തിരുവനന്തപുരം: മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റും എം.പിയുമായിരുന്ന അന്തരിച്ച ഇ.അഹമ്മദിന് യു.ഡി.എഫിന്റെ ആദരാഞ്ജലി. തലസ്ഥാനത്ത് യു.ഡി.എഫ് സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ കെ.സി ജോസഫാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുളള അനുശോചന പ്രമേയം അവതരിപ്പിച്ചത്. യോഗത്തില്‍ സംസാരിച്ച നേതാക്കളെല്ലാം അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
എ.കെ ആന്റണി, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അഹമ്മദിന്റെ സംഭാവനകള്‍ അനുസ്മരിക്കുകയും അദ്ദേഹത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിച്ച അനാദരവിനെ അതിനിശിതം വിമര്‍ശിക്കുകയും ചെയ്തു. ഇന്ത്യക്ക് കേരളം സംഭാവന ചെയ്ത മഹാനായ നേതാവിനെയാണ് അഹമ്മദിന്റെ നിര്യാണത്തോടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് കണ്‍വെന്‍ഷന്‍ അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.

അഞ്ച് പതിറ്റാണ്ടിലധികം കാലം നീണ്ടു നിന്ന പൊതുപ്രവര്‍ത്തന സപര്യയിലൂടെ ഇ.അഹമ്മദ് നാടിന് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്. ജനങ്ങളോടൊപ്പം നിന്ന് ജനങ്ങള്‍ വളര്‍ത്തിയ നേതാവായിരുന്നു അദ്ദേഹം. രാജ്യത്തെ ജനാധിപത്യ മതേതര ചേരിക്ക് എന്നും കരുത്തു പകര്‍ന്ന നേതൃസാന്നിധ്യവുമായിരുന്നു. പിന്നോക്ക മത-ന്യുനപക്ഷങ്ങളുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് പിന്നിലെചാലക ചൈതന്യമായിരുന്നു എന്നും ഇ അഹമ്മദ്. ആധുനിക കേരളത്തിന്റെ വളര്‍ച്ചക്ക് വലിയ പങ്കു വഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അന്താരാഷ്ട്ര വേദികളില്‍, ഐക്യ രാഷ്ട്രസഭയിലുള്‍പ്പെടെ ഇന്ത്യയുടെ മുഴങ്ങുന്ന ശബ്ദമായിരുന്നു അദ്ദേഹം. വിദേശ കാര്യമന്ത്രിയെന്ന നിലയില്‍ മറ്റു രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് ഗള്‍ഫ് മലയാളികള്‍ക്ക് എന്നും താങ്ങും തണലുമായിരുന്നു അദ്ദേഹമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.