ചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ തകര്‍ച്ചയാണ് കോവിഡ് മഹാമാരിമൂലം ഉണ്ടായതെന്നാണ് യുനെസ്‌കോ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. 190 രാജ്യങ്ങളിലെ 1.6 ബില്യണ്‍ കുട്ടികള്‍ ഈ കാലയളവില്‍ സ്‌കൂളിന് പുറത്താണ്. ലോകമൊട്ടാകെ ഭാഗികമായോ പൂര്‍ണ്ണമായോ ഉള്ള അടച്ചിടല്‍ 800 മില്യണ്‍ കുട്ടികളെ ബാധിച്ചതായും യുനെസ്‌കോ പറയുന്നു. 2019-20 യു ഡയസ് കണക്ക്പ്രകാരം 15.1 ലക്ഷം വിദ്യാലയങ്ങളാണ് ഇന്ത്യയിലുള്ളത്. ഈ വിദ്യാലയങ്ങളിലെ 2.64 കോടി വിദ്യാര്‍ത്ഥികളെ മഹാമാരി സ്‌കൂളനുഭവങ്ങളില്‍നിന്നും മാറ്റിനിര്‍ത്തപ്പെട്ടു എന്നും 32 കോടി പഠിതാക്കളെ അടച്ചുപൂട്ടല്‍ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും മാനവ വിഭവ വകുപ്പിന്റെ പഠനങ്ങളില്‍ കാണുന്നു. കേരളത്തില്‍ മൊത്തം കുട്ടികളില്‍ 41.8 ശതമാനം പേര്‍ക്ക് ശരിയായ ഓണ്‍ലൈന്‍ പഠനം പോലും ലഭിച്ചില്ല എന്ന റിപ്പോര്‍ട്ടും മുമ്പിലുണ്ട്. ഈ സാഹചര്യത്തിലാണ് ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിന് തുറക്കുന്നത്. 2020 മാര്‍ച്ചിലെ പൊതുപരീക്ഷകള്‍ പകുതിയിലധികം പിന്നിട്ടപ്പോഴാണ് സ്‌കൂളുകള്‍ പൂര്‍ണ്ണമായ അടച്ചിടലിലേക്ക് നീങ്ങിയത്. തുടര്‍ന്നിങ്ങോട്ട് അധ്യയനം നടന്നത് ഓണ്‍ലൈന്‍ രീതിയിലാണ്. മുന്‍കൂട്ടി റെക്കോര്‍ഡ്‌ചെയ്ത പാഠഭാഗങ്ങള്‍ വിക്‌ടേഴ്‌സ് ചാനല്‍ അടക്കമുള്ള സങ്കേതങ്ങള്‍വഴി സംപ്രേഷണം ചെയ്യുന്ന രീതിയാണ് അവലംബിച്ചത്. ഈ പഠനം കുട്ടികള്‍ക്കിടയില്‍ വലിയൊരു ഡിജിറ്റല്‍ ഡിവൈഡ് തീര്‍ത്തു എന്നത് യാഥാര്‍ഥ്യമാണ്. തുടക്കത്തില്‍ ആവേശപൂര്‍വ്വം ഈ പഠന രീതിയെ സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീട് മുരടിപ്പും വിരസതയുമാണ് സമ്മാനിച്ചത്.

ജൈവികമായ പഠനത്തിന്റെ നീണ്ട ഇടവേള കുട്ടികളില്‍ നിരവധി മാനസിക ആരോഗ്യ സാമൂഹിക പഠന പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കോഴിക്കോട് ഇംഹാന്‍സ് ശാസ്ത്ര സാഹിത്യ പരിഷത്തുമായി ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കോവിഡ് കുട്ടികളില്‍ 45 ശതമാനം പേര്‍ക്ക് പൊണ്ണത്തടി കോവിബിസിറ്റി ബാധിച്ചെന്നാണ് കണ്ടത്. യാതൊരു വിനോദവുമില്ലാതെ ടെലിവിഷന്റെയും മൊബൈല്‍ ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും മുമ്പിലെ തുടര്‍ച്ചയായുള്ള ഇരുത്തം കുട്ടികളിലെ ശരീര ഭാരം വര്‍ധിപ്പിച്ചു എന്നാണ് പഠനം പറയുന്നത്. നീണ്ട കാലം വിദ്യാലയങ്ങളില്‍ നിന്ന് വിട്ട്‌നിന്നത് കുട്ടികളില്‍ ഒട്ടേറെ മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പഠന പ്രശ്‌നങ്ങളുള്ള കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. കൂട്ടുകാരുമായി സമ്പര്‍ക്കമില്ലാതെ ഒറ്റയ്ക്ക് വീട്ടിലിരിക്കല്‍, അധ്യാപകരുമായുള്ള സ്വാഭാവിക ആശയവിനിമയം ഇല്ലാതെയായത്, സമപ്രായക്കാരുമൊത്തുള്ള കളികളില്‍ ഏര്‍പ്പെടാതെയായത്, പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സംഘപഠനം, സഹവര്‍ത്തിത പഠനം, പങ്കുവെച്ചുള്ള പഠനം ഇവയൊക്കെ നഷ്ടപ്പെട്ടത് കൂടുതല്‍ കുട്ടികളില്‍ ഒരുതരം മുരടിപ്പുണ്ടാക്കി. ഇതവരെ പഠനത്തില്‍നിന്നും പിന്നോട്ട് വലിച്ചിട്ടുണ്ടെന്നതും വസ്തുതയാണ്. കോവിഡ് തീര്‍ത്ത പഠന വിടവ് വിദ്യാഭ്യാസ മേഖല അഭിമുഖീകരിക്കുന്ന വലിയൊരു അക്കാദമിക പ്രതിസന്ധിയാണ്. ആശയ തലത്തിലും നൈപുണീ തലത്തിലും ഈ വിടവ് പ്രകടമാണ്. വായന, എഴുത്ത്, ഗണിതാശയങ്ങളുടെ വികാസം, ഭാഷാവികസനം, പ്രശ്‌നപരിഹരണശേഷി തുടങ്ങി ആശയ പ്രായോഗിക തല നൈപുണീ ശോഷണം പഠന വികാസത്തില്‍ വലിയ ഇടിവാണുണ്ടാക്കിയിരിക്കുന്നത്. സാമൂഹിക തലത്തില്‍ കുട്ടികള്‍ ആര്‍ജ്ജിക്കേണ്ട നൈപുണികളായ മറ്റുള്ളവരുമായി കൂട്ടുകൂടല്‍, പങ്കുവെക്കല്‍, എംപതി, ഊഴം കാത്തുനില്‍ക്കല്‍, ആശയവിനിമയ മര്യാദകള്‍, സഹകരണ ചിന്ത തുടങ്ങിയവ കുട്ടികള്‍ക്ക് അന്യമായി. യു.എന്‍ പറയുന്നത് സ്‌കൂള്‍ അടച്ചുപൂട്ടല്‍മൂലം 188 രാജ്യങ്ങളിലെ 150 കോടി പഠിതാക്കള്‍ക്ക് ഏറിയോ കുറഞ്ഞോ പഠന നഷ്ടം സംഭവിച്ചുവെന്നാണ്. പല വിദേശരാജ്യങ്ങളും ഇത് പഠനവിധേയമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് നെതര്‍ലാന്‍ഡ്‌സില്‍ ഏതാനും ആഴ്ചകള്‍ മാത്രമേ സ്‌കൂളുകള്‍ പൂര്‍ണ്ണമായും അടച്ചിട്ടിട്ടുള്ളു. എന്നിട്ടും കുട്ടികള്‍ക്ക് ഉണ്ടാകേണ്ട പഠന നേട്ടത്തില്‍ അഞ്ചില്‍ ഒന്ന് കുറവ് വന്നു. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയില്‍ വളരെയേറെ മുന്നില്‍നില്‍ക്കുന്ന ഇവിടെ പോലും ഇത്രയേറെ പഠനശോഷണം സംഭവിച്ചുവെങ്കില്‍ ഇന്ത്യയിലെയും കേരളത്തിലെയും അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. കോവിഡ് ദുരന്തം ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളില്‍ ഒന്നാണ് ഉക്രൈന്‍. ആ രാജ്യം പഠനനഷ്ടം പരിഹരിക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാഭ്യാസ ബജറ്റ് പാസ്സാക്കിയെടുക്കുകയുണ്ടായി. അവര്‍ പഠനം വീണ്ടെടുക്കല്‍ പരിപാടി ആവിഷ്‌കരിച്ചു നടപ്പാക്കിവരുന്നു. നല്ല വിദ്യാഭ്യാസ പശ്ചാത്തലമുള്ള രക്ഷിതാക്കളുടെ കുട്ടികള്‍ക്കിടയില്‍ പഠന നഷ്ടത്തിന്റെ തോത് കുറയുമായിരിക്കും. എന്നാല്‍ കുറഞ്ഞ വിദ്യാഭ്യാസമുള്ള രക്ഷിതാക്കളുടെ മക്കള്‍, പ്രാന്തവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികള്‍, ഓണ്‍ലൈന്‍ പഠനത്തിന് ഇന്നുവരെ അവസരം കിട്ടാത്തവര്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, ഇവരുടെ ഇടയില്‍ പഠന നഷ്ടം വലിയ അളവിലായിരിക്കും.

പഠന വിടവ് എങ്ങിനെ പരിഹരിക്കാമെന്നത് ഗൗരവമായി ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടതാണ്. സ്‌കൂള്‍ തുറന്ന ഉടനെ പാഠഭാഗങ്ങള്‍ തീര്‍ക്കുക എന്ന പതിവ് രീതിയാണ് പിന്തുടരുന്നതെങ്കില്‍ അതിന് ഭാവിയില്‍ വലിയ വിലനല്‍കേണ്ടിവരും. ഓരോ ക്ലാസിലും ഓണ്‍ലൈന്‍ പഠനം ഇപ്പോള്‍ എത്തിയ ഇടത്തുനിന്ന് സ്വാഭാവിക പഠനം തുടരുകയാണെങ്കില്‍ കുട്ടികളില്‍ വലിയ മാനസിക സംഘര്‍ഷം അതുണ്ടാക്കും. ഒരേ ക്ലാസില്‍തന്നെ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ പഠനം കിട്ടിയവരും ഭാഗികമായി കിട്ടിയവരും തീരെ കിട്ടാത്തവരുമുണ്ടാകും. ഇത്തരം സാഹചര്യത്തെ നേരിടാന്‍ ശരിയായ ആസൂത്രണവും പ്രവര്‍ത്തനങ്ങളും അനിവാര്യമാണ്. ഒന്നാം തരത്തില്‍ ഈ വര്‍ഷം പ്രവേശനം നേടിയ കുട്ടി പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം കിട്ടാതെയാണ് വരുന്നത്. നേരത്തെ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം നേടിയ കുട്ടി ഒന്നാം തരവും കഴിഞ്ഞു ഇപ്പോള്‍ രണ്ടാംതരം പകുതി പിന്നിട്ടിരിക്കയാണ്. രണ്ട് വയസ്സ്മുതല്‍ ഏഴു വയസ്സ് വരെയുള്ള കുട്ടിയുടെ വളര്‍ച്ചാഘട്ടത്തിലാണ് വൈജ്ഞാനിക വികാസം ഏറെ നടക്കുന്നത്. അതുകൊണ്ട്തന്നെ പ്രീ സ്‌കൂള്‍ കഴിഞ്ഞു ഒന്നിലും രണ്ടിലും എത്തുന്ന കുട്ടി ആര്‍ജ്ജിക്കേണ്ട നിരവധി ശേഷികളിലാണ് ഈ ഒന്നര വര്‍ഷം വലിയ ശോഷണം വന്നിരിക്കുന്നത്. എഴുതാനും വായിക്കാനും ഗണിതക്രിയകള്‍ ചെയ്യാനും ശാസ്ത്രാഭിരുചി നേടാനുമൊക്കെ കുട്ടിക്ക് അനായാസം കഴിയേണ്ട സാഹചര്യമാണ് നഷ്ടമായത്. കഴിഞ്ഞ വര്‍ഷം പ്ലസ്‌വണ്‍ പ്രവേശനം നേടി ഒരു റഗുലര്‍ ക്ലാസും ലഭിക്കാതെ പ്ലസ്ടുവില്‍ ഇപ്പോള്‍ പാതി പിന്നിട്ട കുട്ടി കോഴ്‌സ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റുമായി പുറത്ത്‌വരുന്നത് ഒന്നാലോചിച്ചു നോക്കൂ.

കുട്ടികള്‍ക്ക് വന്ന പഠന നഷ്ടം വീണ്ടെടുക്കാന്‍ സമഗ്രപ്രവര്‍ത്തനങ്ങള്‍ വകുപ്പ് തലത്തില്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. സ്‌കൂള്‍ തുറക്കുന്നതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികളുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കാനുള്ള കര്‍മ്മപദ്ധതിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ പഠന നഷ്ടം പോലെയുള്ള അക്കാദമിക വിഷയങ്ങളില്‍ കാര്യമായ ശ്രദ്ധ ഇതുവരെ വന്നിട്ടില്ല. ഓണ്‍ലൈന്‍ പഠനത്തില്‍ ഓരോ കുട്ടിയും എത്രമാത്രം പങ്കാളിയായി, ഉദ്ദേശിച്ച പഠന നേട്ടം ഉറപ്പ്‌വരുത്താന്‍ കുട്ടിക്കായോ തുടങ്ങിയ വിലയിരുത്തല്‍ അനിവാര്യമാണ്. ഇതില്‍ കണ്ടെത്തുന്ന പ്രശ്‌നങ്ങള്‍ സ്‌കൂള്‍ തലത്തില്‍ പരിഹരിക്കാന്‍ നീക്കംവേണം. ഓരോ ക്ലാസിലും വ്യത്യസ്ത നിലവാരത്തിലുള്ള കുട്ടികളുണ്ടാകും. ഇതില്‍ പഠനശോഷണം കാര്യമായി ബാധിച്ചവരും ഒന്നര വര്‍ഷം മുമ്പുള്ള പഠനാവസ്ഥയിലുള്ളവരുമുണ്ടാകും. സ്‌കൂള്‍ തുറന്ന് മൂന്ന് മാസമെങ്കിലും ഇത്തരം കുട്ടികളെ അഭിമുഖീകരിക്കാനുള്ള പദ്ധതികള്‍ ഉണ്ടാകണം. കരിക്കുലവുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനനെടുക്കേണ്ടത് കരിക്കുലം കമ്മിറ്റിയും എസ്.സി.ഇ.ആര്‍.ടിയുമാണ്. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താല്‍ നിലവിലെ കരിക്കുലം നേരിട്ട് വിനിമയംചെയ്യാതെ കുട്ടികള്‍ക്ക് വന്ന പഠന നഷ്ടം വീണ്ടെടുക്കാനുതകുന്ന രൂപത്തില്‍ ആള്‍ട്ടര്‍നേറ്റീവ് കരിക്കുലം ഉണ്ടാക്കണം. കുട്ടികള്‍ക്ക് കിട്ടേണ്ട പഠന നേട്ടങ്ങള്‍ ലിസ്റ്റ് ചെയ്ത് ബദല്‍ കരിക്കുലം രൂപീകരിക്കണം. രണ്ട് മൂന്ന് മാസത്തിനുള്ളില്‍ കുട്ടി ആര്‍ജ്ജിക്കേണ്ട ശേഷി നേടാനുതകുന്നതും പ്രാദേശിക വഴക്കമുള്ളതുമാകണം. ക്ലാസ് റൂം പഠന പ്രവര്‍ത്തനങ്ങള്‍ ഇതനുസരിച്ചു ആസൂത്രണം ചെയ്യണം. പ്രൈമറി ക്ലാസുകളില്‍ എസ്.എസ്.കെ പഠനം പ്രവര്‍ത്തനാധിഷ്ഠിതമാക്കാന്‍ വര്‍ക്ഷീറ്റുകള്‍ തയ്യാറാക്കി നല്‍കണം. പത്താംതരത്തിലും ഹയര്‍സെക്കണ്ടറി തലത്തിലും കഴിഞ്ഞ വര്‍ഷത്തെപോലെ ഫോക്കസ് ഏരിയ നിശ്ചയിക്കണം. പ്രധാന വിഷയങ്ങളില്‍ കുട്ടികള്‍ക്ക് പഠനതുടര്‍ച്ച പ്രതിസന്ധിയുണ്ടോ എന്ന് തുടക്കത്തില്‍തന്നെ കണ്ടെത്തി ഉണ്ടെങ്കില്‍ ആദ്യത്തെ ഒരു മാസം അത് നികത്താന്‍ പഠന പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കണം. അഞ്ചു മുതല്‍ ഒന്‍പത് വരെ ക്ലാസുകളില്‍ ബദല്‍ പാഠ്യപദ്ധതിയില്‍ പറയുന്ന നേട്ടംകൈവരിക്കാനായി ബ്രിഡ്ജ് മെറ്റീരിയല്‍ ഉണ്ടാക്കിനല്‍കണം. സ്വന്തം സാഹചര്യങ്ങള്‍ക്കനുസരിച്ചു ഓരോ വിദ്യാലയവും കുട്ടികള്‍ക്ക് നേരിട്ട പഠനനഷ്ടം നികത്തല്‍ മുഖ്യ അക്കാദമിക വിഷയമായി എടുക്കണം.

 

 

അബ്ദുല്ല വാവൂര്‍