തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും ഭരണവൈകല്യം കാരണം സംസ്ഥാനത്ത് ജീവിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് മുസ്‌ലിംലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ദുര്‍ഭരണത്തിന് എതിരെ യു.ഡി.എഫ് സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ജനത പട്ടിണി എന്താണെന്ന് അറിഞ്ഞു തുടങ്ങി. കേരളത്തിലേക്ക് തൊഴില്‍ തേടി വന്ന അന്യസംസ്ഥാനത്തൊഴിലാളികള്‍ ജോലിയില്ലാത്തതിനാല്‍ തിരികെ പോയിത്തുടങ്ങി. കയ്യില്‍ ആകെയുണ്ടായിരുന്ന പണം മോദി കൊണ്ടു പോയപ്പോള്‍ കിട്ടിയിരുന്ന അരി എല്‍.ഡി.എഫ് കൊണ്ടു പോയി. എന്‍.ഡി.എ-എല്‍.ഡി.എഫ് സര്‍ക്കാറുകള്‍ ഉണ്ടാക്കിവെച്ച ഏടാകൂടങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കേരള ജനതയെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ യു.പി.എ സര്‍ക്കാറിന്റെ ഭരണം തിരിച്ചു വന്നെങ്കില്‍ എന്ന് ജനം ആഗ്രഹിക്കുകയാണ്. നോട്ടു പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ഇന്ത്യയെ പിന്നോട്ടടിച്ചു. ട്രംപ് അമേരിക്കയേയും മോദി ഇന്ത്യയേയും എവിടെയെത്തിക്കുമെന്ന് വിദേശ മാധ്യമങ്ങള്‍ പോലും ഉറ്റുനോക്കുന്നു. ഫാസിസ്റ്റുകളുടെ വരവും പോക്കും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. മനോഹരമായ ശരീരഭാഷയും മികച്ച പ്രസംഗവുമായി ജര്‍മനിയില്‍ അധികാരത്തിലെത്തിയ ഹിറ്റ്‌ലര്‍ പിന്നീട് തന്റെ തനിസ്വരൂപം കാണിക്കുകയായിരുന്നു. രാജ്യം പിന്തുടരുന്ന പാരമ്പര്യവും മതേതരത്വവും തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് എതിരെയുള്ള പോരാട്ടത്തിനാണ് തലസ്ഥാനത്ത് തുടക്കം കുറിച്ചിരിക്കുന്നത്. എം.പിമാരെ ആദരിക്കുന്ന കീഴ്‌വഴക്കം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്തേ നിലവിലുള്ളതാണ്. ഇത് നഷ്ടപ്പെട്ടത് ഖേദകരമാണ്. ഫാസിസ്റ്റ് സമീപനമാണ് പ്രധാനമന്ത്രി സ്വീകരിക്കുന്നത്. പാര്‍ലമെന്റിനെ പോലും ആദരിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ഭരണം പിടിക്കുക അത്ര എളുപ്പമല്ലെന്ന് ബി.ജെ.പിക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് ഇതേ അവസ്ഥ തന്നെയാണ് ഉണ്ടാകുക. അതിന്റെ ഒരു പരീക്ഷണശാലയായി കേരളം മാറുന്ന പ്രക്ഷോഭത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. മനുഷ്യത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതീകമായിരുന്നു മുന്‍ യു.പി എ സര്‍ക്കാര്‍. വിവിധ ജനവിഭാഗങ്ങളെ ഒന്നിച്ചു കൊണ്ടു പോകുക എന്നത് എളുപ്പമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അത് കഴിയില്ലെന്ന് തെളിഞ്ഞു. മതവര്‍ഗീയ ശക്തികള്‍ക്ക് എതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നല്‍കുന്ന പോരാട്ടത്തില്‍ എല്ലാ ജനാധിപത്യശക്തികളും പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാനത്തിന്റെ വികസന ഗ്രാഫ് മുകളിലോട്ടായിരുന്നെങ്കില്‍ എല്‍.ഡി.എഫ് അധികാരമേറ്റെടുത്ത ശേഷം അത് താഴോട്ടായി. പദ്ധതികള്‍ക്ക് ഒന്നും ഭരണാനുമതി നല്‍കുന്നില്ല. എം.എല്‍.എ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസനിധിയില്‍ നിന്നും പണം ചെലവിടുന്നില്ല. മുന്നണിയിലെ പ്രശ്‌നങ്ങള്‍ കാരണം ഭരണം നടക്കുന്നില്ല. ഇപ്പോള്‍ ലോ കോളജ് പ്രശ്‌നത്തില്‍ തട്ടിയാണ് ഭരണം നിലച്ചിരിക്കുന്നത്. മലപ്പുറത്തെ സമരകാഹളമാണ് തലസ്ഥാനത്ത് തുടങ്ങിയിരിക്കുന്നതെന്നും യു.ഡി.എഫ് സടകുടഞ്ഞ് എഴുന്നേറ്റിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.