ലണ്ടന്‍/ടെഹ്‌റാന്‍: ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത എണ്ണക്കപ്പല്‍ വിട്ടുതന്നില്ലെങ്കില്‍ അവരുടെ കപ്പലും പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍. ബ്രിട്ടിഷ് അംബാസഡറെ വിളിച്ചുവരുത്തിയാണ് ഇറാന്‍ ഇക്കാര്യം അറിയിച്ചത്. എണ്ണക്കപ്പല്‍ വിട്ടുതന്നില്ലെങ്കില്‍ ബ്രിട്ടിഷ് കപ്പല്‍ പിടിച്ചെടുക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഉപദേഷ്ടകന്മാരില്‍ ഒരാളായ മൊഹ്‌സെന്‍ റെസായി പറഞ്ഞു.

വ്യാഴാഴ്ചയാണ് സിറിയയിലേക്ക് എണ്ണയുമായി പോയ ഇറാനിയന്‍ കപ്പലായ ഗ്രേസ് 1 (സൂപ്പര്‍ ടാങ്കര്‍), ഗിബ്രാള്‍ട്ടര്‍ കടലിടുക്കില്‍വച്ച് 30 ബ്രിട്ടിഷ് നാവികരും 42 കമാന്‍ഡോകളും ചേര്‍ന്ന് പിടിച്ചെടുത്തത്. കപ്പല്‍ 14 ദിവത്തേയ്ക്കു തടഞ്ഞുവയ്ക്കാന്‍ ഗിബ്രാള്‍ട്ടര്‍ കോടതി ഉത്തരവിടുകയും ചെയ്തു. യൂറോപ്യന്‍ യൂണിയന്റെ ഉപരോധചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. യുറോപ്യന്‍ യൂണിയന്റെ വിലക്ക് നേരിടുന്ന രാജ്യമാണ് സിറിയ. യു.എസ്. ഇടപെടലിനെ തുടര്‍ന്നാണ് ബ്രിട്ടന്‍ ടാങ്കര്‍ പിടിച്ചെടുത്തതെന്നാണ് ഇറാന്‍ ആരോപിക്കുന്നത്.