Connect with us

kerala

ഉമാ തോമസ് എംഎൽഎ ഇന്ന് ആശുപത്രി വിടും

അനുഭാവങ്ങൾ പങ്കുവെച്ച എല്ലാവർക്കും ഹൃദയപൂർവം നന്ദി… വിശദമായ കുറിപ്പ് പിന്നീട് പങ്കുവയ്ക്കുന്നതാണ്”, ഉമാ തോമസ് ഫേസ്ബുക്കിൽ കുറിച്ചു. 

Published

on

കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട തൃക്കാക്കര എംഎൽഎ ഉമാ തോമസ് ഇന്ന് ആശുപത്രി വിടും. ജഗദീശ്വരൻ്റെ കൃപയാൽ നീണ്ട 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം റിനെ മെഡിസിറ്റി ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങുകയാണെന്ന് ഉമാ തോമസ് ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

“എന്നെ ശുശ്രൂഷിച്ച ഡോക്ടർമാർ, നഴ്സുമാർ, സപ്പോർട്ട് സ്റ്റാഫ്, ഇതുവരെയും പ്രാർഥനയോടെയും, സ്നേഹത്തോടെയും കൂടെ നിന്ന സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ.., അനുഭാവങ്ങൾ പങ്കുവെച്ച എല്ലാവർക്കും ഹൃദയപൂർവം നന്ദി… വിശദമായ കുറിപ്പ് പിന്നീട് പങ്കുവയ്ക്കുന്നതാണ്”, ഉമാ തോമസ് ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസം വെർച്വലായി ഉമാ തോമസ് പൊതുപരിപാടിയിൽ പങ്കെടുത്തത് ഏറെ ശ്രദ്ധേയമായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രിയും ഗവർണറും അടക്കം പൊതുപ്രവർത്തന രംഗത്തുള്ള പ്രമുഖകർ ഉമാ തോമസിനെ കാണാൻ ആശുപത്രിയിലെത്തിയിരുന്നു.

ഡിസംബര്‍ 29ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി 12,000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഉമാ തോമസിന് അപകടം സംഭവിക്കുന്നത്. മൃദംഗനാദം മൃദംഗവിഷൻ്റെ നേതൃത്വത്തിലാണ് മെഗാ ഭരതനാട്യം സംഘടിപ്പിച്ചത്.

കലൂ‍ർ ജവഹ‍ർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വിഐപികള്‍ക്കായി ഒരുക്കിയിട്ടുള്ള സ്‌റ്റേജിലേക്ക് വരുന്നതിനിടെ, എംഎല്‍എ കാല്‍വഴുതി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമാ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിച്ചു. 11 അടിയോളം ഉയരത്തില്‍ നിന്നാണ് ഉമാ തോമസ് വീണത്.

അശാസ്ത്രീയമായ സ്റ്റേജ് നിർമാണമാണ് അപകടത്തിന് കാരണമെന്നാണ് അപകടത്തിന് പിന്നാലെ പുറത്തുവന്ന റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. സ്റ്റേജ് ഉറപ്പിച്ചിരുന്നത് സിമന്റ് കട്ടകളിലാണ്, സിമന്റ് കട്ട പൊടിഞ്ഞ സ്റ്റേജ് തകരാൻ സാധ്യതയുണ്ടായിരുന്നു, സ്റ്റേജിന് കുലുക്കം ഉണ്ടായിരുന്നുവെന്നും തുടങ്ങിയ ഗുരുതര കണ്ടെത്തലുകളും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

സ്റ്റേജിൽ നടന്നുപോകാൻ മതിയായ അകലം ഇല്ലാതെയാണ് ക്രമീകരണം നടത്തിയത്. പിഡബ്ല്യുഡി റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമായത്. സ്റ്റേജിൽ നിന്ന് താഴേക്ക് വീണാൽ മരണം സംഭവിക്കാമെന്ന് അറിവുണ്ടായിട്ടും പ്രതികൾ അത് അവഗണിച്ചുവെന്നും റിമാൻഡ് റിപ്പോ‍ർട്ടിൽ പറയുന്നു.

kerala

പാലക്കാട് തിരുവേഗപ്പുറയില്‍ മിന്നലേറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു; മൂന്ന് പേര്‍ക്ക് മിന്നലേറ്റു

പട്ടാമ്പി, ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്

Published

on

പാലക്കാട് കൊപ്പം തിരുവേഗപ്പുറയില്‍ മിന്നലേറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു. തിരുവേഗപ്പുറ സ്വദേശി പാറക്കല്‍ മൂസയുടെ ഉടമസ്ഥതിയുലുള്ള ബെഡ് കമ്പനിക്കാണ് തീപിടിച്ചത്. ഇന്നലെ വൈകീട്ട് എട്ടരയോടെയായിരുന്നു സംഭവം. പട്ടാമ്പി, ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്.

അതേസമയം, കൊപ്പത്ത് മൂന്ന് പേര്‍ക്ക് മിന്നലേറ്റു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ എറയൂര്‍ ശ്രീ തിരുവളയനാട് ക്ഷേത്രത്തിലെ പൂരത്തിനിടെയാണ് സംഭവം. പരുക്കേറ്റവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഉത്സവത്തിനെത്തിയ വലിയ ജനക്കൂട്ടം ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. ഇവര്‍ക്കിടയില്‍ നിന്ന മൂന്ന് പേര്‍ക്കാണ് മിന്നലേറ്റ് പരുക്കേറ്റത്. ഈ സമയത്ത് മഴയും പെയ്തിരുന്നതായാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. പരുക്കേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്.

Continue Reading

kerala

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു

Published

on

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. പുതുവല്‍ ലക്ഷംവീട്ടില്‍ അഖില്‍ പി. ശ്രീനിവാസ് (30) ആണ് മിന്നലേറ്റ് മരിച്ചത്. ആലപ്പുഴ കൊടുപ്പുന്നയില്‍ കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് മൂന്നരയോടെയാണ് സംഭവം.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരണിനും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. ഫീല്‍ഡ് ചെയ്യുന്നതിനിടെ കോള്‍ വന്നപ്പോള്‍ ഫോണെടുത്ത് സംസാരിക്കവേയാണ് ശക്തമായ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെല്‍ഡിങ്ങ് ജോലിക്കാരാനായിരുന്നു അഖില്‍.

Continue Reading

kerala

തിരുവനന്തപുരത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്

Published

on

തിരുവനന്തപുരം നെടുമങ്ങാട് പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്.

തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

Trending