റിയാദ്: സഊദി അറേബ്യയില്‍ അറസ്റ്റിലുള്ള ഇന്ത്യന്‍ ഭീകരരുടെ എണ്ണം 19 ആയി ഉയര്‍ന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് സംശയിച്ച് മൂന്ന് മാസത്തിനിടെ ആറ് ഇന്ത്യക്കാരെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഡിസംബര്‍ 25 ന് ആണ് ഒരു ഇന്ത്യന്‍ ഭീകരന്‍ സഊദിയില്‍ അറസ്റ്റിലായത്. നവംബര്‍ 25, നവംബര്‍ 23, നവംബര്‍ 20, നവംബര്‍ 1, ഒക്‌ടോബര്‍ 25 എന്നീ തീയതികളില്‍ ഓരോ ഇന്ത്യന്‍ ഭീകരര്‍ അറസ്റ്റിലായി. രണ്ട് ഇന്ത്യന്‍ ഭീകരരുടെ കേസുകള്‍ അന്വേഷണം പൂര്‍ത്തിയാക്കി നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. അവശേഷിക്കുന്നവരുടെ കേസുകള്‍ അന്വേഷണ ഘട്ടത്തിലാണ്. സമീപ കാലത്ത് ഏതാനും ഇന്ത്യന്‍ ഭീകരരെ സഊദി അറേബ്യ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറിയിരുന്നു.
നാല് മാസത്തിനിടെ 13 രാജ്യങ്ങളില്‍ നിന്നുള്ള 289 ഭീകരര്‍ സുരക്ഷാ വകുപ്പുകളുടെ പിടിയിലായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ 185 പേര്‍ സ്വദേശികളാണ്. 47 യമനികള്‍, 14 സിറിയക്കാര്‍, 12 പാക്കിസ്ഥാനികള്‍, 12 ഈജിപ്തുകാര്‍, ആറ് ഇന്ത്യക്കാര്‍, നാല് റഷ്യക്കാര്‍, രണ്ട് സുഡാനികള്‍ എന്നിവരും അമേരിക്ക, ബഹ്‌റൈന്‍, എതോപ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരും ഒരു കുടിയേറ്റ ഗോത്രക്കാരനും ഭീകരവാദ, തീവ്രവാദ കേസുകളില്‍ നാല് മാസത്തിനിടെ അറസ്റ്റിലായിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സഊദിയില്‍ 5,310 ഭീകരരാണ് അറസ്റ്റിലുള്ളത്. ഇക്കൂട്ടത്തില്‍ കേസില്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷിക്കപ്പെട്ടവരും കേസുകള്‍ അന്വേഷണ, വിചാരണ ഘട്ടങ്ങളിലുള്ളവരുമുണ്ട്. ഇക്കൂട്ടത്തില്‍ 83 ശതമാനവും സ്വദേശികളാണ്. 4,424 സ്വദേശി ഭീകരരാണ് അറസ്റ്റിലുള്ളത്. 317 യമനികളും 213 സിറിയക്കാരും 63 ഈജിപ്തുകാരും 91 പാക്കിസ്ഥാനികളും 17 ജോര്‍ദാനികളും ആറ് അഫ്ഗാനികളും 11 ബഹ്‌റൈനികളും 23 സുഡാനികളും 18 ഫലസ്തീനികളും മൂന്ന് ഫിലിപ്പിനോകളും മൂന്ന് ഇറാഖികളും ഒമ്പത് ഇറാനികളും മൂന്ന് ബംഗ്ലാദേശുകാരും നാല് തുര്‍ക്കികളും 16 ഛാഢുകാരും നാല് നൈജീരിയക്കാരും രണ്ട് കുവൈത്തികളും രണ്ട് മൊറോക്കൊക്കാരും ജയിലുകളില്‍ കഴിയുന്ന ഭീകരരുടെ കൂട്ടത്തിലുണ്ട്. മറ്റേതാനും രാജ്യങ്ങളില്‍ നിന്നുള്ളവരെയും ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്ത് ജയിലുകളില്‍ അടച്ചിട്ടുണ്ട്.