Connect with us

Video Stories

തല്ലുകൊള്ളി സര്‍ക്കാര്‍

Published

on

കെ.പി ജലീല്‍

സ്‌റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്നവരോട് തട്ടിക്കയറുന്ന മദ്യപാനിയായ കഥാപാത്രം വരുന്നവരുടെയെല്ലാം മേക്കിട്ടുകയറി തല്ല് ഇരന്നുവാങ്ങുന്ന കോമഡി രംഗം മലയാളിക്ക് സുപരിചിതമാണ്. അതുപോലൊരു തല്ലുകൊള്ളിയാണ് കേരളസര്‍ക്കാര്‍ എന്ന ബസ് സ്‌റ്റോപ്പില്‍ ഇപ്പോള്‍ നില്‍ക്കുന്നത്. പതിനൊന്നുമാസത്തിനുള്ളില്‍ വിവിധ കേസുകളില്‍ വിജിലന്‍സ് കോടതികളില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും പല തവണയായി കടുത്ത തിരിച്ചടികളേറ്റുവാങ്ങിയ ഇടതുമുന്നണി സര്‍ക്കാരിന് കിട്ടിയ വീണ്ടുമൊരു കരണത്തടിയാണ് ഇന്നലെ സുപ്രീംകോടതിയില്‍ നിന്നുകിട്ടിയ ടി.പി. സെന്‍കുമാര്‍ കേസിലെ വിധി. സെന്‍കുമാറിനെ സ്ഥാനം മാറ്റിയ 2016 ജൂണ്‍ ഒന്നിലെ വിധി റദ്ദാക്കുകയും പകരം സംസ്ഥാന പൊലീസ്‌മേധാവി പദവി തിരിച്ചുനല്‍കുകയും വേണമെന്ന് നിര്‍ദേശിച്ചിട്ടും അത് നടപ്പാക്കാതെ ഉരുണ്ടുകളിക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. എന്തുകൊണ്ട് കോടതിവിധി നടപ്പാക്കുന്നില്ല എന്ന ചോദ്യങ്ങള്‍ക്ക് വിധി അംഗീകരിക്കുന്നു എന്ന് ആണയിട്ടിട്ടും അത് നടപ്പാക്കാന്‍ സര്‍ക്കാരിന് മനസ്സില്ലെന്നതിന്റെ സൂചനയായിരുന്നു കഴിഞ്ഞ പത്തുദിവസമായി ജനങ്ങള്‍ കണ്ട പൊറാട്ടുനാടകമെല്ലാം.
രാഷ്ട്രീയതാല്‍പര്യത്തിന്റെ പേരിലാകാം സെന്‍കുമാറിന്റെ സ്ഥലം മാറ്റമെന്ന് സുപ്രീംകോടതി പറയുന്നിടത്തേക്ക് എത്തിച്ച സര്‍ക്കാരിന്റെ നടപടി ജനവിധി അനുകൂലമാണെന്ന് പറഞ്ഞാണ് മുഖ്യഭരണക്കാര്‍ ന്യായീകരിച്ചിരുന്നത്. എന്നാല്‍ വിധി നടപ്പാക്കാന്‍ ഇനിയും കാലതാമസം നേരിട്ടാല്‍ കടുത്തശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്നാണ് എന്തുചെയ്യണമെന്നറിയാമെന്ന സുപ്രീംകോടതി വിധിയിലൂടെ വ്യക്തമാകുന്നത്. സുപ്രീംകോടതിയില്‍ വിധിയിലെ വ്യക്തത തേടി ചെന്ന സര്‍ക്കാരിനോട് കോടതിച്ചെലവായ ഇരുപത്തയ്യായിരം രൂപ കെട്ടിവെക്കാനാവശ്യപ്പെട്ടിരിക്കുകയാണ് കോടതി. വാസ്തവത്തില്‍ സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനുള്ള വിലയാണ് ഈ ഇരുപത്തയ്യായിരം രൂപ. ഈ തുകയും കോടതിച്ചെലവിനും സര്‍ക്കാര്‍ അഭിഭാഷകര്‍ക്കുമായി ചെലവഴിച്ച തുകയും ചേര്‍ത്ത ലക്ഷങ്ങള്‍ എടുത്തുകൊടുക്കുന്നത് സര്‍ക്കാരിലെ ആരുടെയെങ്കിലും കീശയില്‍ നിന്നല്ല. അത് നാമെല്ലാവരും ചേര്‍ന്ന് നല്‍കിയ നികുതിപ്പണത്തില്‍നിന്നാണ്. സ്വാഭാവികമായും സര്‍ക്കാരുകള്‍ക്ക് കോടതികളെ സമീപിക്കാന്‍ ജനങ്ങളുടെ ട്രഷറിയിലെ നികുതിപ്പണം എടുത്തുപയോഗിക്കുകയേ നിവൃത്തിയുള്ളൂ എന്നാണ് വാദമെങ്കില്‍ അവയെല്ലാം ജനങ്ങള്‍ക്ക് നീതി നടപ്പാക്കുന്നതിന് വേണ്ടിയാകണം. അങ്ങനെയാണ് ഭരണത്തിലെ പാരമ്പര്യവും. തൃശൂര്‍ നെഹ്്‌റു എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ഥി ജിഷ്ണുപ്രണോയ് കൊല്ലപ്പെട്ടുവെന്ന് സംശയിക്കപ്പെടുന്ന കേസില്‍ കോളജ് അധികൃതര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വരെ പോയത് ഇതേ നികുതിപ്പണം കൊണ്ടായിരുന്നു. അതില്‍ ആര്‍ക്കും രണ്ടഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നുമില്ല. എന്നാല്‍ സെന്‍കുമാര്‍ കേസില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ആദ്യം മുതല്‍തന്നെ ഇടുങ്ങിയ കക്ഷി-വ്യക്തിതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നടപടികളാണ് സ്വീകരിച്ചതെന്ന് വിശ്വസിക്കുന്നവരാണ് അധികവും.
കണ്ണൂരിലെ കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്തത് സെന്‍കുമാര്‍ പൊലീസ് മേധാവിയായിരിക്കെയാണ്. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍, സി.പി.എം വിട്ട് ആര്‍.എം.പി രൂപീകരിച്ച ടി.പി ചന്ദ്രശേഖരന്‍ തുടങ്ങിയവരുടെ വധക്കേസുകളിലടക്കം പലകേസുകളിലും സി.പി.എം നേതാവിന്റെ പങ്ക് ജനത്തിന് ബോധ്യമുള്ളതാണ്. ഈ നേതാവിന്റെ അറസ്റ്റ് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്‌നമാണെന്നത് പകല്‍പോലെ വ്യക്തവും. ഇതാണ് സെന്‍കുമാറിനെതിരായ നീക്കത്തിന് സി.പി.എം എന്ന പാര്‍ട്ടിയെ പ്രേരിപ്പിച്ചത് . അന്നുമുതലാണ് സെന്‍കുമാറിനെ നോട്ടമിട്ടുള്ള സി.പി.എമ്മിന്റെ നീക്കങ്ങള്‍.
സി.പി.എം നേതാവായിരുന്ന മുഖ്യമന്ത്രി ഇ.കെ നായനാരുടെ വിശ്വസ്തനായിരുന്നു ഈ സെന്‍കുമാര്‍ എന്നത് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ വിരോധികള്‍ മനസ്സിലാക്കിയില്ല .അല്ലെങ്കില്‍ അവര്‍ക്ക് പാര്‍ട്ടിയുടെ പഴയ ആദര്‍ശങ്ങളോടൊന്നും വിശ്വാസമില്ലാതെയാകാം. ഐ.എസ്.ആര്‍.ഒ ചാരവൃത്തിക്കേസിന്റെ പുനരന്വേഷണം നായനാര്‍ നേരിട്ടേല്‍പിച്ചത് ഇതേ സെന്‍കുമാറിനെയായിരുന്നു. കേരളത്തിലെ റോഡപകടങ്ങളെപ്പറ്റി വിശദമായി പഠിച്ച ഉദ്യോഗസ്ഥന്‍ കൂടിയാണ് ഇദ്ദേഹം. പൊലീസ് മേധാവിയായിരിക്കെ സ്വന്തം ഫെയ്‌സ്ബുക്ക് പേജ് വഴി സാധാരണക്കാരായ ആളുകളുമായി സംവേദനം നടത്താന്‍ ഇദ്ദേഹം സന്നദ്ധനായിരുന്നു. കോട്ടയത്തുനിന്ന് ഒരു വീട്ടമ്മ ജില്ലാ പൊലീസ് മേധാവിയുടെ ഫോണ്‍ നമ്പരാവശ്യപ്പെട്ട് വിളിച്ചതുപോലുള്ള സംഭവങ്ങള്‍ സെന്‍കുമാര്‍ സ്മരിക്കാറുണ്ട്. ജനങ്ങളുടെ മനസ്സറിഞ്ഞും അവര്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുന്നയാളാണ് ഇദ്ദേഹമെന്നതിന് തെളിവാണ് തിരുവനന്തപുരത്ത് ഒരു ലാത്തിച്ചാര്‍ജിനിടെ അകാരണമായി യുവാവിനെ മര്‍ദിക്കുന്ന ഇപ്പോഴത്തെ ഐ.ജി മനോജ് എബ്രഹാമിനെ ശാരീരികമായി തടഞ്ഞ സെന്‍കുമാറിന്റെ നടപടി. ജനമൈത്രി പൊലീസിനെപ്പറ്റി ഏറെ മുന്നോട്ടുപോയ സര്‍ക്കാരായിരുന്നു 2006ലെ വി.എസ് സര്‍ക്കാര്‍. അതിലെ ആഭ്യന്തരമന്ത്രിയായിരുന്ന ഇപ്പോഴത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പോലും സെന്‍കുമാറിനെ ഇകഴ്ത്തി സംസാരിച്ചിരുന്നില്ല. സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഇപ്പോഴത്തെ വിധിയിലൂടെ ഉണ്ടാകുക . അവരുടെ ആത്മവീര്യം ഉണര്‍ത്തുന്നതാണ് സുപ്രീംകോടതിയുടെ ഏപ്രില്‍ 24ലെയും മെയ് അഞ്ചിലെയും കോടതി വിധികള്‍.
കഴിഞ്ഞവര്‍ഷം നവംബറില്‍ നിലമ്പൂര്‍ വനത്തിനുള്ളില്‍ രണ്ട് മാവോയിസ്റ്റുകള്‍ കേരള പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടപ്പോള്‍ ആദ്യമൊക്കെ മൗനം പാലിച്ച മുഖ്യമന്ത്രി പൊലീസിന്റെ ആത്മവീര്യം തകരുമെന്നതിനാലാണ് അതിനെ തള്ളിപ്പറയാത്തതെന്നാണ് പറഞ്ഞത്. തങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ ഈ ‘ആത്മവീര്യ സിദ്ധാന്തം’ എന്തുകൊണ്ടാണ് പിണറായി വിജയന് ഇല്ലാതെ പോകുന്നത്. അപ്പോള്‍ ഇത് തികഞ്ഞ രാഷ്ട്രീയ-വ്യക്തിവിരോധമാണെന്ന് തിരിച്ചറിയാന്‍ പ്രയാസമില്ലാതാകുന്നു. സെന്‍കുമാറിന്റെ കേസില്‍ തിരിച്ചടി പ്രതീക്ഷിച്ചതായും ചില സൂചനകള്‍ സര്‍ക്കാരിന്റെ നീക്കങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ട്. കഴിഞ്ഞ രണ്ടുദിവസമായി ഉന്നതപൊലീസ് തലപ്പത്ത് നടത്തിക്കൊണ്ടിരിക്കുന്ന സ്ഥലം മാറ്റമാണ് അതിലൊന്ന്. ഇന്നലെ തന്നെയാണ് നൂറ് ഡി.വൈ.എസ്.പിമാരെ ഒറ്റയടിക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നത്. സെന്‍കുമാറിന്റെ ചിറകരിയുക എന്നതാണ് സര്‍ക്കാര്‍ ഇതുകൊണ്ടുദ്ദേശിക്കുന്നതെന്ന് വ്യക്തം. ചുമതലയേറ്റ് കഷ്ടി 55 ദിവസമേ അദ്ദേഹത്തിന് ഇനിയുള്ളൂ എന്നത് ചെറിയകാലയളവാണെങ്കിലും വന്‍വീഴ്ചകളുടെ കറയേറ്റ് മങ്ങിയിരിക്കുന്ന കേരള പൊലീസിന്റെ മുഖം തേജസ്സുറ്റതാക്കി തിരിച്ചുകൊണ്ടുവരാന്‍ അദ്ദേഹത്തിന് ഈ കാലപരിധി ധാരാളം. പക്ഷേ അതിന് ഈ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അനുവദിക്കുമോ എന്ന്് ജനം സംശയിച്ചാല്‍ തെറ്റില്ല.
സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ട പിണറായി വിജയന്‍ തന്റെ കടുകിട തെറ്റാത്ത നിശ്ചയദാര്‍ഢ്യത്താലാണ് ശ്രദ്ധേയനാകുന്നത്. പാര്‍്ട്ടിക്കകത്ത് അത്തരമൊരു മനോഭാവം ഒരു നേതാവിന് ഭൂഷണമായിരിക്കാമെങ്കിലും ഭരണതലത്തില്‍ കോടതിയുടെ മേല്‍നോട്ടം എല്ലാത്തിലുമുണ്ടെന്നത് പിണറായി വിജയനെന്ന മുഖ്യമന്ത്രി ഓര്‍ക്കാതെ പോയി. വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്കകത്ത് പ്രബലവിഭാഗം നടത്തിയ എതിര്‍നീക്കങ്ങളെയെല്ലാം തരിപ്പണമാക്കിയ നേതാവാണ് മിന്നല്‍പിണറായി എന്നുവിശേഷിപ്പിക്കപ്പെട്ട വിജയനെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുത്ത കണ്ണൂരിലെ പിണറായി പാറപ്പുറത്ത് മുളച്ച വിത്തല്ല കേരളത്തിന്റെ ജനാധിപത്യസര്‍ക്കാരില്‍ വേവുക എന്ന് തിരിച്ചറിയാന്‍ തയ്യാറാകുന്നില്ല. ഇതാണ് സര്‍ക്കാരിലെയും പാര്‍ട്ടിയിലെയും അദ്ദേഹത്തിന്റെ ഉപദേശകരെങ്കിലും മനസ്സിലാക്കേണ്ടത്.
അധികാരം ദുഷിപ്പിക്കും. അമിതാധികാരം അമിതമായി ദുഷിപ്പിക്കും എന്നതിന് ലോകചരിത്രത്തില്‍ ജോസഫ് സ്റ്റാലിന്‍ മുതല്‍ പോള്‍പോട്ട് വരെയുള്ളവരുടെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തന്നെ നിരവധി ഉദാഹരണങ്ങളായുണ്ട്. എന്നാല്‍ അതായിരിക്കരുത് പാര്‍ലമെന്റി ജനാധിപത്യം പാര്‍ട്ടി ഭരണഘടനയിലൂടെ അംഗീകരിച്ച മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഭാവിയില്‍ സംഭവിക്കുന്നത്. നാഴികക്ക് നാല്‍പതുവട്ടം പടിഞ്ഞാറിനെ നോക്കി കുറ്റം പറയുന്നവര്‍ പടിഞ്ഞാറന്‍ ബംഗാളിന്റെ പാഠമെങ്കിലും ജനങ്ങളുടെ മുന്നില്‍ നിന്ന് മറച്ചുപിടിക്കാന്‍ ശ്രമിക്കരുത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കി; ചുമക്കുള്ള മരുന്നിന് പകരം കൊടുത്തത് വേദനക്ക് പുരട്ടുന്ന മരുന്ന്

കുട്ടി അപകടനില തരണം ചെയ്തു

Published

on

വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ കിടത്തി ചികത്സയിലുളള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചുമക്കുള്ള മരുന്നിന് പകരം വേദനക്ക് പുരട്ടുന്ന മരുന്നാണ് നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന താല്‍ക്കാലിക നഴ്‌സാണ് മരുന്ന് മാറിനല്‍കിയതെന്നാണ് വിവരം. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നഴ്‌സിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍.

കാപ്പില്‍ സ്വദേശിയായ കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് താലൂക്കാശുപത്രി മെഡിക്കല്‍ ഓഫിസര്‍.

Continue Reading

Health

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു

ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു

Published

on

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു. ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്.

പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്. പനി മാറിയാലും ശ്വാസംമുട്ടലും വലിവും പലരിലും നീണ്ടുനില്‍ക്കുകയും ചെയ്യുന്നു.
കുട്ടികളിലും പനിയും കുറുകലും വ്യാപകമാണ്.

വിവിധതരം ഇന്‍ഫ്‌ലുവന്‍സ വൈറസ്, റെസ്പിരേറ്ററി സിന്‍സീഷ്യല്‍ വൈറസ് എന്നിവ യാണ് കാരണം. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയെല്ലാം കൂട്ടിനുണ്ട്.വൈറസ്ബാധ ശ്വാസനാളികളുടെ നീര്‍ക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു.
വൈറസ്ബാധയെത്തുടര്‍ന്ന് ആസ്ത്മ സമാന ലക്ഷണങ്ങളുമായും ആസ്ത്മ വഷളായും ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ചുമയും കുറുകലും ശ്വാസംമുട്ടും മാറാന്‍ കാലതാമസം വരുന്നുമുണ്ട്.

Continue Reading

kerala

യു.ഡി.എഫ് കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കം

സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും.

Published

on

യുഡിഎഫിന്റെ കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവ കേരള സദസ്സിന് ബദലായാണ് പ്രതിപക്ഷത്തിന്റെ കുറ്റവിചാരണ സദസ്സ്.

സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും നേമത്ത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ഉദ്ഘാടനം ചെയ്യും. താനൂരില്‍ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുക.

ആദ്യദിവസം 12 നിയോജകമണ്ഡലങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. ജനപ്രതിനിധികളും സംസ്ഥാന നേതാക്കളും വിചാരണ സദസ്സില്‍ പങ്കെടുക്കും.

 

 

 

Continue Reading

Trending