കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പശുവിനെ ചൊല്ലി അതിരുകടന്ന ആള്‍ക്കൂട്ട ആക്രമം യുവാക്കളുടെ കൊലപാതകത്തില്‍ കലാശിച്ചു. പശു മോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ ജനം തല്ലിക്കൊന്നതായി റിപ്പോര്‍ട്ട്. ബംഗാളിലെ ജല്‍പായ്ഗുരി
ജില്ലയിലെ ധുപ്ഗുരിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 3 നാണ് സംഭവം.

ആസാം സ്വദേശി ഹാഫിസുല്‍ ഷൈഖ്, പടല്‍ഹാവ സ്വദേശി അന്‍വര്‍ ഹുസൈന്‍ എന്നിവരാണ് മര്‍ദനത്തില്‍ മരിച്ചത്. കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്‌മോട്ടത്തിന് അയച്ചതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ജല്‍പായ്ഗുരി പൊലീസ് മേധാവി അറിയിച്ചു.

പുലര്‍ച്ചെ പിക്അപ് വാനില്‍ പശുക്കളുമായി പോകുന്നതിനിടെ ആള്‍ക്കൂട്ടം വാഹനം തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഏഴു പശുക്കളുമായുള്ള ഇവരുടെ വാഹനം നിര്‍ത്താതെ പോയി. തുടര്‍ന്ന് ആള്‍ക്കൂട്ടം പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു. മൂന്ന് പേരുണ്ടായിരുന്ന വാനില്‍ നിന്നും ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായും പൊലിസ് പറഞ്ഞു.

പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ആള്‍ക്കുട്ടം യുവാക്കള്‍ക്കെതിരെ ആക്രമം അഴിച്ചു വിട്ടത്. അതേസമയം യുവാക്കള്‍ പശുക്കളെ മോഷ്ടിച്ചു എന്നതില്‍ സ്ഥിരീകരണം ലഭിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി.