അജ്മാന്‍: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി തനിക്കു തരാനുള്ള പണം മുഴുവന്‍ നല്‍കിയാല്‍ കേസില്‍നിന്നു പിന്നോട്ടുപോകാന്‍ തയാറാണെന്നു അജ്മാനിലെ യുവ വ്യവസായി നാസില്‍ അബ്ദുല്ല. തനിക്കു തരാനുള്ള പണം നല്‍കാത്തതിന്റെ പേരില്‍ നേരത്തെ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ നാസില്‍ കേസ് നല്‍കിയിട്ടുണ്ട്. നാസിലുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നപരിഹാരമുണ്ടാക്കാനാണു തനിക്കു താല്‍പര്യമെന്ന് തുഷാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, പരിഹാരമുണ്ടാകുന്നതുവരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നു നാസില്‍ വെളിപ്പെടുത്തി. തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയിലെ മറ്റു പലര്‍ക്കും പണം നല്‍കാനുണ്ട്. പത്തോളം പേരെ എനിക്കു തന്നെ നേരിട്ടറിയാം. പലരും ഭയം കാരണം കേസിനു പോകാതിരിക്കുന്നതാണെന്നും തൃശൂര്‍ മതിലകം സ്വദേശിയായ നാസില്‍ പറഞ്ഞു.

ചിലരുടെ കൈവശം ഒരു പക്ഷേ, ചെക്കുകളുണ്ടായിരിക്കുകയില്ല, കരാര്‍ രേഖകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. വലിയ നിയമ പോരാട്ടം തന്നെ നടത്തേണ്ടിവരുമെന്നതിനാല്‍, പണം പോയ്‌ക്കോട്ടെ, മനസമാധാനത്തോടെ കഴിയാമല്ലോ എന്നായിരിക്കാം അവര്‍ ചിന്തിക്കുന്നത്. അവരില്‍ ചില കമ്പനികളുടെ പേരുകളും മറ്റും വേണമെങ്കില്‍ വെളിപ്പെടുത്താന്‍ തയാറാണെന്നും നാസില്‍ പറഞ്ഞു. പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്കു പലപ്പോഴും എല്ലാ ഭാഗത്തുനിന്നും സഹായങ്ങള്‍ ലഭിച്ചേക്കാം. എന്നെപ്പോലുള്ള സാധാരണക്കാരെ പിന്തുണക്കാനും മറ്റും ആരുമുണ്ടാവില്ല. ആരാണ് സഹായിക്കുന്നതെന്നും ദ്രോഹിക്കുന്നതെന്നും തിരിച്ചറിയാനാകാത്ത കാലമാണിതെന്നും നാസില്‍ കൂട്ടിച്ചേര്‍ത്തു.

ഏതു വലയും മുറിച്ച് പുറത്തു ചാടാന്‍ കഴിയുന്ന തുഷാര്‍ വെള്ളാപ്പള്ളിയെപ്പോലുള്ള വലിയ മീനുകള്‍ക്ക് എല്ലാ ഭാഗത്തുനിന്നും സഹായങ്ങള്‍ ലഭിക്കും. ഇവരോട് ഏറ്റുമുട്ടുമ്പോള്‍ എനിക്കും ഭയമുണ്ട്. അതുകൊണ്ട് ഞാനെന്റെ മുഖം പൊതുജനങ്ങളില്‍നിന്നു മറച്ചുപിടിക്കുകയാണ്. പക്ഷേ, ജീവിക്കാന്‍ വേറെ നിവൃത്തിയില്ലാത്തതിനാലാണ് ചെക്ക് കേസ് നല്‍കിയത്. രേഖകളെല്ലാം കൃത്യമായുള്ള കരാര്‍ പ്രകാരമുള്ള പണമാണു തുഷാര്‍ വെള്ളാപ്പള്ളി തരാനുള്ളത്. കെട്ടിച്ചമച്ചതാകുമ്പോള്‍ അതിനു രേഖകളൊന്നും ഉണ്ടാവില്ലല്ലോ. കേസു കൊടുത്ത തുകയെഴുതിയ ചെക്കും ഈ കരാറില്‍ എഴുതിയിട്ടുണ്ട്. സെക്യൂരിറ്റിയായി നല്‍കിയ ബ്ലാങ്ക് ചെക്കായിരുന്നു അത്.