ലുഖ്മാന്‍ മമ്പാട്‌

സ്വന്തം കുഞ്ഞിനെ വീണ്ടുകിട്ടണമെന്ന അനുപമയുടെ ആവശ്യം പരിഹരിക്കാന്‍ കഴിയാത്തതില്‍ കുറ്റബോധമുണ്ട്. പരാതി അറിഞ്ഞത് വൃന്ദാകാരാട്ടിലൂടെയാണ്. അനുപമയുമായി ഫോണിലൂടെയും നേരിട്ടും മണിക്കൂറുകളോളം സംസാരിച്ചു. പാര്‍ട്ടിയിലെ വനിതാനേതാക്കളെ വിളിച്ചുനോക്കിയിരിക്കുന്നതില്‍ നാണമില്ലെയെന്ന് ചോദിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ വിളിച്ചും കേസെടുക്കാന്‍ ആവശ്യപ്പെട്ടു. പരാതി പരിഹരിക്കാന്‍ കഴിയാത്തത് പരാജയമാണ്. കോടതിയെ സമീപിച്ചാലല്ലാതെ നീതി ലഭിക്കില്ല

മുന്‍ മന്ത്രി പി.കെ ശ്രീമതി
(സി.പി. എം കേന്ദ്രകമ്മിറ്റിം അംഗം)

ഇംഗ്ലീഷ് സാഹിത്യകാരി ഡാഫ്‌നെ ഡു മോറിയറിന്റെ ‘നോ മോട്ടീവ്’ എന്ന ചെറുകഥയെ ആസ്പദമാക്കി എം.ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി പവിത്രന്‍ സംവിധാനം ചെയ്ത ഉത്തരം എന്ന സിനിമ 1989ലാണ് പുറത്തുവരുന്നത്. നല്ല കുടുംബജീവിതം നയിക്കവെ മാത്യു ജോസഫിന്റെ (സുകുമാരന്‍) ഭാര്യയും കവയിത്രിയുമായ സെലീന (സുപര്‍ണ്ണ) സ്വയം വെടിവെച്ച് മരിക്കുന്നു. സുഹൃത്ത് പത്രപ്രവര്‍ത്തകനായ ബാലചന്ദ്രന്‍ (മമ്മൂട്ടി) ആത്മഹത്യയെന്ന് സംശയിക്കുന്ന മരണത്തിന്റെ കാരണം തേടി നടത്തുന്ന അന്വേഷണത്തിനൊടുവില്‍ ഞെട്ടിക്കുന്ന ഉത്തരത്തിലെത്തിച്ചേരുന്നു. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനിയായിരിക്കെ ആകസ്മികമായി മയക്കുമരുന്ന് സംഘത്തിലെത്തിപ്പെട്ട് അബോധാവസ്ഥയില്‍ ഉറങ്ങുമ്പോള്‍ സെലീന ഗര്‍ഭിണിയാവുന്നു. പ്രസവിക്കപ്പെട്ട് ദിവസങ്ങള്‍ക്കകം പിതാവ് കൈമാറിയ ആ കുഞ്ഞിനെ പത്തു വര്‍ഷത്തിനിപ്പുറം ആക്രിപൊറുക്കാന്‍ തന്റെ വീട്ടില്‍ വന്നവരുടെ കൂട്ടത്തില്‍ കണ്ടെത്തിയ മനോവിഷമത്തിലാണ് സെലീനയുടെ മരണം. ഉദ്വേഗം നിറഞ്ഞ ഈ സിനിമ കഥയെയും വെല്ലുംവിധം പേരൂര്‍കടയില്‍ നിന്നുള്ള അമ്മയുടെ സെക്രട്ടേറിയറ്റ് നടയില്‍നിന്ന് നിലവിളിയെ ഞങ്ങളും അമ്മയാണെന്ന കോറസ് കൊണ്ട്മുക്കിക്കളയാന്‍ സി. പി.എമ്മും ദാസ്യം ചെയ്യുന്ന മാധ്യമങ്ങളും പിത്തലാട്ടവും തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം പേരൂര്‍ക്കട ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റായിരുന്ന അജിത്തുമായി പ്രണയത്തിലായിരുന്നു എസ്.എഫ്.ഐ നേതാവായ അനുപമ. ദലിതനായ അജിത്തുമായുള്ള ബന്ധം സി.പി.എം നേതാക്കളായ അനുപമയുടെ മാതാപിതാക്കള്‍ എതിര്‍ത്തു. ഗര്‍ഭിണിയായി എട്ടാം മാസമാണ് വീട്ടിലറിഞ്ഞത്. വിവാഹത്തിന്മുമ്പ് ഗര്‍ഭം ധരിച്ചതറിഞ്ഞ വീട്ടില്‍ ബഹളമായി. അനുപമ കോവിഡ് പോസിറ്റീവായ സമയം, 2020 ഒക്ടോബര്‍ 19ന് പ്രസവിക്കുന്നു. ഇതുകൊണ്ടുതന്നെ കുഞ്ഞിനെ മുലയൂട്ടാനോ, ഉമ്മവെക്കാനോ ഒരിക്കല്‍പോലും കഴിഞ്ഞിട്ടില്ല. പിന്നീട് വീട്ടുതടങ്കലിലെന്ന പോലെയായിരുന്നു. സഹോദരിയുടെ വിവാഹത്തിന് വസ്തുവില്‍ക്കാനെന്ന പേരില്‍ കുറച്ച് പേപ്പറില്‍ തന്നെ കൊണ്ട് ഒപ്പിടുവിച്ചു. സഹോദരിയുടെ വിവാഹം കഴിയുംവരെ കുഞ്ഞിനെ മാറ്റിനിര്‍ത്തുകയാണ്, അത് കഴിഞ്ഞ് തിരികെ തരുമെന്ന് വീട്ടുകാര്‍ ഉറപ്പുപറഞ്ഞപ്പോള്‍ സമ്മതിച്ചു.
അജിത്തിനെയും അനുപമയെയും കുടുംബത്തെയും നേരിട്ടറിയുന്ന എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റും ഡി.വൈ.എഫ്.ഐ സെക്രട്ടേറിയറ്റ് അംഗവുമായ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്റെ നിര്‍ദ്ദേശപ്രകാരം ഒക്ടോബര്‍ 22 രാത്രി 12.30ന് അമ്മത്തൊട്ടിലിന്റെ മുന്നില്‍നിന്ന് കുഞ്ഞിനെ ജീവനക്കാര്‍ ഏറ്റുവാങ്ങുന്നു. രാത്രി 12.45ന് തൈക്കാട് ആശുപത്രിയിലെത്തിച്ച കുഞ്ഞ് ‘പെണ്‍കുട്ടി’യാണെന്ന് വ്യാജമായി രേഖപ്പെടുത്തുന്നു. 23ന് പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കാന്‍ സമിതിക്ക് കൈമാറിക്കിട്ടിയ ‘പെണ്‍കുഞ്ഞിന്’ മലാല എന്നു പേരിട്ടതായി ഷിജുഖാന്റെ പത്രക്കുറിപ്പ്. എന്നാല്‍, തൈക്കാട് ആശുപത്രിയിലെ ചില ജീവനക്കാര്‍ സത്യം പുറത്തുവിട്ടതോടെ, അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് കുട്ടിക്ക് ‘എഡ്‌സണ്‍ പെലെ’ എന്നു പേരിട്ടതായി അടുത്തദിവസം തിരുത്തിയ പത്രക്കുറിപ്പിറക്കുന്നു. എന്നാല്‍, 23ന് രാത്രിയില്‍ ലഭിച്ച മറ്റൊരു കുട്ടിക്കാണ് ‘എഡ്‌സണ്‍ പെലെ’ എന്നു പേരിട്ടത്. അനുപമയുടെ കുഞ്ഞിന് സിദ്ധാര്‍ത്ഥ് എന്നു പേരിട്ടതുള്‍പ്പെടെയെല്ലാം രഹസ്യമാക്കി ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ചേച്ചിയുടെ വിവാഹം കഴിഞ്ഞശേഷവും കുഞ്ഞിനെ തിരികെ ലഭിച്ചില്ല. കുഞ്ഞിനെ എങ്ങോട്ടോ മാറ്റിയെന്ന് ബോധ്യമായതോടെ മാര്‍ച്ചില്‍ അജിത്തിനെ വിളിച്ച്‌വരുത്തി വീട്ടില്‍ നിന്നിറങ്ങി, പ്രസവിച്ച് മൂന്ന് ദിവസത്തിന്‌ശേഷം കുഞ്ഞിനെ പിതാവ് എടുത്തുകൊണ്ടുപോയി എന്നും വിട്ടുകിട്ടാന്‍ നടപടി ഉണ്ടാവണമെന്നും അനുപമ സി.പി.എം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പനെയും പി.ബി അംഗം കോടിയേരി ബാലകൃഷ്ണനെയും സംസ്ഥാന സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് എ വിജയരാഘവനെയും സന്ദര്‍ശിച്ച് പരാതി നല്‍കി. പി.ബി അംഗമായ വൃന്ദ കാരാട്ടിനും പരാതി നല്‍കി. പരാതി ടേക്കപ്പ് ചെയ്യാന്‍ വൃന്ദ പി.കെ ശ്രീമതി ടീച്ചറെ ചുമതലപ്പെടുത്തി. ആദ്യം പിന്തുണച്ചെങ്കിലും അവര്‍ പിന്‍വലിഞ്ഞു.

ഇതിനിടെ നീതി തേടി പാര്‍ട്ടിക്കോടതിയിലെത്തിയ അനുപമയെയും അജിത്തിനെയും സി. പി.എം പുറത്താക്കി. ഇതോടെ കുഞ്ഞിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഏപ്രിലില്‍ പൊലീസിന് പരാതി കൊടുത്തു. അതില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. ഒടുവില്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി കൊടുത്തു. ഡി.ജി. പി ഓഫീസില്‍നിന്ന് കൈമാറിക്കിട്ടിയ പരാതിയില്‍ പേരൂര്‍ക്കട സി.ഐ മൊഴിയെടുത്തു. പാര്‍ട്ടിയുടെയും അച്ഛന്റെയും സ്വാധീനം കാരണം കേസെടുക്കാതിരുന്നപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിച്ചു. ശിശുക്ഷേമ സമിതിക്കാണ് അച്ഛന്‍ കുട്ടിയെ കൈമാറിയതെന്ന് പൊലീസിനോട് പറഞ്ഞതായി അറിഞ്ഞതോടെ ഓഗസ്റ്റ് 11ന് അവിടെയെത്തി. സ്വന്തം കുഞ്ഞായ സിദ്ധാര്‍ത്ഥ് അവിടെ ഉണ്ടായിട്ടും ‘എഡ്‌സണ്‍ പെലെയെ’ കാണിച്ച് കബളിപ്പിച്ചു മടക്കിയയച്ചു. സംശയത്തിന്റെ പേരില്‍ ഡി.എന്‍.എ ടെസ്റ്റിന് അപേക്ഷ നല്‍കി. ഒന്നര മാസത്തിന്‌ശേഷം ഫലം വന്നപ്പോള്‍ നെഗറ്റീവ്. അനുപമയുടെയും അജിത്തിന്റെയും പരാതി നിലനില്‍ക്കെ സിദ്ധാര്‍ത്ഥിന്റെ എല്ലാ വിവരങ്ങളും അറിയുന്ന ഷിജുഖാനും സമിതിയും കുട്ടിയെ ആന്ധ്ര സ്വദേശികള്‍ക്ക് ദത്ത് നല്‍കി.

പാര്‍ട്ടിയിലും നേതാക്കളിലും പൊലീസിലും പരാതി നല്‍കിയിട്ടും നീതികിട്ടാതെ വന്നപ്പോഴാണ് മാധ്യമങ്ങളെ സമീപിച്ചതും ഒരു വര്‍ഷത്തെ നൊമ്പരം പൊതുജനം അറിയുന്നതും. ഇതോടെയാണ് പൊലീസ് കേസ് എടുത്തത്. ഇപ്പോഴും മൊഴിയെടുക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ സി.പി.എം കോടതിയെ മറികടന്നു പൊലീസിനു കഴിയുന്നില്ല. കുഞ്ഞിന്റെ മുഖം മൂന്ന് ദിവസം മാത്രമാണ് ഞാന്‍ കണ്ടതെന്നും മുലയൂട്ടാനോ ഉമ്മ കൊടുക്കാനോ കോവിഡ് പോസിറ്റീവ് ആയതിനാല്‍ സാധിച്ചിരുന്നില്ലെന്നും അനുപമ സങ്കടപ്പെടുന്നു. ‘എനിക്കെന്റെ കുഞ്ഞിനെ വേണം. ആന്ധ്രയിലുണ്ടെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. അതു തന്റെ കുഞ്ഞാണോയെന്ന് ഉറപ്പില്ല. ആവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. അല്ലെങ്കില്‍, എന്റെ കുഞ്ഞിനെ അവര്‍ എന്തു ചെയ്തിട്ടുണ്ടാവുമെന്ന് ഓര്‍ക്കുമ്പോള്‍ പേടി തോന്നുന്നുവെന്നും അനുപമ കണ്ണീരണിയുമ്പോള്‍ സി.പി.എം മാതൃത്വത്തിന് നല്‍കുന്ന വില എത്രയെന്ന ചോദ്യം ബാക്കിയാവുന്നു. എസ്.എഫ്.ഐയിലെ ഒന്നിച്ചുള്ള പ്രവര്‍ത്തനം മൂലം നാസിയയുമായി അജിത്തിന് ആദ്യ വിവാഹം ഏര്‍പ്പാടാക്കിയതും ഇപ്പോള്‍ രണ്ടു മക്കളോടൊപ്പം അവരെ അനാഥമാക്കിയതും സി.പി.എമ്മാണ്.

വിവാഹിതയായാലും അല്ലെങ്കിലും പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ചു താമസിക്കാനും ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും അവകാശമുള്ള നാടാണിത്. എല്ലാ ധാര്‍മിക ബോധങ്ങളെയും വൈരുദ്ധ്യാധിഷ്ടിത ബൗധികവാദത്തില്‍ മുക്കിക്കൊല്ലുന്ന സി.പി.എമ്മാണ് ദലിത് വെറിയുടെ പുതിയ മതിലുകള്‍ പണിയുന്നത്. പാര്‍ട്ടിയും ഭരണകൂടവും ഒന്നാകെ ചേര്‍ന്ന് കുട്ടികടത്തു സംഘമാവുമ്പോള്‍ പുരോഗമനം ജനാധിപത്യം സ്ത്രീ സംരക്ഷണം തുടങ്ങിയ പദങ്ങളുടെ മൊത്തക്കുത്തക നെറ്റിയിലൊട്ടിച്ച് നടക്കുന്നവരുടെ തനിനിറമാണ് തൊലിയുരിക്കപ്പെടുന്നത്. ‘ഒരാളെ ഒറ്റയ്ക്ക് ആക്രമിക്കുന്നതാണോ എസ്.എഫ്.ഐയുടെ ജനാധിപത്യം, എന്ത് ജനാധിപത്യമാണ് ഇവര്‍ക്കുള്ളത്, ആദ്യം ജനാധിപത്യമെന്ന് എഴുതി പഠിക്കെടാ…ആര്‍.എസ്.എസുകാരാവല്ലെടാ എന്ന് കോട്ടയത്ത് യൂണിവേഴ്‌സിറ്റി കോളജ് അങ്കണത്തില്‍ എ.ഐ. എസ്.എഫ് സംസ്ഥാന ജോ.സെക്രട്ടറി മുഖത്തു ചൂണ്ടി പൊട്ടിത്തെറിക്കുന്നത് ഇതോട് ചേര്‍ത്തുവെക്കണം.
‘(ചില പദങ്ങള്‍ ഇവിടെ ചേര്‍ക്കാനാവില്ല, അത്രയും മോശമാണ്) , ഇനിയും എസ്.എഫ്.ഐയെ എതിര്‍ത്താല്‍ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരും…’ കോട്ടയം യൂണിവേഴ്‌സിറ്റി കോളജിലെ എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷയുടെ പരാതിയില്‍ നിന്നുള്ള വരികളാണ്. ഈ ഹിനകൃത്യത്തെ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഔദ്യോഗികമായിത്തന്നെ ന്യായീകരിച്ച് രംഗത്തുവന്നപ്പോഴാണ് അവളുടെ മാറില്‍ കടന്നുപിടിച്ചതുമൊരു വിപ്ലവമാണെന്ന് പലര്‍ക്കും ബോധ്യപ്പെട്ടത്. ‘ദേഹത്ത് കടന്ന് പിടിക്കുകയും വസ്ത്രം വലിച്ച് കീറാന്‍ ശ്രമിക്കുകയും ചെയ്തു. കഴുത്തിലും മാറിലും കയറിപ്പിടിച്ചു. ശരീരത്തില്‍ പാടുകളുണ്ട്. നടുവില്‍ ചവിട്ടേറ്റു. ആക്രമിച്ചവരില്‍ ഒരാള്‍ തന്റെ സഹപാഠിയായിരുന്നു. കൂട്ടത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ്് കെ.എം അരുണുമുണ്ട്’. എം.ജി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ സമ്മതമില്ലാതെ നോമിനേഷന്‍ കൊടുത്തതാണ് എ.ഐ.എസ്.എഫ് വിദ്യാര്‍ത്ഥികള്‍ ചെയ്ത തെറ്റ്. കെ.എസ്.യു-എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നല്‍കാത്ത സ്വാതന്ത്ര്യം സ്വന്തം മുന്നണിയിലായാലും എ.ഐ.എസ്.എഫിനും ലഭിക്കില്ല.

സെനറ്റ് പോളിങ് അവസാനിച്ച് മടങ്ങിപോകാന്‍ തയ്യാറെടുക്കുമ്പോള്‍ യാതൊരു പ്രകോപനവും കൂടാതെ സംഘം ചേര്‍ന്നെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പ്രവര്‍ത്തകനെ വളഞ്ഞിട്ടാക്രമിക്കുമ്പോള്‍ രക്ഷിക്കാനാണ് സംസ്ഥാന നേതാവുകൂടിയായ നിമിഷ എത്തുന്നത്. സി.പി.എം തിട്ടൂരം ചെവിക്കൊള്ളാതെ പ്രസവിച്ചൊരു എസ്.എഫ്.ഐക്കാരി പാര്‍ട്ടിക്കോടതി നിര്‍ദേശ പ്രകാരം കടത്തിക്കൊണ്ടുപോയ സ്വന്തം കുഞ്ഞിനെ തേടി അലമുറയിട്ട് കരയുമ്പോള്‍ തന്നെയാണ് ചവിട്ടേറ്റ് വീണ എ.ഐ.എസ്.എഫുകാരിയായ നിമിഷ, എസ്.എഫ്.ഐക്കാരാല്‍ ബലാല്‍സംഗ ഭീഷണി നേരിടുന്നത്.

സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകള്‍ അനുപമ നൊന്തു പെറ്റ കുഞ്ഞിനെ തേടി ജില്ലാ സെക്രട്ടറി മുതല്‍ പി.ബി അംഗമായ മുഖ്യമന്ത്രിവരെയുള്ളവര്‍ക്ക്മുമ്പില്‍ കൈകൂപ്പി യാചിച്ച് അലമുറയിട്ട് കരയുമ്പോഴാണ് സ്വന്തം മുന്നിയിലെ പെണ്‍കുട്ടി സംസ്ഥാന മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ള എസ്.എഫ്. ഐക്കാര്‍ക്കെതിരെ കേരളീയരോട് തുറന്നുപറയുന്നത്. ഇരു സംഭവത്തിലെയും മൂല കാരണവും സമാനതയും കമ്യൂണിസ്റ്റ് ഉപബോധത്തില്‍ കുത്തിനിറക്കപ്പെട്ട ജാതീയതയാണ്. ഗൗരിയമ്മ ഇ.എം.എസിനെതിരെ ഉന്നയിച്ച സവര്‍ണ ആണധികാര കേന്ദ്രീകൃതയില്‍ അഭിരമിക്കുന്ന അപകര്‍ഷകത്വം എസ്.എഫ്.ഐ മുതല്‍ സി.പി.എം വരെ തലമുറകളെ ഗ്രസിച്ചതിന്റെ ജീര്‍ണ്ണതയാണ് പുറത്തുവരുന്നത്.

മുന്നണി മര്യാദ പോലും മറന്ന് തരം കിട്ടിയപ്പോള്‍ ചവിട്ടി നടുവൊടിച്ച് ഒരേ ബെഞ്ചിലിരുന്ന് പഠിക്കുന്നവന്റെ ജാതി മനം പുരട്ടി പുറത്തുചാടുന്നതും താഴ്ന്ന ജാതിയായി ഗണിക്കപ്പെടുന്നവന്റെ കുഞ്ഞിനെ മകളില്‍ നിന്ന് തട്ടിപ്പറിച്ചെറിയുന്നതും തലമുറ കൈമാറുന്ന സി.പി.എം മാടമ്പിത്തരമല്ലാതെ മറ്റെന്താണ്. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ വര്‍ഗീയതയും ഭൂര്‍ഷ്വാസിയും ജാതി വെറിയും അമിത ഡോസില്‍ കുത്തിവെക്കപ്പെട്ടവരില്‍നിന്ന് പുറംപൂച്ചിനപ്പുറം ഒന്നും പ്രതീക്ഷിക്കേണ്ടെന്നാണ് സി.പി.എം-സി.പി. ഐ നേതാക്കള്‍ പുലര്‍ത്തുന്ന മൗനം. പാര്‍ട്ടിക്കോടതി വിധിയെ തുടര്‍ന്ന് എതിരാളികളെ ആസൂത്രിതമായി കൊന്നുതള്ളുകയും പ്രതികളെ സംരക്ഷിക്കാന്‍ സംസ്ഥാന പൊതു ഖജനാവിലെ കോടികള്‍ ഒഴുക്കുകയും ചെയ്യുന്ന സി. പി.എമ്മിന്റെ വളര്‍ച്ചയുടെ അടയാളപ്പെടുത്തല്‍ കൂടിയാണ് എസ്.എഫ്.ഐ നേതാവ് അനുപമയുടെ കുഞ്ഞിനെത്തേടിയുള്ള അലച്ചില്‍.