കരുനാഗപ്പള്ളി: പാവുമ്പാ ചത്തിയറ പുഞ്ചയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഒരാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു . പാവുമ്പാ വടക്ക് തേജസ്സ് (കൊച്ചുവീട്ടില്‍ ) ജോര്‍ജ്കുട്ടി മിനി ദമ്പതികളുടെ മകന്‍ സൗമ്യ നഴ്‌സറി സ്‌ക്കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥി അഡോന്‍ (5), പുത്തന്‍പുരയ്ക്കല്‍ ഷിബു, വിജി ദമ്പതികളുടെ മകന്‍ അമൃത യു.പി.എസിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി നിബു കെ.സൈമന്‍ (7) എന്നിവരാണ് ആണ് മരിച്ചത് . ഇവരുടെ അയല്‍വാസിയും കൂട്ടുകാരനുമായിരുന്ന അയ്യപ്പന്‍ (5) ആണ് രക്ഷപ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മൂവരും പുഞ്ചപ്പാടത്തെ വെള്ളക്കെട്ടിലേക്ക് ചാഞ്ഞ് കിടന്നിരുന്ന റബ്ബര്‍മരത്തില്‍ കയറിയിരുന്ന് കളിക്കുകയായിരുന്നു. ആദ്യം അയ്യപ്പനായിരുന്നു വെള്ളത്തില്‍ വീണത് . പിന്നീട് അഡോനും, നിബു കെ.സൈമനും വീഴുകയായിരുന്നു. അയ്യപ്പന്‍ രക്ഷപ്പെട്ട് കരയ്ക്ക് കയറി നോക്കുമ്പോള്‍ കൂട്ടുകാര്‍ വെള്ളക്കെട്ടിലേക്ക് താഴ്ന്ന് പോങ്ങുന്നതാണ് കണ്ടത്. ഇതു കണ്ട് പേടിച്ച് അയ്യപ്പന്‍ വീട്ടില്‍ വന്ന് കട്ടിലില്‍ കയറി കിടന്നു. അഡോണിന്റെ സഹോദരന്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ആരോണിനെ ട്യൂഷന്‍ സെന്ററില്‍ നിന്ന് പിതാവ് കൂട്ടികൊണ്ട് വന്നതിന് ശേഷം അഡോണിനെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് ദുരന്ത വിവരം അറിയുന്നത്.
ഓടിക്കൂടിയ നാട്ടുകാര്‍ പുഞ്ചയില്‍ നിന്നും രണ്ടു പേരെയും പുറത്തെടുത്ത് സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.