്‌ക്കരണ ആഹ്വാനം ഉയര്‍ത്തിയിരിക്കുകയാണ് ഒരു സംഘം സംഘപരിവാര്‍ അനുയായികള്‍.

‘സംഘഭക്തനായ ഒരു സുഹൃത്തുമായി രാജ്യത്തെ കര്‍ഷക സമരത്തെ സംബന്ധിച്ച് ഒരു വാദപ്രതിവാദം നടന്നു. അവന്‍ പറഞ്ഞു നമ്മള്‍ ഭക്ഷണത്തിനായി കര്‍ഷകരെയല്ല ആശ്രയിക്കുന്നത്. നമുക്ക് ഭക്ഷണത്തിനായി എപ്പോഴും സ്വിഗ്ഗിയുണ്ടല്ലോയെന്ന്. അദ്ദേഹം ശരിക്കും വിജയിച്ചു’പരിഹാസം കലര്‍ത്തിയ ഈ കുറിപ്പിന് സ്വിഗ്ഗി നല്‍കിയ പ്രതികരണമാണ് സംഘപരിവാര്‍ പ്രവര്‍ത്തകരിലും അനുയായികളിലും രോഷം നിറച്ചത്.

‘സോറി, ബുദ്ധി(വിദ്യാഭ്യാസം) റീഫണ്ട് ചെയ്യാന്‍ സാധിക്കില്ല’; എന്നാണ് സ്വിഗ്ഗി കുറിപ്പിന് താഴെ കുറിച്ചത്.

ഈ പ്രതികരണത്തില്‍ പ്രകോപിതരായ ഒരു കൂട്ടം സംഘപരിവാര്‍ അനുയായികള്‍ തൊട്ടുടനെ തന്നെ സ്വിഗ്ഗിക്കെതിരെ ബഹിഷ്‌ക്കരണ ക്യാംപെയിനുമായി രംഗത്തുവന്നു. തങ്ങളുടെ ഫോണുകളില്‍ നിന്നും സ്വിഗ്ഗി അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയാണെന്നും ഇനി മുതല്‍ കടയില്‍ പോയി തങ്ങള്‍ ഭക്ഷണം വാങ്ങി കഴിച്ചു കൊള്ളാം എന്നുമാണ് നിരവധി പേര്‍ ട്വിറ്ററില്‍ പ്രതികരണവുമായി രംഗത്തുവന്നത്. ഇനിമുതല്‍ സ്വിഗ്ഗി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യില്ലെന്നും മെമ്പര്‍ഷിപ്പില്‍ നിന്നും ഒഴിയുകയാണെന്നും കാണിച്ചും നിരവധി പേര്‍ ട്വീറ്റ് ചെയ്തു.

അതേസമയം, കര്‍ഷക സംഘടനാ നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും. കാര്‍ഷികനിയമങ്ങളിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതിയെ വയ്ക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കര്‍ഷകര്‍ തള്ളി. യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ല എന്ന രീതിയിലായിരുന്നു കര്‍ഷകരുടെ ശരീരഭാഷ പോലും. കര്‍ഷകരെകൂടി ഉള്‍പെടുത്തി സമിതിയെ വയ്ക്കാമെന്നായിരുന്നു കേന്ദ്രനിര്‍ദേശം യോഗത്തില്‍ ചായ കുടിക്കാന്‍ പോലും കൂട്ടാക്കിയില്ല.

വിജ്ഞാന്‍ ഭവനില്‍ നടന്ന ചര്‍ച്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി കര്‍ഷക സംഘടനകളിലെ വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് പാനല്‍ രൂപീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശവും കര്‍ഷകര്‍ തളളി.

കാര്‍ഷിക നിയമങ്ങളോടുളള അതൃപ്തി വ്യക്തമാക്കിയ കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ തങ്ങളുടെ കൃഷിനിലത്തെ കോര്‍പറേറ്റുകള്‍ ഏറ്റെടുക്കുന്നത് സുഗമമാക്കുന്നതാണെന്നും പറഞ്ഞു. പാനല്‍ രൂപീകരിക്കാനുളള അനുയോജ്യമായ സമയം ഇതല്ലെന്നും അവര്‍ വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ തങ്ങളുടെ പ്രക്ഷോഭം തുടരുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട കര്‍ഷക പ്രതിനിധി സംഘത്തിലെ അംഗമായ ചന്ദ സിങ് പറഞ്ഞു.

”ഞങ്ങളുടെ പ്രതിഷേധം തുടരും. ഞങ്ങള്‍ സര്‍ക്കാരില്‍ എന്തെങ്കിലും വാങ്ങിക്കൊണ്ടുമാത്രമേ മടങ്ങൂ, അത് വെടിയുണ്ടയോ, സമാധനപരമായ പരിഹാരമോ ആകട്ടേ. അവരുടമായി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ വീണ്ടും വരും.” അതേസമയം കര്‍ഷകരോട് സമരം അവസാനിപ്പിച്ച് കേന്ദ്രവുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് തങ്ങള്‍ അഭ്യര്‍ഥിക്കുകയാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞത്. എന്നാല്‍ ഈ തീരുമാനം കര്‍ഷക യൂണിയനെയും കര്‍ഷകരെയും ആശ്രയിച്ചാണ് നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്നുമണിയോടെയാണ് വിജ്ഞാന്‍ ഭവനില്‍ കര്‍ഷകസംഘടനയിലെ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ 32 കര്‍ഷക സംഘനടകളെ ക്ഷണിച്ചിരുന്നു.