kerala

നടി ആക്രമണക്കേസിലെ ആറു പ്രതികള്‍ക്കുള്ള ശിക്ഷ നാളെ

By webdesk18

December 11, 2025

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തപ്പെട്ട ആറു പ്രതികള്‍ക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാരായി കോടതി നേരത്തെ കണ്ടെത്തിയത്.

രാവിലെ 11 മണിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് ശിക്ഷ വിധി പ്രഖ്യാപിക്കാന്‍ കോടതിമുറിയില്‍ എത്തും. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 10 വകുപ്പുകള്‍ പ്രകാരമാണ് കുറ്റം തെളിഞ്ഞത്. കൂട്ടബലാത്സംഗം (IPC 376D), ഗൂഢാലോചന (120B), തട്ടിക്കൊണ്ടുപോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തല്‍, പ്രചരിപ്പിക്കല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ പല കുറ്റങ്ങള്‍ക്കും 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാനിടയുണ്ട്.

നാളത്തെ നടപടിക്രമം പ്രകാരം ജഡ്ജി ഓരോ പ്രതിയെയും പ്രതിക്കൂട്ടില്‍ നില്‍ക്കാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ഓരോ വകുപ്പുകളായുള്ള കുറ്റങ്ങളും അതിനുള്ള ശിക്ഷാ വ്യവസ്ഥകളും വ്യക്തമാക്കും. പ്രതികള്‍ക്ക് ശിക്ഷയ്ക്കെതിരെ പറയാനുള്ളതുണ്ടോയെന്ന് കോടതി കേള്‍ക്കും.

പ്രോസിക്യൂഷന്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ കുറ്റകൃത്യങ്ങളായ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, അപമാനിക്കല്‍, ദൃശ്യങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയവ മുഴുവന്‍ തന്നെ തെളിയിക്കാന്‍ കഴിഞ്ഞതായി പ്രോസിക്യൂഷന്‍ വാദിക്കുന്നു. പ്രതികളോട് കുറ്റം ചുമത്താന്‍ പൂര്‍ത്തിയായ തെളിവുകളും സാക്ഷ്യങ്ങളും ലഭ്യമായെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.