GULF

വിശുദ്ധ കഅബ കഴുകൽ ചടങ്ങ് നടന്നു; വീണ്ടും യൂസഫലിയുടെ സാന്നിധ്യം

By webdesk14

August 02, 2023

മക്ക: പുണ്യ ഹജ്ജ് കർമ്മത്തിനുശേഷം ഈ വർഷത്തെ പരിശുദ്ധ ക അബ കഴുകൽ ചടങ്ങ് നടന്നു.തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ പ്രതിനിധികരിച്ച് മക്ക ഡെപ്യൂട്ടി ഗവർണർ ബദർ ബിൻ സുൽത്താൻ രാജകുമാരൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഇരു ഹറം കാര്യാലയ മേധാവി ശൈഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ്, ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ നിന്നും വന്ന വിശിഷ്ടാതിഥികൾ, നയതന്ത്ര പ്രതിനിധികൾ എന്നിവരും സംബന്ധിച്ചു. പനിനീർ കലർത്തിയ വിശുദ്ധ സംസം ജലം ഉപയോഗിച്ചാണ് കഅബയുടെ അകം കഴുകിയത്. തുടർന്ന് ഊദ് ഓയിലും റോസ് ഓയിലും ഉപയോഗിച്ച് കഅബാലയത്തിൽ സുഗന്ധം പൂശുകയും ചെയ്തു.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഇത്തവണയും കഅബ കഴുകൽ ചടങ്ങിൽ പങ്കെടുത്തു.പരിശുദ്ധ മക്കയിലെ കഅബ കഴുകൽ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചത് വലിയ അനുഗ്രഹമായാണ് കാണുന്നതെന്നും ഈ ക്ഷണത്തിന് സൗദി ഭരണാധികാരികളോട് നന്ദി പ്രകടിപ്പിക്കുന്നുവെന്നും യൂസഫലി പറഞ്ഞു. ഇതിനുമുമ്പും പലതവണ കഅബ കഴുകൽ ചടങ്ങിൽ സംബന്ധിക്കാൻ യൂസുഫലിക്ക് അവസരം ലഭിച്ചിട്ടുണ്ട്.