News

അവര്‍ ചിരിച്ചു, വേദനകള്‍ മറന്ന്

By webdesk17

December 06, 2025

ഗസ്സ: രണ്ട് വര്‍ഷത്തിലേറെയായി ഇസ്രാഈലി വംശഹത്യയില്‍ സര്‍വവും തകര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തില്‍ അകപ്പെട്ടവരാണ് ഗസ്സയിലെ കുട്ടികള്‍. കൂട്ട ബോംബാക്രമണം കുടിയൊഴിപ്പിക്കല്‍, കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നഷ്ടം, വീടുകളും സ്‌കൂളുകളും തകര്‍ന്നടിഞ്ഞത് തുടങ്ങി ഗസ്സയിലെ കുട്ടികള്‍ കടന്നു പോയത് പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങളിലൂടെയാണ്. ഇത്തരത്തില്‍ ചിരി മാഞ്ഞു പോയ ഗസ്സയിലെ കുട്ടികള്‍ക്കായി കഴിഞ്ഞ ദിവസം സന്നദ്ധ പ്രവര്‍ത്തകര്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡുകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചു. ചിരി മാഞ്ഞു പോയ മുഖങ്ങളില്‍ ചിരി പടര്‍ത്താനായൊരു ശ്രമം. ഇസ്രാഈലിന്റെ യുദ്ധവും തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങളും ഉണ്ടായിരുന്നിട്ടും കുട്ടികള്‍ക്ക് ആശ്വാസവും വിനോദവും അനുഭവിക്കാനുള്ള അപൂര്‍വ ഇടം നല്‍കിക്കൊണ്ടാണ് സന്നദ്ധപ്രവര്‍ത്തകര്‍ നഗരത്തിലെ കുടിയൊഴിപ്പിക്കല്‍ ക്യാമ്പുകളിലൊന്നില്‍ ഒരു താല്‍ക്കാലിക സ്‌ക്രീന്‍ സ്ഥാപിച്ചത്. കുട്ടികള്‍ക്ക് പോസിറ്റീവ് വൈബില്‍ ജീവിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ ഇവിടെ ശ്രമിക്കുന്നുവെന്നായിരുന്നു സംരംഭത്തിന്റെ മീഡിയ കോര്‍ഡിനേറ്റര്‍ മിനാസ് അല്‍ ജാബറിന്റെ പ്രതികരണം. ഗസ്സയിലെ യുദ്ധസമയത്ത് അവര്‍ താമസിച്ചിരുന്ന രംഗങ്ങള്‍, യുദ്ധം തുടങ്ങിയ സീനുകള്‍ക്കൊന്നും സ്‌ക്രീനില്‍ ഇടം നല്‍കിയില്ല.

ഗസ്സയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 20,000 കുട്ടികള്‍ കൊല്ലപ്പെടുകയും 2023 ഒക്ടോബര്‍ 7 മുതല്‍ പതിനായിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്. കുറഞ്ഞത് 55,000 കുട്ടികള്‍ക്ക് ഒന്നോ രണ്ടോ മാതാപിതാക്കളെ വംശഹത്യയില്‍ നഷ്ടപ്പെട്ടു. 92 ശതമാനം സ്‌കൂളുകളും ഗുരുതരമായി കേടു പാടുകള്‍ സംഭവിക്കുകയോ നശിപ്പിക്കുകയോ ചെയ്തതിനാല്‍, മിക്ക കുട്ടികള്‍ക്കും രണ്ട് വര്‍ഷമായി ഔപചാരിക വിദ്യാഭ്യാസം ലഭ്യമല്ല. വംശഹത്യ ആരംഭിച്ചതിന് ശേഷം ഗസ്സ മുനമ്പില്‍ ആദ്യമായാണ് ഒരു സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ഇത് എനിക്ക് ഒരു പുതിയ കാര്യമാണ്. ഞാന്‍ യുദ്ധത്തില്‍ നിന്ന് പുറത്തുവന്നു. സിനിമ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഞങ്ങള്‍ അത് ശരിക്കും ആസ്വദിച്ചു.’ സിനിമ കാണാനെത്തിയ ക്യാമ്പില്‍ കഴിയുന്ന പെണ്‍കുട്ടി സാറ അബു ഷാര്‍ബി പറഞ്ഞു. കുട്ടികള്‍ക്കു പ്രതീക്ഷയും ഭാവനയും നിലനിര്‍ത്താനുള്ള ഒരു മാര്‍ഗമാണിതെന്ന് താന്‍ വിശ്വസിക്കുന്നതായി ഫലസ്തീന്‍ സംവിധായകന്‍ മുസ്തഫ അല്‍ നബീഹ് പറഞ്ഞു. എല്ലാം നഷ്ടമായ ഒരു കുട്ടിക്ക് സിനിമയിലൂടെ മികച്ച യാഥാര്‍ത്ഥ്യത്തെ കാണാന്‍ കഴിയും അല്‍ നബിഹ് പറഞ്ഞു. സിനിമ ഒരു കുട്ടിയെ ഭാവന, സ്‌നേഹം, സൗന്ദര്യം എന്നിവയുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു. ഇത് അവരുടെ മനസ്സിനെ ചലിപ്പിക്കുന്നു, അവരെ ഒരു വിദൂര ചക്രവാളത്തിലേക്ക് എത്താന്‍ അനുവദിക്കുന്നു, ഒപ്പം അവര്‍ക്ക് ചുറ്റുമുള്ള നാശത്തില്‍ നിന്ന് പുറത്തെടുക്കുന്ന നിറങ്ങളും കഥകളും നിമിഷങ്ങളും കാണിക്കുന്നു- അദ്ദേഹം പറഞ്ഞു. ഇസ്രാഈല്‍ വംശഹത്യ തീര്‍ത്ത മാനസികാഘാതത്തില്‍ നിന്നും ഗസ്സയിലെ കുഞ്ഞുങ്ങളെ പടിപടിയായി പുറത്ത് കൊണ്ടു വരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പ്രദര്‍ശനമെന്ന് സംഘാടകര്‍ പറയുന്നു. നവംബര്‍ 28നാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന കുട്ടികള്‍ക്കായുള്ള ഫിലിം ഫെസ്റ്റിവലിന് തുടക്കമായത്.