താനൂര്‍: സി മമ്മൂട്ടി എംഎല്‍എയെ അധിക്ഷേപിച്ച് താനൂര്‍ എംഎല്‍എ അബ്ദുറഹിമാന്‍. കഴിഞ്ഞ ദിവസം മലയാള സര്‍വ്വകലാശാല വിവാദത്തില്‍ സി മമ്മൂട്ടി താനൂര്‍ എംഎല്‍എ‌ക്കെതിരെ നടത്തിയ ആരോപണങ്ങളാണ് എംഎല്‍എയെ ചൊടിപ്പിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം അധിക്ഷേപിക്കുന്ന പരാമര്‍ശമാണ് താനൂര്‍ എംഎല്‍എ നടത്തിയത്.

ആദിവാസികളുടെ ഇടയില്‍ നിന്ന് വന്നവര്‍ ഞങ്ങളെ പഠിപ്പിക്കാന്‍ വരേണ്ടെന്നും ഞങ്ങള്‍ ആദിവാസി ഗോത്രവര്‍ഗ്ഗക്കാര്‍ അല്ലെന്നും, ആദിവാസി ഗോത്രവര്‍ഗ്ഗക്കാര്‍ ആദിവാസികളെ പഠിപ്പിച്ചാല്‍ മതിയെന്നും ഞങ്ങളെ പഠിക്കാന്‍ നോക്കേണ്ട എന്നുമായിരുന്നു താനൂര്‍ എംഎല്‍എയുടെ പരാമര്‍ശം.

എന്നാല്‍ ഒരു സമൂഹത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്ന പരാമര്‍ശമാണ് അബ്ദുറഹിമാന്‍ നടത്തിയതെന്നും ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സി മമ്മൂട്ടി എംഎല്‍എ പറഞ്ഞു. വി അബ്ദുറഹിമാന്റെ പരാമര്‍ശത്തിനെതിരെ നിരവധി ആദിവാസി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.