തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവു നല്‍കി സംസ്ഥാന സര്‍ക്കാര്‍. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ട്യൂഷന്‍ സെന്ററുകള്‍, കംപ്യൂട്ടര്‍ സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍ എന്നിവയ്ക്കാണ് സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ പ്രവര്‍ത്തനാനുമതി നല്‍കിയത്.

വിദ്യാര്‍ഥികളുടെ എണ്ണം ഹാളിന്റെ ശേഷിയുടെ 50 ശതമാനമോ അല്ലെങ്കില്‍ പരമാവധി 100 വ്യക്തികളായോ പരിമിതപ്പെടുത്തണം എന്നാണ് ഉത്തരവില്‍ പറയുന്നത്. പൊതുമേഖലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടി ഇളവ് അനുവദിച്ചത്.

അതേസമയം, സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.