ദുബായ്: ചെക്ക് കേസില്‍ നിയമനടപടി നേരിടുന്ന തുഷാര്‍ വെള്ളിപ്പാള്ളിക്കെതിരെ ദുബായ് കോടതിയില്‍ സിവില്‍ കേസും. ചെക്ക് കേസിലെ പരാതിക്കാരനായ തൃശ്ശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ളയാണ് ദുബായ് കോടതിയില്‍ തുഷാറിനെതിരെ സിവില്‍ കേസ് നല്‍കിയിരിക്കുന്നത്. തുഷാറില്‍ നിന്നും കിട്ടാനുള്ള പണം മടക്കി കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് സിവില്‍ കേസ്. കേസ് കോടതി ഫയലില്‍ സ്വീകരിച്ചു.

ബിസിനസ് ഇടപാടില്‍ ഒന്‍പത് ദശലക്ഷം ദിര്‍ഹം കിട്ടാനുണ്ടെന്നു കാട്ടിയാണ് നാസില്‍ അബ്ദുള്ള അജമാന്‍ നുഐമി പൊലീസില്‍ പരാതി നല്‍കിയിരുന്നത്. ഈ കേസില്‍ തുഷാറിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെ കോടതിക്കു പുറത്തുവച്ച് ഒത്തുതീര്‍പ്പ് ശ്രമങ്ങളും നടന്നതായി വാര്‍ത്ത വന്നിരുന്നു. മുഖ്യമന്ത്രിയും വ്യവസായിയായ യൂസഫലിയും ഇടപെട്ടാണ് തുഷാറിന് ജാമ്യം അനുവദിച്ചത്.