ദുബൈ: വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് എട്ട് ലക്ഷം ദിര്‍ഹം (ഏകദേശം ഒന്നര കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ അബുദാബി കോടതി വിധിച്ചു. കൊല്ലം താട്ടമല സ്വദേശി അജിന്‍ സദാനന്ദനാണ് നഷ്ടപരിഹാരം ലഭിക്കുക. അജ്മാനിലെ ഒരു ബില്‍ഡിംഗ് കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ ഇലക്ട്രിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു അജിന്‍. 2014 ആഗസ്ത് 20ന് കമ്പനിയുടെ വാഹനത്തില്‍ അബുദാബിയില്‍ നിന്ന് ദുബൈയിലേക്ക് തിരിച്ചുവരുന്ന വഴിയില്‍ അല്‍ റഹ്ബ ഏരിയയില്‍ ആയിരുന്നു അപകടമുണ്ടായത്.

അപകടത്തില്‍ തലക്ക് സാരമായി പരിക്കേറ്റ അജിന്‍ സദാനന്ദനെ ആദ്യം അല്‍ റഹ്ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉടന്‍ തന്നെ അബുദാബി മഫ്‌റഖ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. രണ്ടു മാസത്തിലധികം മഫ്‌റഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒട്ടനവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനാവുകയും ചെയ്തു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കേരളത്തിലേക്ക് കൊണ്ടുപോയി.

കേരളത്തില്‍ ചികിത്സ നടന്നുവന്ന സമയത്താണ് നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്യാനുള്ള വക്കാലത്ത് ദുബൈയിലെ അല്‍കബ്ബാന്‍ അസോസിയേറ്റ്‌സിലെ സീനിയര്‍ ലീഗല്‍ കണ്‍സല്‍ട്ടന്റ് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളിക്ക് നല്‍കിയത്. ഒരു മില്യന്‍ ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഡ്വ. ഷംസുദ്ദീന്‍ അബുദാബി സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

അപകടത്തിന് കാരണക്കാരനായ ഡ്രൈവറെയും ആ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കമ്പനിയെയും എതിര്‍ കക്ഷികളാക്കി ഫയല്‍ ചെയ്ത കേസിലാണ് അബുദാബി കോടതി എട്ട് ലക്ഷം ദിര്‍ഹം അഞ്ച് ശതമാനം പലിശയടക്കം നല്‍കാന്‍ അല്‍ സഖര്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ വിധി കല്‍പിച്ചിരിക്കുന്നത്. എന്നാല്‍ ആവശ്യപ്പെട്ട ഒരു മില്യന്‍ ദിര്‍ഹമും അനുവദിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും അപ്പീല്‍ കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് അഡ്വ. ഷംസുദ്ദീന്‍ അറിയിച്ചു.