ദൈവത്തിന്റെ സ്വന്തം നാട് ഗുണ്ടാ സംഘങ്ങളുടെ സ്വന്തം നാടായി മാറുകയാണോ എന്ന് ആരെങ്കിലും സംശയിച്ചുപോയാല്‍ അവരെ കുറ്റപ്പെടുത്താനാകില്ലെന്ന അവസ്ഥയിലാണ് ഇന്ന് നമ്മുടെ നാട്. അതിനു അടിവരയിടുന്ന സംഭവങ്ങള്‍ക്കാണ് ഓരോ ദിവസം സാക്ഷര സുന്ദര കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭരണസിരാ കേന്ദ്രത്തിന്റെ മൂക്കിന് താഴെ പോത്തന്‍കോട് നടന്ന സംഭവം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. കാറില്‍ സഞ്ചരിക്കുകയായിരുന്ന വെഞ്ഞാറമൂട് സ്വദേശിയായ വയ്യേറ്റ് ഇടവിളാകത്തുവീട്ടില്‍ ഷെയ്ക് മുഹമ്മദ് ഷാ, അദ്ദേഹത്തിന്റെ പതിനേഴുകാരിയായ മകള്‍ എന്നിവരെയാണ് കാറിലെത്തിയ സംഘം ക്രൂരമായി മര്‍ദ്ദനത്തിനിരയാക്കിയത്. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയ നാലംഗ ഗുണ്ടാസംഘം യാത്രക്കാരായ അച്ഛനും മകളെയും ആക്രമിക്കുകയായിരുന്നു. ഗുണ്ടകള്‍ പെണ്‍കുട്ടിയുടെ മുഖത്തടിക്കുകയും കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മുടിയില്‍ കുത്തി പിടിച്ചു. കാറ് ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ഗുണ്ടകളുടെ മര്‍ദനം. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കാറില്‍ പ്രധാനറോഡിലൂടെ വരികയായിരുന്നു അച്ഛനും മകളും. ഇതിനിടെ വാഹനം തിരിക്കാന്‍ശ്രമിക്കുകയായിരുന്ന ഗുണ്ടാസംഘം ഇവരോട് കാര്‍ പിന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രധാന റോഡില്‍ നിരവധി വാഹനങ്ങളുണ്ടായതിനാല്‍ കാര്‍ പിന്നോട്ടെടുക്കാന്‍ കഴിഞ്ഞില്ല. ഇതോടെ പ്രകോപിതരായ ഗുണ്ടാസംഘം വാഹനത്തില്‍നിന്നിറങ്ങി അച്ഛനെയും മകളെയും ആക്രമിക്കുകയായിരുന്നു.

ഇതേ പോത്തന്‍കോട് വെച്ചു തന്നെയായിരുന്നു യുവാവിനെ കൊലപ്പെടുത്തിയ ശേഷം കാല്‍ വെട്ടിയെടുത്ത് ബൈക്കില്‍ പട്ടാപ്പകല്‍ റോഡിലേക്ക് വലിച്ചെറിഞ്ഞ് ഗുണ്ടാ സംഘങ്ങള്‍ ആനന്ദ നൃത്തമാടിയത്. തലസ്ഥാന നഗരി ഗുണ്ടാ വിളയാട്ടമാകുമ്പോള്‍ നാടെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗുണ്ടകള്‍ അഴിഞ്ഞാട്ടം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ആഘോഷ ദിനങ്ങളില്‍ പോലും ഉള്ളിലൊരു ഭയത്തോടെയാണ് കുടുംബത്തെയും കൂട്ടി ഗൃഹനാഥന്ഡ പുറത്തിറങ്ങുന്നത്. ഒറ്റപ്പെട്ട് താമസിക്കുന്ന സ്ത്രീകളും വൃദ്ധരുമെല്ലാം ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലുമാണ്. ഏതു സമയത്തും തങ്ങള്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന അരക്ഷിതമായ അവസ്ഥായാണ് നാട്ടിലെ വര്‍ത്തമാനങ്ങള്‍ അവര്‍ക്ക് സമ്മാനിച്ചു കൊണ്ടിരിക്കുന്നത്.
മകളുടെ പ്രണയ വിവാഹത്തിന് സഹായിച്ചതിന്റെ പേരില്‍ മകളുടെ ഭര്‍ത്തവിന്റെ ബന്ധുവിനെതിരില്‍ ക്വട്ടേഷന്‍ നല്‍കിയ ദമ്പതികള്‍ കോഴിക്കോട്ട് അറസ്റ്റിലായത് ഇന്നലെയാണ്. ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായത്തോടെ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താക്കന്‍മാരെ വകവരുത്തിയ സംഭവങ്ങള്‍ വരെ നിരന്തരമായി വാര്‍ത്തകളില്‍ ഇടംപിടിച്ചുകൊണ്ടിരിക്കുകയാണ്. ചുരുക്കത്തില്‍ ഏതു സമയവും ആര്‍ക്കും എന്താവശ്യത്തിനും സമീപിക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ കൈയ്യെത്തും ദൂരത്തുണ്ടെന്ന സന്ദേശമാണ് ഇത്തരം സംഭവത്തിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. ക്വട്ടേഷന്‍ ഏല്‍പ്പിക്കുന്നവരും ഏറ്റെടുക്കുന്നവരുമൊന്നും ഇതൊരു കുറ്റകൃത്യം പോലുമല്ലാതായി കാണുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

കേരളം ക്വട്ടേഷന്‍ സംഘങ്ങളുടെയും ഗുണ്ടാവിളയാട്ടത്തിന്റെയും സ്വന്തം നാടായി മാറുന്നതിനു പിന്നില്‍ ഭരണകൂടത്തിന്റെ നിഷ്‌കൃയിത്വം വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല എന്നാണ് ഇത്തരം സംഭവങ്ങളില്‍ പൊലീസിനുണ്ടാകുന്ന വീഴ്ച്ചകള്‍ ചൂണ്ടിക്കാണിക്കുന്നത്. പെണ്‍കുട്ടിയെയും പിതാവിനെയും മര്‍ദ്ദിച്ച പോത്തന്‍കോട്ടെ സംഭവം തന്നെ ഇക്കാര്യം വ്യകതമാക്കുന്നു. അക്രമത്തിനു ശേഷം പൊലീസ് തിരഞ്ഞു നടക്കുന്ന ഗുണ്ടാ സംഘം പോത്തന്‍കോട് ടൗണില്‍ വിലസുകയായിരുന്നു. ഗുണ്ടകളെ പിടികൂടാന്‍ അവസരമുണ്ടായിട്ടും പൊലീസ് അതിനു ശ്രമിച്ചില്ലെന്നു മാത്രമല്ല ഇവര്‍ സ്ഥിരമായി എത്താറുണ്ടായിരുന്ന പൊത്തന്‍കോട് ബാറില്‍ പോലും പരിശോധന നടത്താന്‍ നിയമപാലകര്‍ തയാറായില്ല എന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ ഈ സംഘം രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ബാറില്‍ സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു. അതുപോലീസ് അറിയുന്നതാകട്ടേ പിറ്റേന്നു പകലിലും. ബാര്‍ ഉടമ പരാതിപ്പെട്ടിട്ടില്ല എന്ന ന്യായവാദവുമായി പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ പോലും പൊലീസ് തയാറായില്ല. ക്വട്ടേഷന്‍ സംഘങ്ങളോടും ഗുണ്ടകളോടും ഇത്രയും ഉദാസീന സമീപനം സ്വീകരിക്കുന്ന ഒരു നാട്ടില്‍ സമാധാനം നിനില്‍ക്കണമെങ്കില്‍ അല്‍ഭുതങ്ങള്‍ സംഭവിക്കേണ്ടി വരും എന്ന കാര്യത്തില്‍ സംശയത്തിന് യാതൊരു ഇടവുമില്ല.

സംസ്ഥാനത്ത് 4500ലേറെ ഗുണ്ടകളുണ്ടെന്നും അതില്‍ 1300ലേറെ പേര്‍ ഫീല്‍ഡില്‍ സജീവമാണെന്നുമാണ് ഇന്റലിജന്‍സിന്റെ തന്നെ കണക്ക്. ഇതില്‍ ഏറ്റവും കൂടുതല്‍, അതായത് 38 പേര്‍ തിരുവനന്തപുരത്താണെന്നുള്ളത് കൂടുതല്‍ കൗതുകം നല്‍കുന്നു. പൊലീസിന്റെയും ഭരണ കക്ഷിയുടെയുമെല്ലാം മൗന സമ്മദമാണ് പലപ്പോഴും ഈ സംഘങ്ങള്‍ക്ക് തണലാവുന്നത് എന്നതാണ് ഈ കണക്കുകള്‍ നല്‍കുന്ന സൂചന.