X

ടുജി കേസ്; 7 വര്‍ഷം തെളിവിനായി കാത്തിരുന്നെന്ന് ജഡ്ജി

ന്യൂഡല്‍ഹി: അന്വേഷണത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് ടുജി കേസില്‍ പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചത്. പ്രതികള്‍ക്കെതിരെ ഒരു ആധികാരിക തെളിവും ഹാജരാക്കാന്‍ പ്രോസിക്യൂഷനായില്ല. പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നതിനൊപ്പം അന്വേഷണ ഏജന്‍സിക്കെതിരെ കടുത്ത വിമര്‍ശനവും കോടതി ഉയര്‍ത്തി. പ്രോസിക്യൂഷന്‍ ദിശാബോധമില്ലാത്തവിധം അധ:പതിച്ചെന്നുവരെ കോടതി കുറ്റപ്പെടുത്തി. പ്രോസിക്യൂഷനുമെതിരെ കടുത്ത വിമര്‍ശനമാണ് 1552 പേജുള്ള വിധിന്യായത്തിലൂടെ കോടതി ഉയര്‍ത്തിയത്. പ്രവര്‍ത്തി ദിവസങ്ങളും അവധിക്കാലവും ഉള്‍പ്പെടെ ഏഴു വര്‍ഷം തെളിവിനായി കാത്തിരുന്നെന്നും എ രാജയോ മറ്റ് പ്രതികളോ ഏതെങ്കിലും തരത്തില്‍ കുറ്റം നടത്തിയതായി തെളിയിക്കുന്ന ഒരു തെളിവുകളും ഹാജരാക്കാന്‍ സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ലെന്നും ജഡ്ജി ഒ.പി സെയ്‌നി വ്യക്തമാക്കി. സാക്ഷികള്‍ നല്‍കിയ വാക്കാലുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രം തയ്യാറാക്കി കുറ്റപത്രത്തില്‍ വസ്തുതാപരമായുള്ള പിഴവുകളേറെയാണ്. ലൈസന്‍സ് ഫീ കുറയ്ക്കുന്നതിനോ അപേക്ഷ സ്വീകരിക്കേണ്ട തീയ്യതികളിലോ മറ്റും മാറ്റം വരുത്താനോ എ രാജ ഇടപെട്ടുവെന്നതിന് തെളിവുകളില്ല. ധനകാര്യമന്ത്രാലയവും ട്രായിയുമെല്ലാം എന്‍ട്രന്‍സ് ഫീ ഉയര്‍ത്തണമെന്നാവശ്യപ്പെട്ടുവെന്ന വാദത്തിനും അടിസ്ഥാനമില്ല. പ്രധാനമന്ത്രിയെ ആരാണ് തെറ്റിദ്ധരിപ്പിച്ചതെന്നതിനും കൃത്യമായ ഉത്തരം നല്‍കാനായിട്ടില്ല. കനിമൊഴിയും രാജയും തമ്മില്‍ ഗൂഢാലോചന നടത്തിയെന്നത് സാക്ഷിയായ ആശിര്‍വാദം ആചാരിയുടെ മൊഴിയെമാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. എന്നാല്‍ കേസിലെ പ്രധാനസാക്ഷിമൊഴിയെന്ന് അവകാശപ്പെടുന്ന ഇത് രേഖപ്പെടുത്തിയത് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് കുറച്ചുനാളുകള്‍ മുമ്പണെന്നത് ആശ്ചര്യമുളവാക്കുന്നു. വിചാരണയുടെ ആദ്യഘട്ടത്തില്‍ വലിയ ആത്മവിശ്വാസം കാണിച്ച പ്രോസിക്യൂഷന്‍ വിചാരണ പുരോഗമിക്കവെ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്ന് പോലും അറിയാതെ ദിശാബോധമില്ലാത്തവിധം അധപതിച്ചെന്നും കോടതി കുറ്റപ്പെടുത്തി. പ്രധാനകേസ് തന്നെ നിലനില്‍ക്കില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെതടക്കമുള്ള മറ്റ് കേസുകള്‍ കോടതി തള്ളിയത്.

chandrika: