തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും പട്ടാപ്പകല്‍ നടുറോഡില്‍ കൊലപാതകം. മുറ്റിച്ചൂരിലാണ് കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയത്. അന്തിക്കാട് ആദര്‍ശ് വധക്കേസിലെ പ്രതി നിധിലാണ് കൊല്ലപ്പെട്ടത്.

നിധില്‍ യാത്രചെയ്ത കാറില്‍ വാഹനമിടിപ്പിച്ച ശേഷം വലിച്ചിറക്കി പരസ്യമായി വെട്ടിക്കൊല്ലുകയായിരുന്നു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഫലമാണ് കൊലപാതകം എന്നാണ് പൊലീസ് പറയുന്നത്. രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. പൊലീസ് എത്തിയതിന് ശേഷമാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന് രാഷ്ട്രീയ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. തൃശൂര്‍ ജില്ലയില്‍ അടുത്തടുത്ത ദിവസങ്ങളില്‍ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണ് ഇത്.