തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്ക് വിധേയനായ രോഗി വീട്ടില്‍ മടങ്ങിയെത്തിയത് പുഴുവരിച്ച നിലയില്‍. കഴുത്തിന് താഴേയ്ക്ക് തളര്‍ന്ന വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിനെ കഴിഞ്ഞ മാസമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.

ഓഗസ്റ്റ് 21 ന് പണി കഴിഞ്ഞ് മടങ്ങിവരും വഴി തെന്നി വീണ് അനില്‍കുമാറിന് പരുക്കേറ്റിരുന്നു. ആദ്യം പേരൂര്‍ക്കട ആശുപത്രിയിലെത്തിച്ച അനില്‍കുമാറിനെ 22 ന് പുലര്‍ച്ചെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തില്‍ തളര്‍ച്ച ബാധിച്ചിരുന്നു. ഈ മാസം ആറിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. ബന്ധുക്കള്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ സുഖമായിരിക്കുന്നുവെന്നായിരുന്നു മറുപടി.

26ന് അനില്‍കുമാറിന് കോവിഡ് നെഗറ്റീവായി. തുടര്‍ന്ന് വീട്ടില്‍ എത്തിച്ചപ്പോഴാണ് ശരീരമാസകലം പുഴുവരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ അനില്‍കുമാറിന്റെ ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.