X

ലോയ കേസ്: ഉത്തരമില്ലാതെ ഒരുപാട് ചോദ്യങ്ങള്‍

ന്യൂഡല്‍ഹി: ജഡ്ജ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ ഇതുവരെ ഉയര്‍ന്നുവന്ന ഒരുപിടി ചോദ്യങ്ങളാണ് ഉത്തരമില്ലാതെ കുഴിച്ചു മൂടപ്പെടുന്നത്.
കാരവന്‍ മാഗസിന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടിലും ഇതിനു ശേഷം പുറത്തുവന്ന വിവരങ്ങളിലും ജഡ്ജ് ലോയയുടെ മരണത്തില്‍ ദുരൂഹത തോന്നിപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ടായിരുന്നു. എന്നാ ല്‍ മരണം സ്വാഭാവികമാണെന്നും അന്വേഷണം പോലും ആവശ്യമില്ലെന്നും പരമോന്നത നീതിപീഠം തന്നെ നിലപാട് സ്വീകരിക്കുമ്പോള്‍ നീതിയുടെ എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെടുകയാണ് ചെയ്യുന്നത്.

ഹൃദയാഘാതമാണ് ജഡ്ജ് ലോയയുടെ മരണ കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ ചവിട്ടു പടികള്‍ കയറിയാണ് ലോയ ആസ്പത്രിയില്‍ എത്തിയതെന്നും ആരോഗ്യസ്ഥിതി മോശമായ ഒരാള്‍ക്ക് എങ്ങനെ ഇത് സാധ്യമാവുമെന്നുമായിരുന്നു ഒരു ചോദ്യം. വിദഗ്ധ ചികിത്സക്കെന്ന പേരില്‍ രാത്രിതന്നെ മറ്റൊരു ആസ്പത്രിയിലേക്ക് മാറ്റിയെന്നും ഇവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചെന്നുമായിരുന്നു റിപ്പോര്‍ട്ട്. 2014 ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു ലോയയുടെ മരണമെന്നാണ് ആസ്പത്രി രേഖകളില്‍ പറയുന്നത്.
എന്നാല്‍ പുലര്‍ച്ചെ അഞ്ചു മണിയോടെ തന്നെ ലോയ മരിച്ചതായി നാഗ്പൂരിലെ ഒരു ആര്‍.എസ്.എസ് നേതാവ് ലോയയുടെ കുടുംബത്തെ വിളിച്ചറിയിച്ചിരുന്നു. വിവരം അറിഞ്ഞ് ലോയയുടെ കുടുംബം നാഗ്പൂരിലേക്ക് പുറപ്പെട്ടെങ്കിലും ഇവര്‍ എത്തും മുമ്പു തന്നെ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായിരുന്നു. കുടുംബത്തിന്റെ അനുമതി പത്രം പോലും വാങ്ങാതെ എങ്ങനെ പോസ്റ്റ്‌മോര്‍ട്ടം നടത്തി എന്നതായിരുന്നു മറ്റൊരു ചോദ്യം.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മുകളില്‍നിന്ന് ഇടപെടല്‍ ഉണ്ടായി എന്ന് ആസ്പത്രി വൃത്തങ്ങളെ ഉദ്ധരിച്ച് നേരത്തെ വാര്‍ത്ത പുറത്തുവന്നിരുന്നു. പേരിനു മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നതെന്നും ശരിയായ രീതിയിലുള്ള പരിശോധന നടന്നിട്ടില്ലെന്നുമായിരുന്നു വെളിപ്പെടുത്തല്‍.

അമിത് ഷാ പ്രതിയായ കേസില്‍ നിശ്ചിതരീതിയില്‍ വിധി പ്രസ്താവിക്കാന്‍ ജഡ്ജ് ബി.എച്ച് ലോയക്ക് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്‌തെന്ന കുടുംബത്തിന്റെ വെളിപ്പെടുത്തലും ഇതുവരെ അന്വേഷണ വിധേയമായിട്ടില്ല.
ഹരിയാന ഹൈക്കോടതിയിലെ ജഡ്ജിയാണ് കോഴ വാഗ്ദാനം ചെയ്തതെന്ന കുടുംബത്തിന്റെ വെളിപ്പെടുത്തല്‍ ജുഡീഷ്യറിയെ ആഴത്തില്‍ ബാധിച്ചിട്ടുള്ള അഴിമതിയുടെ വികൃത മുഖം വെളിപ്പെടുത്തുന്നതായിരുന്നു.ഈ ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല.
മാത്രമല്ല, ജഡ്ജ് ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്ന ബെഞ്ച് നിശ്ചയിക്കുന്നതില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പ്രത്യേക താല്‍പര്യം കാണിച്ചുവെന്ന് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ആരോപണം ഉന്നയിച്ചിരുന്നു.
ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ തന്നെ അത്യപൂര്‍വ്വ നീക്കമായിരുന്നു നാല് മുതിര്‍ന്ന ജഡ്ജിമാരുടെ ഭാഗത്തുനിന്നുണ്ടായത്.

ഇപ്പോഴത്തെ കോടതി വിധിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ആരോപണങ്ങളാണ് അന്ന് നാല് മുതിര്‍ന്ന ജഡ്ജിമാരും ഉന്നയിച്ചത്. സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് പരാതിക്കാരായ ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ വിധി അന്തിമമെന്ന് വിധിന്യായത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ റിവ്യൂ ഹര്‍ജി പരിഗണിക്കാന്‍ സാധ്യതയില്ലെന്നാണ് നിയമ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഫലത്തില്‍ ജഡ്ജ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യങ്ങളെല്ലാം ഉത്തരം കിട്ടാതെ അവസാനിച്ചേക്കും.

chandrika: