ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കവുമായി വീണ്ടും ബി.ജെ.പി. കര്‍ണാടക ഭരിക്കുന്ന ജെ.ഡി.എസ്‌കോണ്‍ഗ്രസ് സര്‍ക്കാരിന് ഭീഷണിയായി എട്ട് ഭരണപക്ഷ എം.എല്‍.എമാര്‍ രാജിക്കൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഇവര്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി.

കോണ്‍ഗ്രസിന്റെ അഞ്ച് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരുമാണ് രാജിക്ക് ഒരുങ്ങുന്നത്. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന രമേഷ് ജര്‍ക്കിഹോളി അടക്കമുള്ളവരാണ് സ്പീക്കറുടെ ഓഫീസിലെത്തിയത്. ജെ.ഡി.എസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ എച്ച്.വിശ്വനാഥ്, മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി എന്നിവരും രാജിവയ്ക്കുന്ന എം.എല്‍.എമാരില്‍ ഉള്‍പ്പെടും. രാജിവയ്ക്കാനാണ് വന്നതെന്ന് സ്പീക്കര്‍ ഓഫീസിലെത്തിയ രാമലിംഗ റെഡ്ഡി എംഎല്‍എ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

അടിയന്തര രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ണാടകയുടെ ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. എ.ഐ.സി.സി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ വിധാന്‍ സഭയിലെത്തി എം.എല്‍.എമാരെ കണ്ടു. എം.എല്‍.എമാര്‍ ആരും രാജിവെക്കില്ലെന്ന് ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.