സില്‍വര്‍ലൈനിന്റെ ഡിപിആര്‍ പുറത്തവന്നിരിക്കുന്നുവെന്നത് ശുഭോതര്‍ക്കമായ വാര്‍ത്തയാണ്. മാസങ്ങളായി പ്രതിപക്ഷവും, ഭരണപക്ഷത്തുള്ള പലരും, പൊതുപ്രവര്‍ത്തകരും, പരിസ്ഥിതി പ്രവര്‍ത്തകരുമൊക്കെ ആവശ്യപ്പെട്ടതാണ് ഡിപിആര്‍ പുറത്തുവിടണമെന്ന്. നിയമസഭയില്‍ പോലും ഡിപിആര്‍ പുറത്തുവിടാന്‍ കഴിയില്ല എന്ന് പറയുകയും. അത് ഭൗതികസ്വത്തവകാശ നിയമത്തിന്റെ ഭാഗമാണെന്നുമായിരുന്നു അപ്പോഴൊക്കെയും സര്‍ക്കാരിന്റെ മറുപടി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖകളെന്നാണ് പിന്നീട് മുഖ്യമന്ത്രിയുടെ പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയില്‍ വന്ന മറുപടി. ഡിപിആര്‍ പുറത്തുവന്നതോടെ ഇത് രണ്ടും തെറ്റായിരുന്നുവെന്ന് മനസിലായി. അത് കൊണ്ടു സര്‍ക്കാരിന്റെ വിശ്വാസ്യത ഇവിടെ വല്ലാതെ ചോദ്യം ചെയ്യപ്പെടുകയാണ്. സര്‍ക്കാര്‍ ഈ ഡിപിആര്‍ ഒളിച്ചുവയ്ക്കാന്‍ വേണ്ടി എന്തോ കാര്യമായ ഇടപെടല്‍ നടത്തിയിരുന്നു. അതിനായി അസത്യങ്ങള്‍ പറഞ്ഞു. സര്‍ക്കാര്‍ ഇതേകുറിച്ച് ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ എങ്ങനെയാണ് ജനങ്ങള്‍ ഇനി വിശ്വാസത്തിലെടുക്കേണ്ടത് ?.

ഡിപിആറില്‍ ഒരു അത്ഭുതവും പ്രതീക്ഷിക്കേണ്ടതില്ല. ഡിപിആറിന്റെ എക്‌സിക്യൂട്ടീവ് സമ്മറി എല്ലാവരും കണ്ടതാണ്. അത് തന്നെ പരമാബദ്ധമാണ്. ഈ പദ്ധതി സ്വാഭാവികമായും സാമ്പത്തികമായി നിലനില്‍ക്കാത്തതും, പാരിസ്ഥിതികമായി വലിയ ദുരന്തവും സാമൂഹ്യപരമായി വലിയ തോതില്‍ കുടിയൊഴിക്കല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും നേരത്തേ അറിഞ്ഞതാണ്. അങ്ങനൊരു സാഹചര്യത്തില്‍ അതിനേക്കാള്‍ വലിയ വിശദാംശങ്ങളൊന്നും ഡിപിആറില്‍ ഉണ്ടാവുമെന്ന് കണക്കാക്കേണ്ടതില്ല. ഇതിന്റെയൊക്കെ വിശദീകരണങ്ങളായിരിക്കും ഡിപിആറില്‍ ഉണ്ടാവുക. ആകാശ സര്‍വവേ, അലൈന്‍മെന്റ്, പാരിസ്ഥിതിക പഠനം എന്നിവയൊക്കെ എത്രമാത്രം വിശ്വസനീയമാണ് എന്ന ചോദ്യമാണ് ഡിപിആറിലൂടെ ഉയരുക. എക്‌സിക്യൂട്ടീവ് സമ്മറിയിലെയും ഇതുവരെയും പുറത്തുവന്ന കാര്യങ്ങള്‍ വച്ചാണെങ്കില്‍ ഡിപിആര്‍ പുറത്തുവിട്ടതുകൊണ്ട് പദ്ധതിക്ക് അനുകൂലമായി ഒരു മാറ്റവും ഉണ്ടാവുമെന്നും കരുതേണ്ടതില്ല. ഡിപിആര്‍ ആദ്യം പുറത്തുവിടാന്‍ സര്‍ക്കാര്‍ മടിച്ചത് കൊണ്ടുതന്നെ എന്താണ് അതിലൂടെ ഒളിച്ചുവയ്ക്കാന്‍ ശ്രമിച്ചത് എന്നകാര്യം ഇനി അറിയാന്‍ കഴിഞ്ഞേക്കും.
ഇത് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുക മാത്രമല്ല സമരം കൂടുതല്‍ ശക്തമാവാനും കാരണമാവും.