Health

‘ മുഖ്യമന്ത്രിക്ക് ഹാലൂസിനേഷന്‍; അമേരിക്കന്‍ ആരോഗ്യമേഖലയെ കടത്തിവെട്ടിയെന്നൊക്കെയാണ് പറയുന്നത്’; ഷിബു ബേബി ജോണ്‍

By webdesk14

November 11, 2025

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനുള്ള ഇന്‍ഡിക്കേറ്ററായി മാറുമെന്ന് ഷിബു ബേബി ജോണ്‍. ജനത്തില്‍ നിന്ന് ഒരുപാട് അകന്നാണ് ഇടതുമുന്നണി സഞ്ചരിക്കുന്നതെന്നും അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തുന്ന വിധത്തില്‍ ഒരു മുന്നേറ്റം യുഡിഎഫ് നടത്തുമെന്നും എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്വാഭാവികമായും പ്രാദേശിക വിഷയങ്ങളാണ് പരിഗണനയില്‍ വരുന്നതെങ്കിലും സംസ്ഥാന രാഷ്ട്രീയം അതില്‍ പ്രതിഫലിക്കും. അതിന്റെ അടിസ്ഥാനത്തില്‍ എന്നും ഇത്തവണ എല്‍ഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐക്യ ജനാധിപത്യ മുന്നണി ഇത്രയും മുന്നൊരുക്കം നടത്തി ഇത്രയും മുന്‍പേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ഒരു കാലം ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒറ്റപ്പെട്ട അപസ്വരങ്ങള്‍ ഇല്ലെന്നൊന്നും ആരും അവകാശപ്പെടുന്നില്ല. ഇതിനേക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സിപിഎമ്മിന് ഉണ്ട്. സിപിഐ രണ്ട് തരത്തിലാണ് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നത്. കൊല്ലം ജില്ലയില്‍ പലസ്ഥലത്തും അവര്‍ക്ക് സ്ഥാനാര്‍ഥികളെ കിട്ടുന്നില്ല. അവതരിപ്പിക്കാന്‍ പറ്റുന്ന മുഖങ്ങള്‍ ഇല്ലാത്ത നിലയിലേക്ക് അവര്‍ക്ക് അവസ്ഥ ഉണ്ടായിരിക്കുന്നു. കേരളത്തില്‍ അങ്ങനെ അധികാരംവിഭജിച്ച് നില്‍ക്കുകയാണ് പല പ്രദേശത്തും. ആ നിലയിലേക്ക് ജനാധിപത്യ പ്രസ്ഥാനങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. എന്നാല്‍, മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്രയും ഒത്തൊരുമയോടുകൂടി ഒരിക്കലും യുഡിഎഫ് നീങ്ങിയിട്ടില്ല – അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് കൊല്ലം കോര്‍പ്പറേഷന്‍ പിടിക്കണം എന്ന നിര്‍ബന്ധബുദ്ധിയോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കോര്‍പ്പറേഷന്‍ പിടിക്കാനുള്ള നേതൃപരമായ പങ്ക് ഞങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് തവണ ഞങ്ങളുടെ ശക്തിക്കനുസരിച്ച് ഞങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിച്ചില്ല. ഇത്തവണ അതുണ്ടാകും എന്നുള്ളതില്‍ ഞങ്ങള്‍ക്ക് ശുഭാപ്തിവിശ്വാസം തന്നെയാണ് – അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയേയും അദ്ദേഹം പരിഹസിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഹാലൂസിനേഷന്‍ ആണെന്ന് തോന്നുന്നു. ഇന്നും അദ്ദേഹം പറഞ്ഞിരിക്കുന്നത് കേരളത്തിന്റെ ആരോഗ്യ മേഖല അമേരിക്കയെ കടത്തിവെട്ടി എന്നൊക്കെയാണ്. നമുക്കൊന്നും അംഗീകരിക്കാനൊക്കാത്ത നിലയിലാണ് മെഡിക്കല്‍ കോളജുകളുടെ ഉള്‍പ്പടെ അവസ്ഥ. ഇതെല്ലാം സ്വാഭാവികമായും തിരഞ്ഞെടുപ്പില്‍ വലിയ ചലനം ഉണ്ടാക്കും – അദ്ദേഹം പറഞ്ഞു.