റായ്ബറേലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ നിശിത വിമര്‍ശവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും രംഗത്ത്. യുപിയിലെ റായ്ബറേലിയി ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. മോദി പറയുന്നത് അദ്ദേഹത്തെ യു.പി ദത്തെടുത്തിരിക്കുന്നുവെന്നാണ്. യു.പിക്ക് വികസനം നടത്താന്‍ പുറമെ നിന്നും ഒരാളെ ആവശ്യമുണ്ടോയെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ചോദ്യം.

ഉത്തര്‍ പ്രദേശിനായി തെരഞ്ഞെടുക്കുന്ന നേതാവ് യു.പിയില്‍ നിന്നുള്ള ആളു തന്നെയാവണമെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്തിനു വേണ്ടി പ്രവര്‍ക്കുന്ന നേതാവിനെയാണോ അതോ വാഗ്ദാനങ്ങള്‍ പാലിക്കാത്ത നേതാവിനെയാണോ ജനങ്ങള്‍ക്കാവശ്യമെന്നും പ്രിയങ്ക ചോദിച്ചു. യു.പിയിലെ യുവത്വത്തിന് ആവശ്യമായ നേതാവിനെ തെരഞ്ഞെടുക്കാനുള്ള ശേഷിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മൂന്നു കാര്യങ്ങളാണ് ഞങ്ങള്‍ക്കു വേണ്ടതെന്നു പറഞ്ഞു കൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം. കര്‍ഷകരുടെ കടം എഴുതിത്തള്ളണം, വൈദ്യുതി ബില്‍ പകുതിയായി കുറയ്ക്കണം, കര്‍ഷകന്റെ ഉല്‍പന്നങ്ങള്‍ക്കു ശരിയായ വില ഉറപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. യുപിയില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം. മോദീ, താങ്കളാണ് ഇന്ത്യയുടെ പ്രധാനമന്ത്രി. മനസുവച്ചാല്‍ കേവലം 15 മിനിറ്റുകൊണ്ട് താങ്കള്‍ക്കു കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാം’ രാഹുല്‍ പറഞ്ഞു.

കേന്ദ്രത്തില്‍ എല്ലാ തീരുമാനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റയ്ക്കാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം ആരോപിച്ചു. അദ്വാനിയുടെയും സുഷമ സ്വരാജിന്റെയും അരുണ്‍ ജയ്റ്റ്‌ലിയുടെയും ജോലികള്‍ മോദിയാണ് ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നത് മോദി ശീലമാക്കി മാറ്റിയിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്ന കാലത്ത് കര്‍ഷകരുടെ വായ്പയിനത്തില്‍ 70,000 കോടി രൂപയോളം എഴുതിത്തള്ളിയിട്ടുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ബിഹാര്‍ തെരഞ്ഞെടുപ്പ് കാലത്ത് മോദി ഉറപ്പുനല്‍കിയ സ്‌പെഷല്‍ പാക്കേജ് എവിടെപ്പോയെന്നും രാഹുല്‍ ചോദിച്ചു. ലോക്‌സഭാ മണ്ഡലമായ വാരാണസിയിലെ ജനങ്ങള്‍ക്കു സൗജന്യ ഇന്റര്‍നെറ്റ് മോദി വാഗ്ദാനം ചെയ്തിരുന്നു. മാത്രമല്ല, നഗരം എത്രയും പെട്ടെന്ന് സമ്പൂര്‍ണമായി ശുചീകരിക്കുമെന്നും ഉറപ്പുനല്‍കിയിരുന്നു. ഇതുവരെ ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. ബന്ധങ്ങള്‍ സൃഷ്ടിക്കേണ്ടത് ഇത്തരത്തിലല്ലെന്നും രാഹുല്‍ മോദിയെ ഓര്‍മപ്പെടുത്തി. മോദിയുടെ വാഗ്ദാനങ്ങള്‍ പരിശോധിച്ച് അതിലേതൊക്കെ നടപ്പാക്കിയെന്ന് പരിശോധിക്കാന്‍ അദ്ദേഹം മാധ്യമങ്ങളോടും ആവശ്യപ്പെട്ടു. മോദിക്ക് കര്‍ഷകരുടെ വേദനകളിലും ബുദ്ധിമുട്ടുകളിലും താല്‍പര്യമില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

കേവലം പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നുമില്ലെന്നും രാഹുല്‍ പറഞ്ഞു. മോദി എപ്പോഴും ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ എന്നാണു പറയുന്നത്. പക്ഷേ, എവിടെ നോക്കിയാലും ‘മെയ്ഡ് ഇന്‍ ചൈന’ എന്നാണു കാണുന്നത്. വിജയ് മല്യയേപ്പോലുള്ളവര്‍ക്ക് മാത്രം വായ്പ ലഭ്യമാക്കാനാണ് പ്രധാനമന്ത്രിക്കു താല്‍പര്യം. റായ്ബറേലിയിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ട ഫുഡ് പാര്‍ക്ക് മോദി സര്‍ക്കാര്‍ തട്ടിയെടുത്തു.

യുപിയില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യം അധികാരത്തില്‍ വരികയാണെങ്കില്‍ അത് യുവാക്കളുടെ സര്‍ക്കാറായിരിക്കുമെന്നും രാഹുല്‍ പറഞ്ഞു. മോദിയുടെ അച്ഛാ ദിന്‍ ആദ്യത്തെ രണ്ടര വര്‍ഷം ഷാറൂഖ് സിനിമയായ ദില്‍വാലെ ദുല്‍ഹാനിയയായിരുന്നു, എന്നാല്‍ ഇപ്പോള്‍ മോദിക്കുള്ളില്‍ നിന്നും ഷോലെ സിനിമയിലെ ഗബ്ബാര്‍ സിങിനെയാണ് ഫലത്തില്‍ ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.