വാഷിങ്ടണ്‍: ഇന്ത്യന്‍ വോട്ടര്‍മാരെ ലക്ഷ്യമിട്ട് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്ക് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വീണ്ടും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരസ്യവാചകം കടമെടുത്താണ് ട്രംപ് ഇന്ത്യന്‍ വോട്ടര്‍മാരുടെ പിന്തുണ തേടുന്നത്. അബ് കി ബാര്‍ മോദി സര്‍ക്കാര്‍ എന്ന വാചകം അനുകരിച്ച് അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍ (ഇത്തവണ ട്രംപ് സര്‍ക്കാര്‍) എന്ന പരസ്യവാചകവുമായി ട്രംപ് പുതിയ കാമ്പയിനിങ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെയാണ് മോദി ഇത്തരത്തില്‍ പരസ്യവാചകം ഉപയോഗിച്ചത്.

29 സെക്കന്റാണ് പരസ്യത്തിന്റെ ദൈര്‍ഘ്യം. അമേരിക്കയിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്ന ദൃശ്യങ്ങളും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ഒരു യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഇന്ത്യന്‍ വോട്ടര്‍മാരെ ലക്ഷ്യമിട്ട് പ്രചാരണം നടത്തുന്നത്.

ഹിലരിക്കെതിരായ മത്സരത്തില്‍ ഓരോ വോട്ടും വിലപ്പെട്ടതാണെന്ന ചിന്തയാണ് ഇത്തരത്തില്‍ ഇന്ത്യന്‍ വംശജരുടെ പിന്തുണ കൂടി ട്രംപ് ആവശ്യപ്പെടുന്നതെന്നാണ് വിവരം. രാജ്യത്തെ ഇന്ത്യന്‍ വംശജരെ ലക്ഷ്യമിട്ട് മുമ്പും ട്രംപ് സമാനരീതിയില്‍ നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യക്കാരുടെ മനം കവരുന്നതിന് മകല്‍ ഇവാന്‍കോയെ ദീപാവലി ആഘോഷത്തില്‍ പങ്കെടുപ്പിച്ചിരുന്നു.