X

നിയമസഭാ സമ്മേളത്തിന് നാളെ തുടക്കം; സര്‍ക്കാര്‍ മറുപടി പറയേണ്ട വിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

തിരുവനന്തപുരം: സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് നാളെ തുടക്കം. വിലക്കയറ്റവും സപ്ലൈകോയുടെ ശോച്യാവസ്ഥയും സര്‍ക്കാരിന്റെ ധൂര്‍ത്തും അടക്കമുള്ള വിഷയങ്ങള്‍ സമ്മേളന കാലയളവില്‍ പ്രതിപക്ഷം ശക്തമായി ഉന്നയിക്കും.

സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉയര്‍ത്തിവിട്ട മിത്ത് വിവാദമാണ് സഭയെ പ്രശുദ്ധമാക്കാനുള്ള സാധ്യതകളിലൊന്ന്. ജനം നേരിടുന്ന അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയും അപ്രസക്തമായ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് ചര്‍ച്ചകള്‍ വഴി മാറ്റുകയും ചെയ്യുന്ന സി.പി.എം നിലപാടിന് ചോദ്യം ചെയ്യാനുറച്ചാണ് പ്രതിപക്ഷം സഭയില്‍ എത്തുക. മിത്ത് വിവാദത്തില്‍ സ്പീക്കര്‍ സഭയില്‍ വിശദീകരണം നല്‍കണമെന്നും വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നുമുള്ള ആവശ്യം ഇതിനകം തന്നെ പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ട്. ഇതിനോട് സ്പീക്കറുടെയും മുഖ്യമന്ത്രി അടക്കമുള്ളവരുടെയും പ്രതികരണത്തെ ആശ്രയിച്ചിരിക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ സമ്മേളനത്തിന്റെ ഗതി നിര്‍ണയിക്കുക.

മോന്‍സണ്‍ മാവുങ്കല്‍ കേസ്, മുട്ടില്‍ മരം മുറി, വിവിധ വിഷയങ്ങളിലെ പൊലീസ് അനാസ്ഥ, എസ്എഫ്‌ഐയുമായി ബന്ധപ്പെട്ട സര്‍വകലാശാലകളിലെ വ്യാജ ബിരുദവും ആള്‍മാറാട്ടവും, മുതലപ്പൊഴിയിലെ ദുരന്തങ്ങള്‍ തുടങ്ങിയവ ട്രഷറി ബെഞ്ചിന് തലവേദന സൃഷ്ടിക്കും. ഒരു ഇടവേളക്കുശേഷം ഉയര്‍ന്നുവന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകളും പ്രതിപക്ഷം സഭയില്‍ ചോദ്യംചെയ്യും.

ആദ്യ ദിനമായ നാളെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുശോചനം അര്‍പ്പിച്ച് സഭ പിരിയും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ ഓര്‍ഡിനന്‍സുകള്‍ ബില്ലാക്കി നിയമനിര്‍മ്മാണം നടത്തുകയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട.

webdesk11: