അമിതഭാരം കയറ്റിയ ട്രക്കുകളടക്കമുള്ള വാഹനങ്ങളെ ദേശീയപാതയിൽ അനുവദിക്കാനാവില്ലെന്ന് ഹൈകോടതി. ഇത്തരം വാഹനങ്ങൾ അപകടങ്ങൾക്കും റോഡുകളുടെ തകർച്ചക്കും കാരണമാകുന്നുവെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിലയിരുത്തി. ദേശീയപാതയിൽ ഇവയുടെ സഞ്ചാരം തടയാൻ അടിയന്തര നടപടി വേണമെന്നും നിർദ്ദേശിച്ചു.
ഇതുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി തയാറാക്കിയ കരട് പ്രവർത്തന നടപടിക്രമം എങ്ങനെ നടപ്പാക്കാനാവുമെന്ന് സർക്കാർ അറിയിക്കാനും കോടതി നിർദേശിച്ചു.
കരിങ്കൽ ഉൽപന്നങ്ങളടക്കമുള്ളവ കൊണ്ടുപോകുന്നതിലൂടെ വ്യാപകമായി നികുതി വെട്ടിപ്പും നടക്കുന്നുണ്ടെന്നടക്കം ചൂണ്ടിക്കാട്ടി തൃശൂർ നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി. സതീശൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ദേശീയപാത അതോറിറ്റിയുടെ എസ്.ഒ.പി ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചർച്ച ചെയ്തതായി അറിയിച്ച സർക്കാർ, ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച തീരുമാനങ്ങളും അവ നടപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങളും അറിയിക്കാൻ ഒരാഴ്ച സമയംതേടി. ട്രക്കുകളിൽ അമിതഭാരം കയറ്റുന്നത് തടയാൻ ദേശീയപാത അതോറിറ്റിയും ഗതാഗത വകുപ്പും മറ്റ് ഏജൻസികളും കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു.
അമിതഭാരം കയറ്റിവരുന്ന ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യണം. നിയമലംഘനം തുടർച്ചയായി നടത്തിയാൽ ഹെവി ലൈസൻസ് റദ്ദാക്കണം. അമിതഭാരം റോഡ് തകരാനും അതിലൂടെ ഖജനാവിന് നഷ്ടമുണ്ടാക്കാനും കാരണമാകുന്നു. അമിതഭാരത്തിന് പിഴ ഈടാക്കുന്നതിനടക്കമുള്ള അധികാരം ഗതാഗത വകുപ്പിനാണെങ്കിലും വാഹനങ്ങളുടെ ഭാരം തൂക്കി ഉറപ്പിക്കുന്നതിനുള്ള സൗകര്യം ടോൾ പ്ലാസകളിൽ ലഭ്യമാക്കാമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ഇതടക്കം ഉൾപ്പെടുത്തിയാണ് എസ്.ഒ.പി തയാറാക്കിയിരിക്കുന്നത്. വിഷയം ഡിസംബർ 11ന് വീണ്ടും പരിഗണിക്കും.