ന്യൂഡല്‍ഹി: സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് പ്രശസ്ത കര്‍ണാട്ടിക് സംഗീതജ്ഞന്‍ ടി. എം കൃഷ്ണയുടെ സംഗീത നിശ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ റദ്ദാക്കിയതിനെ തുടര്‍ന്ന് പുതിയ വേദിയൊരുക്കി ഡല്‍ഹി കെജ്്‌രിവാള്‍ സര്‍ക്കാര്‍.
ഡല്‍ഹിയിലെ സാകേതില്‍ സൈദുല്‍ അജൈബ് വില്ലേജില്‍ പ്രത്യേകം ഒരുക്കിയ വേദിയില്‍ നാളെയാണ് പരിപാടി നടക്കുക. പരിപാടിയുടെ തീയതി നിശ്ചയിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് വിവരം പുറത്തിവിട്ടത്. ഡല്‍ഹി വേദിയില്‍ താന്‍ നാളെ എത്തുമെന്ന് ടിഎം കൃഷ്ണയും വ്യക്തമാക്കി.

തലസ്ഥാന നഗരത്തില്‍ സംഗീത പരിപാടി നടത്താന്‍ എല്ലാ സഹായവും ചെയ്തു നല്‍കുമെന്ന് ഇന്നലെ തന്നെ സാംസ്‌കാരിക വകുപ്പ് നിയന്ത്രിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉറപ്പു നല്‍കിയിരുന്നു. കൃഷ്ണയെ പിന്തുണച്ച് ആംആദ്മിയും രംഗത്തെത്തി.

ദേശവിരുദ്ധനും അന്യമതസ്ഥരുടെ ഗാനമാലപിക്കുന്ന ആളെന്നുമാരോപിച്ച് സംഘപരിവാര്‍ കൃഷ്ണയ്‌ക്കെതിരെ വലിയ പ്രചാരണമാണ് അഴിച്ചുവിട്ടത്. തുടര്‍ന്നാണ് ഈ മാസം 17, 18 തിയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കാനിരുന്ന സംഗീതപരിപാടി എയര്‍പോര്‍ട്ട് അതോറിറ്റി റദ്ദാക്കിയത്.

ഡല്‍ഹിയിലെ നെഹ്‌റു പാര്‍ക്കില്‍ നാളെയാണ് കൃഷ്ണയുടെ സംഗീത പരിപാടി നടത്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചിരുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഔദ്യോഗികമായി പരിപാടി പ്രഖ്യാപിച്ചതിന് ശേഷമാണ് അതോറിറ്റി പിന്മാറിയിരിക്കുന്നത്. മതേതര നിലപാടുകളും ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ കര്‍ണാടക സംഗീതത്തില്‍ ഒരുക്കുകയും ചെയ്തതിന് പിന്നാലെ ടിഎം കൃഷ്ണയ്ക്ക് നേരെ സംഘപരിവാര്‍ ഭീഷണികളും രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ കര്‍ണാടക സംഗീതത്തില്‍ മുസ്ലിം, ക്രിസ്ത്യന്‍ പാട്ടുകള്‍ പാടിയതിന് ടിഎം കൃഷ്ണയ്‌ക്കെതിരെ ഭീഷണിയുയര്‍ന്നിരുന്നു. ഭീഷണിക്ക് പിന്നാലെ എല്ലാ മാസവും ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ കര്‍ണാടക സംഗീതത്തില്‍ തീര്‍ക്കുമെന്ന ടിഎം കൃഷ്ണയുടെ ട്വീറ്റ് വ്യാപകമായി പ്രചരിച്ചതോടെയാണ് പരിപാടി റദ്ദാക്കിയതെന്നാണ് സൂചന. പരിപാടി മാറ്റി വച്ചെങ്കിലും കാരണമെന്താണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കിയിട്ടില്ല.

അതേസമയം, സംഗീത നിശ റദ്ദാക്കിയ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിച്ച് ടി.എം.കൃഷ്ണ രംഗത്തെത്തി. സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങില്ലെന്ന് കൃഷ്ണ പ്രതികരിച്ചു. ‘ഡല്‍ഹിയില്‍ വേദി തരൂ, ഞാന്‍ വരാം സംഗീത നിശയും അവതരിപ്പിക്കാം. ഏതുതരം ഭീഷണികളെയും തള്ളികളയുന്നു’. എന്നും കൃഷ്ണ വ്യക്തമാക്കിയിരുന്നു.