മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാതിരഞ്ഞെടുപ്പില്‍ പതിവുപോലെ വര്‍ഗീയ രാഷ്ട്രീയം സജീവമായിരിക്കുന്നു. ഭരണ നേട്ടങ്ങള്‍ ചൂണ്ടി കാണിക്കാനില്ലാത്ത ബി.ജെ.പി ‘മതം’ തന്നെ വീണ്ടും രാഷ്ട്രീയ ആയുധമാക്കുകയാണ്. വിദ്വേഷ പ്രസംഗങ്ങളും മുസ്‌ലിംകളെ വംശീയ ഉന്മൂലനം ചെയ്യാനുള്ള ആഹ്വാനങ്ങളും മുഴങ്ങി കേള്‍ക്കുന്നു. നേതാക്കള്‍ വര്‍ഗീയതയുടെ ഇന്ധനം കത്തിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായി തീ പടര്‍ത്തുകയും ചെയ്യുന്നു. യു.പി യില്‍ മുസ്‌ലിംകള്‍ക്കെതിരെ ഈ ‘വെറുപ്പ്’ പടര്‍ത്തുന്നതില്‍ സംസ്ഥാനത്തെ ജനസംഖ്യാശാസ്ത്രത്തിലും രാഷ്ട്രീയ സമ്പദ് വ്യവസ്ഥയിലും ഇതിന്റെ ചില കാരണങ്ങള്‍ കണ്ടെത്താനാകും.

യു.പിയില്‍ ആകെ ജനസംഖ്യയുടെ 20 ശതമാനത്തില്‍ താഴെ മാത്രമാണ് മുസ്‌ലിംകള്‍. അവരില്‍ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് നഗരങ്ങളിലാണ്. സംസ്ഥാനത്തെ ഗ്രാമങ്ങളില്‍ ഓരോ ആറിലൊരാള്‍ മാത്രമാണ് മുസ്‌ലിം. എന്നാല്‍ നഗരപ്രദേശങ്ങളില്‍ അത് മൂന്നിലൊന്നായി ഉയരുന്നു. സംഘ്പരിവാറിലെ നിരവധി പ്രമുഖര്‍ ഡയറക്ടര്‍മാരായ സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസ് ഈയിടെ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. യു.പിയിലെ മുസ്‌ലിം ഭൂരിപക്ഷ നഗരങ്ങളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. 1981ല്‍ 17 ശതമാനമുണ്ടായിരുന്നത് 2011 ല്‍ 25 ശതമാനമായി. സംസ്ഥാനത്തെ പകുതിയിലധികം നഗര താലൂക്കുകളിലും ജനസംഖ്യയുടെ 40 ശതമാനത്തിലധികം മുസ്‌ലിംകളാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഉത്തര്‍പ്രദേശിലെ മുസ്‌ലിംകളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തില്‍ ഇത് കാര്യമായ സ്വാധീനം ചെലുത്തുന്നുവെന്നു സംഘ്പരിവാര്‍ തട്ടിക്കൂട്ടിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ 2009ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.എസ്.പിയും എസ്.പിയും ഭൂരിഭാഗം സീറ്റുകളും നേടിയപ്പോഴും യു.പിയിലെ ലോക്‌സഭാ എം.പിമാരില്‍ ഒമ്പത് ശതമാനത്തില്‍ താഴെ മാത്രമാണ് മുസ്‌ലിംകള്‍ ഉണ്ടായിരുന്നത്. മൂന്നു വര്‍ഷത്തിനുശേഷം നടന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ മുസ്‌ലിം എം.എല്‍.എമാര്‍ സംസ്ഥാന നിയമസഭയുടെ 17 ശതമാനത്തോളമുണ്ടായിരുന്നു. 2012 ലെ നഗര തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംകള്‍ 31 ശതമാനത്തിലധികം സീറ്റുകള്‍ നേടി. അത് ഏകദേശം അവരുടെ നഗര ജനസംഖ്യക്ക് അനുസൃതമായിരുന്നു.

2012 ആയപ്പോഴേക്കും യു.പിയിലെ പട്ടണങ്ങളില്‍ പ്രത്യേകിച്ച് റൂഹല്‍ഖണ്ഡ്, പടിഞ്ഞാറന്‍ യു.പി, അവാധ് ഉപമേഖലകളില്‍ അധികാരം വിനിയോഗിക്കുന്നതില്‍ മുസ്‌ലിംകള്‍ ശ്രദ്ദേയമായ പങ്ക് വഹിച്ചു. മുസ്‌ലിംകളുടെ ജനസംഖ്യാവര്‍ധനവിനെ ചൂണ്ടിക്കാട്ടി ബി.ജെ.പിയും ഹിന്ദുത്വ ശക്തികളും വ്യാപക ദുഷ്പ്രചാരണം നടത്തി. ഏതാനും വര്‍ഷങ്ങള്‍ക്കകം സംസ്ഥാനത്ത് മുസ്‌ലിംകള്‍ ഒന്നാം സ്ഥാനത്തെത്തും എന്നു അവര്‍ പ്രചരിപ്പിച്ചു. ഇതിനുവേണ്ടി മുന്‍ കേരള മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്റെ ‘കേരളം അടുത്ത ഇരുപത് വര്‍ഷത്തിനകം മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാകു’മെന്ന വിവാദ പ്രസ്താവന വരെ യോഗി ആദിത്യനാഥ് ഉദ്ധരിച്ചു. ശക്തമായ ഈ പ്രചാരണം യു.പി ജനതക്കിടയില്‍ ‘നമ്മള്‍ അവര്‍’ എന്ന ചേരിതിരിവിലേക്കും തന്മൂലം വര്‍ഗീയ രാഷ്ട്രീയത്തിന്റെ വിളനിലം ഒരുക്കുന്നതിലേക്കും നയിച്ചു.സംഘ്പരിവാര്‍ ലക്ഷ്യം വെച്ച രാഷ്ട്രീയം സാധൂകരിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ ഈ ‘ഡാറ്റാ വിശകലനം’ യു.പിയിലെ രാഷ്ട്രീയ അന്തരീക്ഷത്തിലുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാന്‍ സാധ്യമാകാത്തവിധം പ്രയാസമേറിയതായിരുന്നു. യു.പിയിലെ പട്ടണങ്ങളില്‍ മുസ്‌ലിംകളുടെ വിഹിതത്തിലുണ്ടായ ദ്രുതഗതിയിലുള്ള വര്‍ധനവിനു തടയിടാന്‍ പല പട്ടണങ്ങളില്‍ നിന്നും മറ്റു സമുദായങ്ങളെ, പ്രധാനമായും ഹിന്ദുക്കളെ ഇവിടങ്ങളിലേക്ക് കുടിയേറാന്‍ ഹിന്ദുത്വ ശക്തികള്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. യഥാര്‍ത്ഥത്തില്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള ഈ അവകാശവാദം ദുര്‍ബലവും കെട്ടിച്ചമച്ചതുമായിരുന്നു. ശമ്പളമുള്ള ജോലികള്‍ ഇപ്പോള്‍ കിട്ടാനുള്ള പ്രയാസം മൂലം സ്വകാര്യ സര്‍ക്കാര്‍ മേഖലകളില്‍ യുവ ഹിന്ദുക്കള്‍ പ്രത്യേകിച്ചു, പുരുഷന്‍മാര്‍ ബിസിനസ്സില്‍ പരീക്ഷണം നടത്താന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി മൊത്തത്തിലുള്ള സാമ്പത്തിക മാന്ദ്യം ബിസിനസ്സില്‍ വിജയിക്കുകയെന്നത് വളരെ പ്രയാസമേറിയതായിരിക്കുന്നു. യുവാക്കള്‍ സര്‍ക്കാര്‍ ജോലി കിട്ടാന്‍ മുന്‍കാലങ്ങളിലേക്കാള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ജോലി ലഭ്യത കുറവാണല്ലോ. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ യുവാക്കളോടു സ്വയംതൊഴില്‍ കണ്ടെത്താന്‍ ആവശ്യപ്പെടുന്നു. സവര്‍ണ്ണരും ഇടത്തരം ജാതിയില്‍പെട്ട ഹിന്ദുക്കളും സ്വയം തൊഴില്‍ മേഖലകളിലേക്ക് ഇറങ്ങുമ്പോള്‍ നേരത്തെ തന്നെ ആ മേഖലയില്‍ വിജയിച്ച മുസ്‌ലിംകളെ അവര്‍ കണ്ടെത്തുന്നു. ഇത് അവര്‍ക്കിടയില്‍ ബിസിനസ്സ് മത്സരത്തിനു ഇടയാക്കുന്നു. ഇവിടെ ഹിന്ദു വര്‍ഗീയ ശക്തികള്‍ വിഷം ചീറ്റുന്നു. ‘നമുക്ക്’ വേണ്ടിയുള്ള ജോലികള്‍ ‘മറ്റുള്ളവര്‍’ എടുത്തുകളയുന്നു എന്ന പ്രചാരണം വരുന്നു. അങ്ങനെ മുസ്‌ലിം ജനസംഖ്യാ വിസ്‌ഫോടനത്തെക്കുറിച്ചുള്ള തെറ്റായ സിദ്ധാന്തങ്ങള്‍ ആളുകള്‍ എളുപ്പത്തില്‍ വിശ്വസിക്കുന്നു.