ഹൈദരാബാദ്: കുട്ടികളെ തട്ടിയെടുത്തതായി ആരോപിച്ച് ജനക്കൂട്ടം ഭിന്നലിംഗക്കാരെ മര്‍ദ്ദിച്ചു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്ക്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം രാത്രി 11.30ന് ഹൈദരാബാദിലെ മഹാബുബ് നഗറിലെ നസീബ് സണ്ണി ഗാര്‍ഡനിലാണ് സംഭവം. അഞ്ച് അംഗ ഭിന്നലിംഗക്കാര്‍ സണ്ണി ഗാര്‍ഡനിലെത്തി. ഈ സമയം നൂറോളം പേര്‍ സ്ഥലത്തുണ്ടായിരുന്നു. ഇവര്‍ കുട്ടികളെ തട്ടികൊണ്ടു പോകാന്‍ ശ്രമിക്കുകയാണെന്ന് നാട്ടുകാരില്‍ ഒരാള്‍ വിളിച്ചു പറഞ്ഞു. ഇതോടെ ആളുകള്‍ കൂട്ടം ചേര്‍ന്ന് ഇവരെ ആക്രമിക്കുകയായിരുന്നു. കല്ലെറിഞ്ഞ വീഴ്ത്തിയ ശേഷം കമ്പു കൊണ്ടും മര്‍ദ്ദിച്ചു.
സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. എന്നാല്‍, സംഘം പൊലീസിനെയും ആക്രമിച്ചു. കൂടുതല്‍ പൊലീസ് എത്തിയാണ് അന്തരീക്ഷം ശാന്തമാക്കിയത്. പൊലീസ് വാഹനം തല്ലിത്തകര്‍ത്തു. ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം, ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.