അബുദാബി: ഇസ്രയേല്‍-യുഎഇ നയതന്ത്ര ബന്ധത്തിനു പിന്നാലെ യുഎഇയുടെ ആദ്യ രാജ്യാന്തര ഓഫീസ് ഇസ്രയേലില്‍ വരുന്നു. യുഎഇയുടെ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസാണ് ഇസ്രയേലില്‍ ഓഫീസ് ആരംഭിക്കുന്നത്. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലാണ് ഓഫീസ് തുടങ്ങുക. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ്് ഓഫീസ് രാജ്യത്തിനു പുറത്ത് നടത്തുന്ന ആദ്യത്തെ ഓഫീസായിരിക്കുമിത്.

യുഎഇയും ഇസ്രയേലും തമ്മിലുള്ള വാണിജ്യ-നിക്ഷേപ ബന്ധങ്ങള്‍ തുറക്കുന്നതിനായി ഓഫീസുകള്‍ ആരംഭിക്കുമെന്ന് യുഎഇ നേരത്തെ വ്യക്തമാക്കിയിരുന്നു.

യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലും കൂടുതല്‍ അന്താരാഷ്ട്ര ഓഫീസുകള്‍ തുറക്കാന്‍ പദ്ധതിയുണ്ട്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും കൂടുതല്‍ രാജ്യങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കുന്നതിനുമായി ഓഫീസ് പ്രയോജനപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് യുഎഇയും ഇസ്രയേലും വാഷിങ്ടണില്‍ വെച്ച് ചരിത്ര കരാറില്‍ ഒപ്പിട്ടത്. യുഎഇക്കു പുറമെ ബഹ്‌റൈനും ഇസ്രയേലുമായുള്ള നയതന്ത്ര കരാറില്‍ ഒപ്പിട്ടിരുന്നു. ബഹ്‌റൈന്റെ നിലപാടിനെ പിന്തുണച്ച് ഒമാനും രംഗത്തെത്തിയതോടെ കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി നയതന്ത്ര കരാറില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്.