കണ്ണൂര്‍: സിപിഎം സ്ഥാനാര്‍ത്ഥികള്‍ ‘എതിരില്ലാതെ’ ജയിച്ചു കയറിയ ആന്തൂര്‍ നഗരസഭയില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയത് നാലായിരത്തിലധികം വോട്ടുകള്‍. ബൂത്ത് ഏജന്റുമാര്‍ ഇല്ലാതിരുന്ന ഘട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ ഇത്രയും വോട്ടുകള്‍ പിടിച്ചെടുത്തത്. ‘എതിരില്ലാതെ’ ജയിച്ച മലപ്പട്ടം പഞ്ചായത്തിലെ പല ബൂത്തിലും യുഡിഎഫ് ഇരുനൂറു വോട്ടു വരെ നേടിയിരുന്നു.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു വരുന്ന വേളയില്‍ സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പിന്മാറ്റുകയാണ് സിപിഎമ്മിന്റെ പതിവ്. ആന്തൂര്‍ നഗരസഭയില്‍ ഇത്തവണ എല്ലാ വാര്‍ഡിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ യുഡിഎഫ് തീരുമാനിച്ചിരുന്നു. സ്ഥാനാര്‍ത്ഥികളെയും കണ്ടെത്തിയിരുന്നു. എന്നാല്‍ വാര്‍ഡിലെ വോട്ടര്‍ തന്നെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്ന വ്യവസ്ഥയുള്ളതിനാല്‍ അവസാന നിമിഷം പിന്മാറുകയായിരുന്നു. സിപിഎം ഭീഷണിയെ തുടര്‍ന്നാണ് പല വാര്‍ഡുകളിലും വോട്ടര്‍മാര്‍ പിന്മാറിയത് എന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

28 വാര്‍ഡുകളുള്ള ആന്തൂരില്‍ കഴിഞ്ഞ തവണ 14 ഇടത്താണ് സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇത്തവണ മൊറാഴ, കാനൂല്‍, കോള്‍മൊട്ട, നണിച്ചേരി, ആന്തൂര്‍, ഒഴക്രോം വാര്‍ഡുകളിണ് സിപിഎം ഏകപക്ഷീയമായി ജയിച്ചത്. ബാക്കി 22 ഇടത്തും യുഡിഎഫിന് സ്ഥാനാര്‍ത്ഥികളുണ്ട്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞപ്പോള്‍ 19 വാര്‍ഡുകളിലാണ് സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. സിപിഎം ശക്തികേന്ദ്രമായ ആന്തൂരില്‍ ആറിടത്തും മലപ്പട്ടത്ത് അഞ്ചിടത്തും കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളിലും തളിപ്പറമ്പില്‍ ഒരു വാര്‍ഡിലുമാണ് സിപിഎം ജയിച്ചത്. കാസര്‍കോട് ജില്ലയിലെ മടിക്കൈയില്‍ മൂന്ന് വാര്‍ഡിലും കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ ഒരു വാര്‍ഡിലും സിപിഎമ്മിന് എതിരില്ല.