ലക്‌നൗ: പന്ത് ആണെന്നു കരുതി ബോംബ് എടുത്തെറിഞ്ഞ പന്ത്രണ്ടുകാരന് പരിക്ക്. ഉത്തര്‍പ്രദേശില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. സച്ചിന്‍ എന്ന പന്ത്രണ്ടു വയസ്സുകാരന്‍ ട്യൂഷന്‍ ക്ലാസില്‍ നിന്നു മടങ്ങുംവഴിയാണ് ചപ്പുചവറുകള്‍ക്കിടയില്‍ പന്തുപോലുള്ള വസ്തു കണ്ടത്. പന്ത് ആണെന്നു കരുതി സച്ചിന്‍ അത് എടുക്കുകയും ചെയ്തു. ചപ്പുചവറുകള്‍ക്കിടയില്‍നിന്ന് എടുത്തതിന് കൂട്ടുകാര്‍ കളിയാക്കിയപ്പോള്‍ സച്ചിന്‍ അത് എറിഞ്ഞുകളയുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. എറിഞ്ഞപ്പോള്‍ ‘പന്ത്’ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയില്‍ സച്ചിന് പരിക്കേറ്റു.

ചപ്പുചവറുകള്‍ക്കിടയില്‍ കിടന്നത് മണ്ണെണ്ണ ബോംബ് ആണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.