മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞു. ഒരു വോട്ടിന്റെ ഭൂരപക്ഷത്തിന് ജയിച്ചവര്‍ വരെ സംസ്ഥാനത്തുണ്ട്. എന്നാല്‍ ഏത് സ്ഥാനാര്‍ത്ഥിക്കാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം കിട്ടിയത് എന്ന ചോദ്യത്തിന് ഉത്തരമായി. ഇടതു തരംഗമെന്ന് സിപിഎം അവകാശപ്പെടുന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയത് മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയാണ്.

28,983 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ടിപിഎം ബഷീര്‍ വിജയിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് എടരിക്കോട് ഡിവിഷനില്‍ നിന്നാണ് ബഷീര്‍ ജനവിധി തേടിയത്. പ്രവര്‍ത്തകരാണ് ഇത് അന്വേഷിച്ച് കണ്ടെത്തിയതെന്നും ജനങ്ങള്‍ നല്‍കിയ അംഗീകാരത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രഭാഷകനും എഴുത്തുകാരനുമായ ബഷീറിന്റെ കന്നിയങ്കത്തില്‍ തന്നെയാണ് വോട്ട് കണക്കില്‍ കേരളത്തില്‍ നേട്ടം കുറിക്കുന്നത്. മുസ്‌ലിം യൂത്ത് ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയായിരുന്ന ഇദ്ദേഹം മലപ്പുറം ജില്ലയുടെ ചരിത്രം പറയുന്ന ‘മലപ്പുറം ജില്ല: പിറവിയും പ്രയാണവും’ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. ജില്ലയുടെ ചരിത്രകാരന്‍ ജില്ലാ പഞ്ചായത്തിലേക്ക് എന്നാണ് വിജയത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റേയും സുഹൃത്തുക്കളുടേയും മറുപടി.