ദുബൈ: കോവിഡ് മഹാമാരിക്കു ശേഷം രാജ്യത്തേക്ക് നിലനിന്നിരുന്ന പ്രവേശന നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞ് യുഎഇ. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവു വരുത്താതെയാണ് ഫെഡറല്‍ അതോറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് നിയന്ത്രണങ്ങള്‍ നീക്കിയത്. എന്നാല്‍ തൊഴില്‍ വിസകള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ലോക് ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 17നായിരുന്നു ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ഒഴികെ എല്ലാ വിസകളും അധികൃതര്‍ നിര്‍ത്തലാക്കിയത്. എന്നാല്‍, സന്ദര്‍ശക വിസ അടുത്തിടെ പുനരാരംഭിച്ചിരുന്നു. രാജ്യത്തെ വിനോദ സഞ്ചാര മേഖലയില്‍ ഉണര്‍വ് പ്രതീക്ഷിച്ചാണ് വീണ്ടും വിസകള്‍ നല്‍കാന്‍ ആരംഭിച്ചത്. എന്നാല്‍ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതിനിടെ, തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ആയിരം കവിഞ്ഞു. 24 മണിക്കൂറിനിടെ 1002 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 942 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണത്തിന് കീഴടങ്ങി. 93,618 പേര്‍ക്കാണ് പരിശോധന നടത്തിയത്. മൂന്നാം തവണയാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കടക്കുത്. രാജ്യത്ത് ഇതുവരെ 88 ലക്ഷത്തിലേറെ പേര്‍ക്ക് രോഗ പരിശോധന നടത്തിതായി അധികൃതര്‍ അറിയിച്ചു.