കല്‍പ്പറ്റ: വയനാട് വെള്ളമുണ്ടയില്‍ വ്യാജമദ്യം കഴിച്ച മൂന്നു പേര്‍ കുഴഞ്ഞുവീണ് മരിച്ചു. വാരാമ്പറ്റ കൊച്ചാറ കോളനിയിലെ തിഗിനായി (78), മകന്‍ പ്രമോദ് (35), ബന്ധുവായ പ്രസാദ് (35) എന്നിവരാണ് മരിച്ചത്.

ഇന്നലെ ഉച്ചക്ക് വീട്ടില്‍ നിന്നും മദ്യം കഴിച്ച തിഗിനായി കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ആസ്പത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചിരുന്നു. എന്നാല്‍ മരണത്തില്‍ ബന്ധുക്കള്‍ അസ്വാഭാവികത തോന്നിയിരുന്നില്ല. ഇദ്ദേഹത്തിന്റെ മൃതദേഹം ഇന്നു രാവിലെ സംസ്‌കരിക്കുന്നതിന് ഒരുക്കങ്ങളും നടത്തി.

ഇന്നലെ രാത്ര പത്തരയോടെ മരണവീട്ടിലെ അടുക്കളയില്‍ കണ്ട മദ്യം തിഗിനായുടെ മകന്‍ പ്രമോദും സഹോദരിയുടെ മകനായ പ്രസാദും ചേര്‍ന്ന് കഴിക്കുകയായിരുന്നു.

ഉടന്‍ തന്നെ കുഴഞ്ഞുവീണ് ഇവരെ മാനന്തവാടിയിലെ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണം വ്യാജമദ്യം കഴിച്ചാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് തിഗിനായുടെ മൃതദേഹവും പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി.