തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇടിഞ്ഞു. ഇന്നലെ രാവിലെ 25,200 രൂപയില്‍ നടന്ന സ്വര്‍ണ വ്യാപാരം ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കുതിച്ചുകയറി. സ്വര്‍ണത്തിന് ഉച്ചയോടെ നിരക്ക് 25,680 രൂപയായി ഉയര്‍ന്നു. എന്നാല്‍, ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 3,190 രൂപയും പവന് 25,520 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ വില. ഇന്നലെ സ്വര്‍ണത്തിന്റെ തീരുവ ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തീരുവ 12.50 ശതമാനമായാണ് വര്‍ധിപ്പിച്ചത്.

ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,210 രൂപയും പവന് 25,680 രൂപയുമായിരുന്നു നിരക്ക്. ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,399.15 ഡോളറാണ് ഇന്നത്തെ നിരക്ക്. 18.55 ഡോളറിന്റെ ഇടിവാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.