ഹൈദരാബാദ്: ജില്ലാ കളക്ടറായ വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ കേസില്‍ തെലുങ്കാന എം.എല്‍.എ ബി. ശങ്കര്‍ നായിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. കളക്ടര്‍ പ്രീതി മീണയോട് എം.എല്‍.എ മോശമായി പെരുമാറിയതിനും കൈയില്‍ കയറിപിടിച്ചതിനേയും തുടര്‍ന്നാണ് അറസ്റ്റ്. മെഹബൂബാബാദില്‍ ബുധനാഴ്ച നടന്ന മരം നടീല്‍ പരിപാടിക്കിടെയായിരുന്നു സംഭവം.
സ്ത്രീകളോട് മോശമായി പെരുമാറുക, സ്ത്രീത്വത്തെ അപമാനിക്കുക, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. എന്നാല്‍ കേസില്‍ അറ്‌സറ്റ് രേഖപ്പെടുത്തിയുടനെ എം.എല്‍എയെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു.
കളക്ടര്‍ സംഘടനകളുടെ പരാതിയെത്തുടര്‍ന്ന് ശങ്കര്‍ നായിക്ക് എം.എല്‍.എയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടരന്വേഷണം നടക്കുകയാണെന്നും തെളിവ് ശേഖരിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങളും ചടങ്ങിന്റെ മറ്റ് വീഡിയോകളും ശേഖരിക്കുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം എം.എല്‍.എയുടെ മോശം പെരുമാറ്റത്തെ തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു വിമര്‍ശിച്ചു. കളക്ടറോട് നേരിട്ട് മാപ്പ് പറയണമെന്നും അദ്ദേഹം പെരുമാറ്റത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുമെന്നും മുഖ്യമന്ത്രി താക്കീത് നല്‍കി.
സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഉയര്‍ന്ന സ്ത്രീ ഉദ്യേഗസ്ഥരുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരായ വനിതകളുടെ നിലയെന്താവുമെന്നും പ്രതിഷേധക്കാര്‍ ചേദിക്കുന്നു. തെലുങ്കാന ടി.വി ചാനലുകള്‍ സംഭവ ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്തിരുന്നു.
Be the first to write a comment.