മോസ്‌കോ: ലോകമെമ്പാടുമുള്ള മുഴുവന്‍ ഐക്യരാഷ്ട്രസഭ ജീവനക്കാര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് റഷ്യ അറിയിച്ചു. തങ്ങളുടെ കോവിഡ് വാക്‌സിനായ ‘സ്പുട്‌നിക് ഫൈവ്’ യുഎന്നിലേയും അതിന്റെ ഓഫിസുകളിലേയും ജീവനക്കാര്‍ക്ക് സൗജന്യമായി നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമീര്‍ പുടിനാണ് അറിയിച്ചത്. ചൊവ്വാഴ്ച യുഎന്‍ പൊതുസഭയുടെ 75ാമത് സെഷനിലാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കൊറോണ വൈറസിനെതിരായ വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ സഹകരിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ക്കായി രാജ്യം ഉടന്‍തന്നെ ഒരു വെര്‍ച്വല്‍ കോണ്‍ഫറന്‍സ് നടത്തും. ലോകത്തെ ആദ്യ കൊറോണ വാക്‌സിനായ സ്ഫുട്‌നിക് ‘സുരക്ഷിതവും വിശ്വസനീയവും ഫലപ്രദവുമാണ്’ എന്നും പുടിന്‍ പറഞ്ഞു.

അതേസമയം, സ്പുട്‌നിക് ഫൈവിന്റെ പരീക്ഷണം ഉടന്‍തന്നെ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് കഴിഞ്ഞ ദിവസം അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി രണ്ടായിരത്തോളം ആളുകളില്‍ റഷ്യയുടെ വാക്‌സീന്റെ പരീക്ഷണം നടത്തുമെന്നും ഇത് രോഗ നിര്‍മാര്‍ജ്ജന രംഗത്ത് കമ്പനിയുടെ വന്‍ കുതിച്ചു ചാട്ടമായിരിക്കുമെന്നും റെഡ്ഡീസ് ലാബ് സിഇഒ ദീപക് സപ്‌റ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സ്പുട്‌നികിന്റെ 10 കോടി ഡോസ് ഇന്ത്യയില്‍ റെഡ്ഡീസ് ലബോറട്ടറീസിന് നല്‍കാന്‍ നേരത്തെ തന്നെ റഷ്യ തീരുമാനിച്ചിരുന്നു. ഇന്ത്യന്‍ റെഗുലേറ്ററില്‍ നിന്ന് ആവശ്യമായ അംഗീകാരം നേടിയശേഷം ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ആദ്യഘട്ടത്തിനു തുടക്കം കുറിക്കും.

റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും (ആര്‍ഡിഐഎഫ്) ഡോ. റെഡ്ഡീസും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണം.