Connect with us

local

പാലം പൊളിച്ച് പണിയുന്നു; പെരിന്തല്‍മണ്ണ നഗരത്തില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം

Published

on

നിലമ്പൂര്‍ സംസ്ഥാന പാതയില്‍ പെരിന്തല്‍മണ്ണ ചില്ലീസ് ജംക്ഷന്‍ മുതല്‍ ടൗണ്‍ സിഗ്‌നല്‍ ജംക്ഷന്‍ വരെ ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പെരിന്തല്‍മണ്ണ വലിയങ്ങാടിയിലെ മുണ്ടത്തുപാലം പൊളിച്ചു പണിയുന്നതിന്റെ ഭാഗമായാണ് ക്രമീകരണം.

പെരിന്തല്‍മണ്ണ ഭാഗത്തു നിന്നും നിലമ്പൂര്‍ ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ പെരിന്തല്‍മണ്ണ സിഗ്‌നല്‍ ജംക്ഷനില്‍ നിന്ന് പാലക്കാട്- കോഴിക്കോട് ബൈപാസ് റോഡിലൂടെ ചില്ലീസ് ജംക്ഷനില്‍ എത്തി യാത്ര തുടരണം. നിലമ്പൂര്‍ ഭാഗത്തു നിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങള്‍ ചില്ലീസ് ജംക്ഷനില്‍ നിന്നു തിരിഞ്ഞ് കോഴിക്കോട്- പാലക്കാട് ബൈപാസ് റോഡിലൂടെ പെരിന്തല്‍മണ്ണ സിഗ്‌നല്‍ ജംക്ഷനിലെത്തി യാത്ര തുടരണം. ചെറു വാഹനങ്ങള്‍ക്ക് മുണ്ടത്തു പാലത്തിന്റെ സമീപം പുതുതായി നിര്‍മിച്ച താല്‍ക്കാലിക റോഡിലൂടെ യാത്ര തുടരാവുന്നതാണ്. പാലത്തിന്റെ പുനര്‍ നിര്‍മാണം 60 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.

അതേസമയം, നേരത്തേ അടച്ചിട്ട ഘട്ടത്തില്‍ മുഴുവന്‍ പ്രവൃത്തിയും നടത്താന്‍ കെ.എസ്.ടി.പി നടപടിയെടുത്തില്ല. കുറഞ്ഞത് മൂന്നു മാസമാണ് പാലം പണി പൂര്‍ത്തിയാക്കി റോഡ് തുറക്കാനെടുക്കുക. പെരുന്നാള്‍ സീസണില്‍ വ്യാപാരസ്ഥാപനങ്ങളെ ഇത് ദോഷകരമായി ബാധിക്കും. പെരിന്തല്‍മണ്ണയിലേക്ക് വരുന്ന സ്വകാര്യ ബസുകളെയും ചെറുകിട വാഹനങ്ങളെയും ഇത് വലക്കും.

വാഹനങ്ങള്‍ ബൈപാസ് വഴിയോ പാലക്കാട് റോഡ് വഴിയോ കടന്നുപോകണം. മേലാറ്റൂര്‍ മുതല്‍ പുലാമന്തോള്‍ വരെ 30 കി.മീ ഭാഗം 18 മാസംകൊണ്ട് തീര്‍ക്കാനായിരുന്നു കരാര്‍. എന്നാല്‍, 30 മാസം പിന്നിടുമ്പോഴും 60 ശതമാനത്തില്‍ താഴെയേ പണി കഴിഞ്ഞിട്ടുള്ളൂ.

 

FOREIGN

ബുറൈദ കെഎംസിസി റഷീദ് കുടുംബ സഹായ ഫണ്ട് കൈമാറി

Published

on

ബുറൈദ: ഖുബൈബ് കേരളാ മർക്കറ്റിലെ ഗ്രോസറിയിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന കോഴിക്കോട് തലയാട് സ്വദേശി റഷീദിന്റെയും ഭാര്യയുടെയും ചികിത്സ സഹായത്തിനായി ബുറൈദ കെഎംസിസി മെംബെർമാരിൽ നിന്നും സ്വരൂപിച്ച തുക കെഎംസിസി ബുറൈദ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ബഷീർ വെള്ളില ബുറൈദ റഷീദ്‌ കുടുംബ സഹായകമ്മിറ്റി ചെയർമാൻ ശരീഫ് തലയാടിന് കൈമാറി.

ബുറൈദയിലെ മുൻ പ്രവാസി കൂടിയായ റഷീദിന്റെ കുടുംബത്തിനെ സഹായിക്കുന്നതിനുവേണ്ടി സുഹൃത്തികളും ബുറൈദയിലെ മുഖ്യധാരാ സംഘടനകളും ചേർന്ന് ബുറൈദ റഷീദ് കുടുംബ സഹായ കമ്മറ്റി രൂപീകരിച്ചു കൊണ്ട് കഴിഞ്ഞ രണ്ടുമാസത്തോളമായി ബുറൈദയിൽ പ്രവർത്തനം ആരംഭിക്കുകയും സുമനസ്സുകളും സഹായം കണ്ടെത്തുകയും ചെയ്യുന്നുണ്ട്.

റഫീഖ് ചെങ്ങളായി, ഫൈസൽ ആലത്തൂർ,കുട്ടി എടക്കര, ശരീഫ് മാങ്കടവ്, ലത്തീഫ് പള്ളിയാലിൽ, ഇക്ബാൽ പാറക്കാടൻ,അസീസ് മിനി ഹോട്ടൽ,നിഷാദ് പാലക്കാട്,സലീംമങ്കയം,ഫൈസൽ മല്ലാട്ടി,ഹുസൈൻ പട്ടാമ്പി, ഇസ്മായിൽ ചെറുകുളമ്പു, സലാം പുളിക്കൽ എന്നിവർ പങ്കെടുത്തു

Continue Reading

kerala

നിപ: ആനക്കയത്തും പാണ്ടിക്കാടും കടകളുടെ പ്രവൃത്തി സമയം രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെ

വ്യാപാര സ്ഥാപനങ്ങളുടെയും കടകളുടെയും പ്രവൃത്തി സമയം രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ആയി നിജപ്പെടുത്തിയ ഉത്തരവിൽ ഇളവ് വരുത്തിയിട്ടുണ്ട് .

Published

on

ജില്ലയില്‍ നിപ രോഗ വ്യാപനം തടയുന്നതിന്റെയും, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിപ്പെടുത്തുന്നതിന്റെയും ഭാഗമായി പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളില്‍ നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പുറമേ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ചില നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയും ജില്ലാ കളക്ടർ വി. ആർ വിനോദ് ഉത്തരവിട്ടു.

വ്യാപാര സ്ഥാപനങ്ങളുടെയും കടകളുടെയും പ്രവൃത്തി സമയം രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ആയി നിജപ്പെടുത്തിയ ഉത്തരവിൽ ഇളവ് വരുത്തിയിട്ടുണ്ട് . രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ പുതിയ ഉത്തരവുപ്രകാരം പ്രവർത്തിക്കാം. മറ്റു നിയന്ത്രണങ്ങൾ താഴെ പറയും പ്രകാരമാണ്

* പൊതുജനങ്ങള്‍ ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണം.

* ജില്ലയില്‍ പൊതു പരിപാടികളിലും സമ്മേളനങ്ങളിലും വിവാഹം, മറ്റ് ആഘോഷങ്ങള്‍ എന്നിവയിലും, ഒത്തുചേരലുകളിലും, കലാകായിക പരിപാടികളിലും, മേളകളിലും, ഉദ്ഘാടന പരിപാടികളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണം.. ഇപ്രകാരം സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും N95 മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പങ്കെടുക്കുന്ന ആളുകളുടെ മേല്‍ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സംഘാടകര്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയും ഇത് ആവശ്യപ്പെടുന്ന മുറയ്ക്ക് ലഭ്യമാക്കുകയും വേണം

* പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ പെന്‍ഷന്‍ മസ്റ്ററിങ് നടത്തുന്നതിന് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അക്ഷയ കേന്ദ്രങ്ങള്‍, കോമണ്‍ സര്‍വ്വീസ് കേന്ദ്രങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കേണ്ടതില്ല. നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിനനുസരിച്ച് പഞ്ചായത്തുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കും.

ഇവ ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ച വ്യാധി തടയല്‍ നിയമം, 2005 ലെ ദുരന്തനിവാരണ നിയമം, ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 223 എന്നിവ പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു.

Continue Reading

kerala

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്; കടലാക്രമണത്തിനും സാധ്യത

കാലാവസ്ഥ മോശമായതിനാൽ കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Published

on

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്‍റെ ഫലമായി കേരളത്തിലെ തീരപ്രദേശങ്ങളിൽ പ്രത്യാക ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചിട്ടുണ്ട്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് ന്യൂനമർദവും രൂപപ്പെട്ടു. കാലാവസ്ഥ മോശമായതിനാൽ കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകളും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ 15-07-2024 രാത്രി 11.30 മുതൽ 16-07-2024 ന് രാവിലെ 08.30 വരെ 3.3 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ തീരങ്ങളിൽ നാളെ രാത്രി 11.30 വരെ 2.6 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്തും പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കന്യാകുമാരി തീരത്ത്‌ 16-07-2024 ന് രാത്രി 11.30 വരെ 2.7 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.

ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Continue Reading

Trending